കരുണാകരനെ തിരിച്ചെത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയത് മോശം പ്രതികരണം: മുല്ലപ്പള്ളി

By Web TeamFirst Published Sep 17, 2019, 8:37 AM IST
Highlights

ലീഡറെ കോണ്‍ഗ്രസിലേക്ക് തിരികെയെത്തിക്കാന്‍ ആന്‍റണിയുടെ നിര്‍ദ്ദേശ പ്രകാരം മുന്‍കൈയെടുത്തപ്പോള്‍ കരുണാകരന്‍റെ ഉപ്പും ചോറും തിന്ന പലരും തന്നെ സംശയത്തോടെ നോക്കി

കോഴിക്കോട്: കെ കരുണാകരനെ കോണ്‍ഗ്രസിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ പാര്‍ട്ടിയിലെ പലരില്‍ നിന്നും നല്ല പ്രതികരണമല്ല തനിക്ക് കിട്ടിയതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍.

ലീഡറെ തിരികെയെത്തിക്കാന്‍ മുന്‍കൈയെടുത്തത് എ.കെ ആന്‍റണിയും താനുമാണെന്നും മുല്ലപ്പളളി പറഞ്ഞു. കോഴിക്കോട്ട് കെ.കരുണാകരന്‍ ജന്മശതാബ്ദി പുരസ്കാരം ആന്‍റണയില്‍ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു മുല്ലപ്പളളി രാമചന്ദ്രന്‍. 

കെ കരുണാകരന്‍റെ പഴയ തട്ടകമായ കോഴിക്കോട്ട് നടന്ന പുരസ്കാരദാന ചടങ്ങിലായിരുന്നു ലീഡറുടെ കോണ്‍ഗ്രസിലേക്കുളള മടക്കം സംബന്ധിച്ച മുല്ലപ്പളളിയുടെ വെളിപ്പെടുത്തല്‍. പാര്‍ട്ടി പതാക പുതച്ച് മരിക്കണമെന്ന് ആഗ്രഹിച്ച ലീഡറെ കോണ്‍ഗ്രസിലേക്ക് തിരികെയെത്തിക്കാന്‍ ആന്‍റണിയുടെ നിര്‍ദ്ദേശ പ്രകാരം മുന്‍കൈയെടുത്തപ്പോള്‍ കരുണാകരന്‍റെ ഉപ്പും ചോറും തിന്ന പലരും തന്നെ സംശയത്തോടെ നോക്കി. താന്‍ ഒരിക്കലും ലീഡറെ പിന്നില്‍ നിന്ന് കുത്തിയിട്ടില്ലെന്നും മുല്ലപ്പളളി പറഞ്ഞു. 

പരസ്പരം പോരടിച്ചപ്പോഴും പാര്‍ട്ടിക്ക് ഒരു പ്രതിസന്ധി വരുമ്പോള്‍ താനും കരുണാകരനും ഒറ്റക്കെട്ടായിരുന്നുവെന്ന് ചടങ്ങില്‍ സംസാരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്‍റണി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു. കെ കരുണാകരന്‍റെ പേരിലുളള ട്രസ്റ്റിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് കെപിസിസി പ്രസിഡന്‍റ് മാര്‍ഗ്ഗനിര്‍ദ്ദേശം കൊണ്ടുവരണമെന്നും ചെറുപുഴയിലെ കരാറുകാരന്‍ ജോസഫിന്‍റെ മരണത്തെക്കുറിച്ച് സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ചടങ്ങില്‍ അധ്യക്ഷനായ കെ.മുരളീധരന്‍ എംപി ആവശ്യപ്പെട്ടു. 

click me!