
ഇടുക്കി: ഇടുക്കിയിലെ കൂട്ടാറിൽ വെൽഡിംഗ് ജോലിക്കിടെ മകൻ മരിച്ചതിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് അമ്മ രംഗത്തെത്തി. ഏപ്രിൽ പത്താം തിയതി അയൽവാസിയുടെ വീട്ടിൽ വെൽഡിംഗ് ചെയ്യുന്നതിനിടെയാണ് കൂട്ടാർ സ്വദേശി അനൂപിന് ഷോക്കേറ്റത്. അയൽവാസിയായ ഗോപി എന്നയാളുടെ വീട്ടിന്‍റെ പട്ടിക്കൂട് നിർമ്മിക്കുന്നതിനിടെയായിരുന്നു അപകടം. നിർമ്മാണം ഏതാണ്ട് അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് ഷോക്കേറ്റത്. വീട്ടുകാരും സുഹൃത്തുക്കളും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജില്ല കളക്ടർക്കും പൊലീസ് മേധാവിക്കും അനൂപിന്‍റെ അമ്മ ശോഭന പരാതി നൽകി.
ആറുമാസം മുമ്പാണ് അനൂപിന്‍റെ അച്ഛൻ മരിച്ചത്. ഓഗസ്റ്റിൽ വിദേശത്തേക്ക് പോകാനിരിക്കെയാണ് അപകടമുണ്ടായത്. ഇതോടെ ശോഭനയുടെ ഏക ആശ്രയമാണ് ഇല്ലാതായത്. സംഭവത്തിൽ കമ്പംമെട്ട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. രണ്ടു വെൽഡിംഗ് യന്ത്രങ്ങളും ഉപയോഗിച്ചിരുന്ന വയറും കസ്റ്റഡിയിൽ എടുത്തു. വയറിൽ പലയിടത്തും ഇൻസുലേഷൻ ഇല്ലായിരുന്നു. ഇതാണ് ഷോക്കേൽക്കാൻ കാരണമെന്നാണ് കണ്ടെത്തൽ. യന്ത്രങ്ങൾക്ക് കുഴപ്പമില്ലെന്നാണ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. കെഎസ്ഇബിയിൽ നിന്നും അനുമതി വാങ്ങാതെ വീട്ടിൽ വെൽഡിംഗ് യന്ത്രം ഉപയോഗിച്ചതിന് ഗോപിക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam