ലീഗുകാരനായി തുടരാനാണ് താൽപര്യം; നയം വ്യക്തമാക്കി മുക്കം നഗരസഭയിലെ വിമതൻ

By Web TeamFirst Published Dec 19, 2020, 3:20 PM IST
Highlights

ആർക്കും ഭൂരിപക്ഷമില്ലാത്ത 33 അംഗ നഗരസഭയിൽ അബ്ദുൽ മജീദ്  എങ്ങോട്ട് ചായുന്നുവോ അതിനനുസരിച്ചായിരിക്കും മുക്കം നഗരസഭയുടെ അടുത്ത അഞ്ചു വർഷത്തെ ഭരണം. 

കോഴിക്കോട്: ലീഗുകാരൻ ആയി തുടരാനാണ് താൽപര്യമെന്നും ലീഗ് തിരിച്ചെടുക്കുമെന്ന് പ്രതിക്ഷിക്കുന്നതായും മുക്കം നഗരസഭയില്‍ ലീഗ് വിമതനായി വിജയിച്ച മുഹമ്മദ് അബ്ദുൽ മജീദ്. അതെസമയം നഗരസഭയില്‍ ആർക്ക് പിന്തുണ നല‍്കണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സത്യപ്രതിജ്ഞക്കുശേഷം തീരുമാനമെടുക്കുമെന്ന് അബ്ദുല്‍ മജീദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു

യുഡിഎഫ് വെൽഫെയർ പാർട്ടി കൂട്ടുകെട്ട് കൊണ്ട് ശ്രദ്ധേയമായ നഗരസഭയാണ് മുക്കം. ആർക്കും ഭൂരിപക്ഷമില്ലാത്ത 33 അംഗ നഗരസഭയിൽ ഇടതു വലതു മുന്നണികൾക്ക് 15 സീറ്റുകൾ വീതവും ബിജെപിക്ക് രണ്ടു സീറ്റുമാണ് ഉള്ളത്. അബ്ദുൽ മജീദ്  എങ്ങോട്ട് ചായുന്നുവോ അതിനനുസരിച്ചായിരിക്കും മുക്കം നഗരസഭയുടെ അടുത്ത അഞ്ചു വർഷത്തെ ഭരണം. 

പിന്തുണക്കായി  ഇടതു വലതു മുന്നണികൾ  മജീദുമായി ചർച്ച നടത്തുമ്പോഴും ലീഗിൽ തിരിച്ചെത്താനുള്ള മോഹമാണ് ഇദ്ദേഹം പങ്കുവയ്ക്കുന്നത്. പാർട്ടിയിൽ തിരിച്ചെത്താനുള്ള ചർച്ചകൾ സംസ്ഥാന നേതാക്കളുമായി നടക്കുന്നുണ്ടെങ്കിലും നഗരസഭയിൽ ആരെ പിന്തുണയ്ക്കണമെന്ന് കാര്യത്തിൽ മജീദ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞയ്ക്ക് ശേഷം തീരുമാനമെടുക്കും. 

മുക്കത്തെ വ്യാപാരികളുമായും നഗരസഭയിലെ വിവിധ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നവരുമായും ചര്‍ച്ച നടത്തിയ ശേഷമായിരിക്കും തീരുമാനമെന്നാണ് മജീദ് പറയുന്നത്. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് ഏതു മുന്നണി രേഖാമൂലം ഉറപ്പു തരുന്നുവോ അവർക്ക് പിന്തുണ നൽകുമെന്ന് മജീദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

മജീദടക്കം നാലുപേരാണ് ലീഗ് വിമതരായി മുക്കത്ത് മല്‍സരിച്ചത്. ഈ നാലുപേരെയും ലീഗില്‍ തിരിച്ചെടുക്കണമെന്ന് നേതൃത്വത്തോട് അവശ്യപെട്ടിട്ടുണ്ട്. ഇതില്‍ ലീഗ് സംസ്ഥാന നേതൃത്വമെടുക്കുന്ന നിലപാടാകും മുക്കത്ത് ആരു ഭരിക്കണമെന്നതില്‍ നിര്‍ണ്ണായകമാവുക. 

click me!