കേരളത്തിൽ നിന്നുള്ള എംപിമാർ വികസനത്തിന് തടസം നിൽക്കരുത്: കെ.സുരേന്ദ്രൻ

By Web TeamFirst Published Jul 26, 2022, 6:04 PM IST
Highlights

 സ്വന്തം മണ്ഡലങ്ങളുടെ വികസന കാര്യത്തിൽ ശ്രദ്ധിക്കാതെ ലോക്സഭയിൽ അഴിഞ്ഞാടുകയാണ് കോൺഗ്രസ് എംപിമാർ. സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് കോൺഗ്രസും സിപിഎമ്മും ശ്രമിക്കുന്നത്.

തിരുവനന്തപുരം: ലോക്‌സഭയ്ക്കു പിന്നാലെ രാജ്യസഭയിലും അതിരുകടന്ന ബഹളവും പ്രതിഷേധവും നടത്തുന്ന പ്രതിപക്ഷ എംപിമാർ രാജ്യത്തിന്‍റെ  വികസനത്തിന് തടസം നിൽക്കരുതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സഭ തടസപ്പെടുത്താൻ നേതൃത്വം കൊടുക്കുന്നത് കേരളത്തിൽ നിന്നുള്ള എംപിമാരാണെന്നും അദ്ദേഹം ഇത് അവരുടെ മണ്ഡലത്തിലെ വോട്ടർമാർക്ക് നാണക്കേടാണെന്നും അദ്ദേഹം  പറഞ്ഞു. സ്വന്തം മണ്ഡലങ്ങളുടെ വികസന കാര്യത്തിൽ ശ്രദ്ധിക്കാതെ ലോക്സഭയിൽ അഴിഞ്ഞാടുകയാണ് കോൺഗ്രസ് എംപിമാർ. ഇടതുപക്ഷ എംപിമാരാവട്ടെ ഇവരെ മാതൃകയാക്കി രാജ്യസഭയിൽ അനാവശ്യമായി പ്രശ്നങ്ങളുണ്ടാക്കുകയാണ്.
അവർ ഉന്നയിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറാണെന്നും സഭ പ്രവർത്തിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും സ്പീക്കർ ഓംബിർള പറഞ്ഞെങ്കിലും കേൾക്കാൻ പ്രതിപക്ഷ അംഗങ്ങൾ കൂട്ടാക്കിയില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

പ്ലക്കാർഡ് ഉയർത്തലും നടുത്തളത്തിൽ ബഹളവും പാർലമെന്റിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന സ്ഥിതി വന്നപ്പോൾ ഇവർക്കെതിരെ അച്ചടക്ക നടപടിയെടുത്തത് മാതൃകാപരമായ കാര്യമാണ്. രാജ്യത്തിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ചർച്ചകൾ നടക്കേണ്ട പാർലമെന്റിനെ സങ്കുചിത രാഷ്ട്രീയ പ്രചരണത്തിനുള്ള വേദിയാക്കുന്ന പ്രതിപക്ഷ എംപിമാർക്കെതിരെ ജനങ്ങൾ തെരുവിൽ പ്രതിഷേധിക്കും. സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് കോൺഗ്രസും സിപിഎമ്മും ശ്രമിക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

പാർലമെന്‍റിന്‍റെ  ഉദ്ദേശമെന്ത്? സസ്പെൻഷൻ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ: പ്രതികരിച്ച് പ്രതിപക്ഷ നേതാക്കൾ

പാർലമെന്റിൽ പ്രതിഷേധിച്ചതിന് പ്രതിപക്ഷ അംഗങ്ങളെ സസ്പെന്റ് ചെയ്തതോടെ പാർലമെന്റിന്റെ ഉദ്ദേശ ലക്ഷ്യം ചോദ്യം ചെയ്യപ്പെട്ട് ഡിഎംകെ നേതാവ് തിരുചി ശിവ. ഇന്ന് രാജ്യസഭയിൽ പ്രതിഷേധിച്ചതിന് അഞ്ച് പ്രതിപക്ഷ പാർട്ടികളിലെ 19 പേരെയാണ് സസ്പെന്റ് ചെയ്തത്. ഡി എം കെ, ടി ആർ സി, തൃണമൂൽ കോൺഗ്രസ്, സി പി ഐ, സി പി എം പാർട്ടികളുടെ എംപിമാരെയാണ് സസ്‌പെൻഡ് ചെയ്തത്. രാജ്യസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് 19 പേരെ സസ്‌പെൻഡ് ചെയ്യുന്നത്.

പ്രതിഷേധം അറിയിക്കാൻ ഉള്ള വേദി കൂടിയാണ് പാർലമെന്റ് എന്ന് സിപിഎം അംഗം എളമരം കരീം പറഞ്ഞു. വിലക്കയറ്റം , തൊഴിലില്ലായ്മ, സംസ്ഥാനങ്ങളോടുള്ള അവഗണന തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയണം എന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ ചർച്ചയിൽ നിന്ന് ഒളിച്ചോടാൻ ആണ് സർക്കാരിന്റെ ശ്രമം. നാളെയും ഈ സമരം തുടരും. കേന്ദ്ര സർക്കാരിന്റെ ധിക്കാരത്തിന് മുന്നിൽ വഴങ്ങി കൊടുക്കില്ലെന്നും എളമരം കരീം പറഞ്ഞു.

ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയാതെ പാർലമെന്റ മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം വ്യക്തമാക്കി. പാർലമെന്റിനെ മോദിയുടെ ഭക്തജന കേന്ദ്രമാക്കി മാറ്റാൻ അനുവദിക്കില്ല. നാളെയും മറ്റന്നാളും സസ്പെൻഷൻ പിൻവലിക്കാൻ ആവശ്യപ്പെടും. ജനാധിപത്യപരമായി ചർച്ച ആവശ്യപ്പെടുകയാണ് ചെയ്തത് എന്ന് സസ്പെന്റ് ചെയ്യപ്പെട്ട സിപിഎം അംഗം വി ശിവദാസൻ വ്യക്തമാക്കി. എന്നാൽ അത് അടിച്ചമർത്താൻ ഉള്ള ശ്രമത്തിന്റെ ഭാഗമാണ് സസ്പെൻഷനെന്നും അദ്ദേഹം പ്രതികരിച്ചു.

രാഷ്ട്രീയമായ വിജയമാണ് കാണുന്നതെന്ന് സസ്പെൻഷനിലായ സിപിഐ നേതാവ് പി സന്തോഷ് കുമാർ പറഞ്ഞു. ന്യായമായ കാര്യങ്ങൾ ആണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ന്യായമായ ഒരു വിഷയം ചർച്ച ചെയാനുള്ള അവകാശം പോലും പാർലമെന്റ് അംഗങ്ങൾക്ക് ഇല്ലാതായെന്ന് സസ്പെൻഷനിലായ മറ്റൊരു സിപിഎം അംഗം എഎ റഹീം കുറ്റപ്പെടുത്തി. രാജ്യസഭാ സ്പീക്കർ തന്നെ പക്ഷപാതപരമായി പെരുമാറുകയാണ്. നേരത്തെ തയ്യാറാക്കിയ തിരക്കഥ പ്രകാരമാണ് തങ്ങളെ സസ്പെന്റ് ചെയ്തതെന്നും എഎ റഹീം പറഞ്ഞു.
 

click me!