Latest Videos

'ഇത് ബിജെപി-സിപിഎം അന്തര്‍ധാരയുടെ ഭാഗം'; വിമര്‍ശനവുമായി മുല്ലപ്പള്ളി

By Web TeamFirst Published Mar 29, 2021, 2:03 PM IST
Highlights

വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ഇത്തരം മൊഴിനല്‍കിയതിന് ആരുടെയൊക്കെയോ ശക്തമായ പിന്തുണയുണ്ട്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മില്‍ നേര്‍ക്കുനേര്‍ എന്ന് വരുത്തി തീര്‍ക്കാനുള്ള സിപിഎമ്മിന്‍റെയും ബിജെപിയുടെയും രാഷ്ട്രീയ തന്ത്രമാണിതെന്നും മുല്ലപ്പള്ളി

തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികള്‍ക്കെതിരെയുള്ള ക്രൈംബ്രാഞ്ച് കേസും ജുഡീഷ്യല്‍ അന്വേഷണവും ബിജെപി വോട്ടുകച്ചവട ആരോപണത്തിനും പിന്നില്‍ സ്വര്‍ണ്ണക്കടത്ത് വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ പങ്ക് ചര്‍ച്ചയാകാതിരിക്കാനുള്ള സിപിഎം ശ്രമമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രധാന വിഷയങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാന്‍ മുഖ്യമന്ത്രി ഓരോ അടവുതന്ത്രം പയറ്റുകയാണ്. മുഖ്യമന്ത്രിക്കെതിരെ മൊഴിനല്‍കാന്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് മേല്‍ ഇഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥ വെളിപ്പെടുത്തിയത്.

ഇതിന്‍റെ പേരിലാണ് മുഖ്യമന്ത്രി കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ തിരിഞ്ഞത്. എന്നാല്‍ ഈ ദിവസങ്ങളില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിലാണ് ഈ ചോദ്യം ചെയ്യല്‍ നടന്നതെന്ന് കോടതി രേഖകളില്‍ വ്യക്തമാണ്. വനിതാപൊലീസ് ഉദ്യോഗസ്ഥരായ സിജി വിജയനും റെജിമോളും മുഖ്യമന്ത്രിക്ക് സഹായകരമായ മൊഴി നല്‍കിയതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്.

സിപിഎമ്മിന്‍റെയും ബിജെപിയുടേയും രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു മൊഴി അവര്‍ നല്‍കിയത്. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ഇത്തരം മൊഴിനല്‍കിയതിന് ആരുടെയൊക്കെയോ ശക്തമായ പിന്തുണയുണ്ട്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മില്‍ നേര്‍ക്കുനേര്‍ എന്ന് വരുത്തി തീര്‍ക്കാനുള്ള സിപിഎമ്മിന്‍റെയും ബിജെപിയുടെയും രാഷ്ട്രീയ തന്ത്രമാണിത്. ബിജെപി-സിപിഎം അന്തര്‍ധാരയുടെ ഭാഗമാണ് ഈ അസാധാരണ സംഭവങ്ങളെന്നും മുല്ലപ്പള്ളി പറഞ്ഞു.

click me!