
തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയ ലക്ഷങ്ങളുടെ പിഴ കുടിശിക എഴുതിത്തള്ളാന് നീക്കം. സംസ്ഥാനത്തെ എഐ ക്യാമറകള്‍ കണ്ടെത്തിയ കുറ്റങ്ങള്‍ക്ക് ചുമത്തിയ പിഴയാണ് പിന്‍വാതിലിലൂടെ റദ്ദാക്കാന് ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് ഗതാഗത കമ്മിഷണർ സി. എച്ച് നാഗരാജു നിയമോപദേശം തേടി.
18 ആർടി ഓഫീസുകളിലെയും 86 ജോയിന്റ് ആർടി ഓഫീസുകളിലെയും ഉദ്യോഗസ്ഥരാണ് നിയമം ലംഘിച്ച് വാഹനം ഓടിച്ച് എ ഐ ക്യാമറ കണ്ണുകളില്‍ കുടുങ്ങിയത്. നിസ്സാര നിയമലംഘനത്തിന് സാധാരണക്കാര്‍ക്ക് വൻതുക പിഴ ചുമത്തുന്ന അതേ ഉദ്യോഗസ്ഥർ തന്നെ നിയമം ലംഘിക്കുന്നു. കോടതിയുടെ അനുമതിയോടെ കേസുകള്‍ പിൻവലിക്കാൻ കഴിയൂ. അതിന് പൊതുതാൽപര്യം ഉണ്ടാകണം. പിൻവലിക്കാൻ പറ്റിയ കേസ് ആണെന്ന് പ്രോസിക്യൂട്ടർമാർ കോടതിയെ ബോധ്യപ്പെടുത്തണം. നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ സർക്കാർ സുപ്രീംകോടതി വരെ പോയിട്ടും നടന്നിരുന്നില്ല. പൊതു താൽപര്യമില്ലെന്ന് പറഞ്ഞാണ് സുപ്രീംകോടതി അന്ന് ഹര്‍ജി തള്ളിയത്. അതുകൊണ്ട് തന്നെ സ്വന്തം ഉദ്യോഗസ്ഥരുടെ കേസ് ഒതുക്കാനുള്ള ഗതാഗത കമ്മിഷണറുടെ നീക്കവും തിരിച്ചടി നേരിടാനാണ് സാധ്യത.
ലൈസൻസ് ഇല്ലാതെ വാഹനമോടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ, അമിതഭാരം കയറ്റൽ, ഗതാഗത നിയമ ലംഘനങ്ങൾ തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങൾക്ക് പിഴയോ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. ഇത്തരം കേസുകളില്‍ പ്രോസിക്യൂഷൻ പിൻവലിക്കാൻ കഴിയുമോ എന്നാണ് ഗതാഗത കമ്മീഷണര്‍ നിയമോപദേശം തേടുന്നത്. നിയമോപദേശം ലഭിച്ച ശേഷം ഗതാഗത മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും സാന്നിധ്യത്തിൽ ചേരുന്ന ഉന്നതതല യോഗം ഇക്കാര്യത്തിൽ തീരുമാനം എടുക്കും.