സഹമന്ത്രി സ്വയംപരിഹാസ്യനാകുന്നു, പ്രധാനമന്ത്രിയെ തിരുത്താനാണ് ആദ്യം ശ്രമിക്കേണ്ടത്: മുരളീധരനെതിരെ മുല്ലപ്പള്ളി

Web Desk   | Asianet News
Published : Apr 27, 2021, 02:49 PM IST
സഹമന്ത്രി സ്വയംപരിഹാസ്യനാകുന്നു, പ്രധാനമന്ത്രിയെ തിരുത്താനാണ് ആദ്യം ശ്രമിക്കേണ്ടത്: മുരളീധരനെതിരെ മുല്ലപ്പള്ളി

Synopsis

വാക്‌സീന്‍ നയത്തിലൂടെ ഉയര്‍ന്ന വില നിശ്ചയിക്കാന്‍ മരുന്നുനിര്‍മ്മാണ കമ്പനികള്‍ക്ക് അനുമതി നല്‍കിയ പ്രധാനമന്ത്രിയെ തിരുത്താനാണ് കേരളത്തില്‍ നിന്നുള്ള ബിജെപി സഹമന്ത്രി ആദ്യം ശ്രമിക്കേണ്ടത്. കേരളത്തിലെ ജനങ്ങളോട് എന്തെങ്കിലും ആത്മാര്‍ത്ഥയുണ്ടെങ്കില്‍ കേന്ദ്ര സഹായം സംസ്ഥാനത്തിന് നല്‍കാന്‍ നടപടി സ്വീകരിക്കണം

തിരുവനന്തപുരം: ആവശ്യമായ കൊവിഡ് വാക്സീൻ ലഭ്യത കേരളത്തിന് ഉറപ്പാക്കാതെ തുടരെ വിമര്‍ശനങ്ങള്‍ മാത്രം ഉന്നയിക്കുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി  വി മുരളീധരൻ സ്വയം പരിഹാസ്യനാവുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. 
കേരളത്തിലെ പല വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും ആവശ്യത്തിന് വാക്‌സീന്‍ ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. കേരളത്തിന് ആവശ്യമായ വാക്‌സീന്‍ അടിയന്തരമായി ലഭ്യമാക്കണം. വാക്‌സീന്‍ നയത്തിലൂടെ ഉയര്‍ന്ന വില നിശ്ചയിക്കാന്‍ മരുന്നുനിര്‍മ്മാണ കമ്പനികള്‍ക്ക് അനുമതി നല്‍കിയ പ്രധാനമന്ത്രിയെ തിരുത്താനാണ് കേരളത്തില്‍ നിന്നുള്ള ബിജെപി സഹമന്ത്രി ആദ്യം ശ്രമിക്കേണ്ടത്. കേരളത്തിലെ ജനങ്ങളോട് എന്തെങ്കിലും ആത്മാര്‍ത്ഥയുണ്ടെങ്കില്‍ കേന്ദ്ര സഹായം സംസ്ഥാനത്തിന് നല്‍കാന്‍ നടപടി സ്വീകരിക്കണം. ആ കടമ കൃത്യമായി നിര്‍വഹിച്ച ശേഷം സഹമന്ത്രി വിമര്‍ശനം ഉന്നയിച്ചാല്‍ അന്തസ്സുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ഇംഗിതത്തിന് അനുസരിച്ചാണ് കേന്ദ്ര ഭരണകൂടം മുന്നോട്ട് പോകുന്നത്. വാക്‌സീന്‍ കമ്പനികള്‍ക്ക് കൊള്ളലാഭം കൊയ്യാന്‍ അവസരം നല്‍കിയിട്ട് കൈയ്യും കെട്ടിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ യശസ്സ് തകര്‍ത്ത ഭരണാധികാരിയാണ് നരേന്ദ്ര മോദി. കൊവിഡ് മഹാമാരിയെ നേരിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഐക്യമാണ് വേണ്ടത്. ഒരു യുദ്ധമുഖത്താണ് നാമെല്ലാവരും. ജനങ്ങളുടെ ജീവനാണ് പ്രധാന്യം നല്‍കേണ്ടത്.അല്ലാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പരസ്പരം വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ചക്കളത്തി പോരാട്ടം നടത്തുകയല്ല വേണ്ടത്.

സിറം ഇന്‍സ്റ്റിറ്യൂട്ട്  സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോസിന് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപ നിരക്കിലും വാക്സീൻ നല്‍കുമെന്നും ഭാരത് ബയോടെക് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോസിന് 600 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് ഡോസിന് 1200 രൂപ നിരക്കിലും വാക്‌സീന്‍ വിതരണം ചെയ്യുമെന്നാണ് അറിയിച്ചത്. ആരോഗ്യ അടിയന്തരാവസ്ഥ നിലനില്‍ക്കുമ്പോള്‍ നിയമപരമായി കേന്ദ്ര സര്‍ക്കാരിന് മരുന്നു നിര്‍മ്മാണ കമ്പനികളെ നിയന്ത്രിക്കാവുന്നതാണ്. അതിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല.പകരം മരുന്നു നിര്‍മ്മാണ കമ്പനികള്‍ക്ക് മുന്നില്‍ നിസ്സഹായരായി ഓഛാനിച്ച് നില്‍ക്കുകയാണ്.കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ ചെയ്യാതെ സംസ്ഥാനങ്ങളുടെ മേല്‍ കുതിര കേറുന്ന സഹമന്ത്രിയുടെ നടപടി അംഗീകരിക്കാനാവില്ല.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരള സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത കാട്ടണം. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡം പാലിച്ച് ആവശ്യമായ ക്രമീകരണം ഉറപ്പാക്കണം. വാക്‌സീന്‍ വിതരണത്തിലെ ആശയക്കുഴപ്പം എത്രയും വേഗം പരിഹരിക്കണം.സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ ചെലവും ആര്‍ടിപിസിആര്‍ നിരക്കും അമിതമായി ഈടാക്കില്ലെന്നത് ഉറപ്പാക്കേണ്ടത് കേരള സര്‍ക്കാരിന്റെ കടമയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒരു പോസ്റ്റൽ ബാലറ്റിൽ ആര്‍ക്കും വോട്ടില്ല, ബിജെപി എൽഡിഎഫിനോട് തോറ്റത് ഒരു വോട്ടിന്, പൂമംഗലം പഞ്ചായത്തിൽ സൂപ്പര്‍ ക്ലൈമാക്സ്
കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും പരിക്ക്