പത്തനംതിട്ട സീറ്റില്‍ മാറ്റമുണ്ടോയെന്ന് അറിയില്ലെന്ന് എംടി രമേശ്

By Web TeamFirst Published Mar 22, 2019, 12:17 PM IST
Highlights

പ്രഖ്യാപനം വൈകുന്നത് മറ്റെന്തെങ്കിലും കാരണം കൊണ്ടാവാം. പത്തനംതിട്ടയിലേക്ക് ഒരൊറ്റ പേര് മാത്രമാണ് സംസ്ഥാന ഘടകം മുന്നോട്ട് വച്ചത്


കോഴിക്കോട്: പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ ഉടനെ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി എംടി രമേശ്. ബിജെപി സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട ലിസ്റ്റ് ഇന്നു വരുമ്പോള്‍ അതില്‍ പത്തനംതിട്ടയും ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും രമേശ് പറഞ്ഞു. 

പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയെ ഇന്നലെ പ്രഖ്യാപിക്കേണ്ടതായിരുന്നു, എന്നാല്‍ അതുണ്ടായില്ല.  കേന്ദ്ര നേതൃത്വത്തിന് മുൻപിൽ എന്തെങ്കിലും തടസങ്ങൾ ഉണ്ടോയെന്നറിയില്ല. സ്ഥാനാർത്ഥി പട്ടികയിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുമോയെന്നത് സംബന്ധിച്ച് സംസ്ഥാന ഘടകത്തിന് അറിവൊന്നുമില്ലെന്നും രമേശ് പറഞ്ഞു.

സ്ഥാനാർത്ഥി നിർണ്ണയത്തിൽ ആർ എസ് എസ് ഇടപെട്ടിട്ടില്ലെന്ന് പറഞ്ഞ എംടി രമേശ് പത്തനംതിട്ട സീറ്റിലേക്ക് ഒരൊറ്റ പേര് മാത്രമാണ് സംസ്ഥാന ഘടകം നിര്‍ദേശിച്ചതെന്നും എംടി രമേശ് വ്യക്തമാകുന്നു. സംസ്ഥാന ഘടകം തയ്യാറാക്കിയ പട്ടിക ദേശീയ അധ്യക്ഷന്‍റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് സമിതി പരിശോധിച്ചാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത്.  

കേന്ദ്രനേതൃത്വം എല്ലാ ഘടകങ്ങളും പരിഗണിച്ചാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുക. കേരളത്തില്‍ മാത്രമല്ല മറ്റു പല സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. പ്രഖ്യാപനം വൈകുന്നത് മറ്റെന്തെങ്കിലും കാരണം കൊണ്ടാവാം. പത്തനംതിട്ടയിലേക്ക് ഒരൊറ്റ പേര് മാത്രമാണ് സംസ്ഥാന ഘടകം മുന്നോട്ട് വച്ചത്..രമേശ് പറഞ്ഞു. 

click me!