Mullaperiyar| വിവാദ മരംമുറി; റദ്ദാക്കല്‍ ഉത്തരവിറക്കി സർക്കാർ, ഉദ്യോഗസ്ഥനെ സസ്പെന്‍റ് ചെയ്ത ഉത്തരവുമിറക്കി

By Web TeamFirst Published Nov 11, 2021, 3:51 PM IST
Highlights

വനംവകുപ്പ് സെക്രട്ടറിയാണ് റദ്ദാക്കൽ ഉത്തരവിറക്കിയത്. മന്ത്രിസഭ അറിയാതെയാണ് ഉത്തരവെന്ന് സർക്കാർ വ്യക്തമാക്കി.

കൊച്ചി: മുല്ലപ്പെരിയാറിലെ (Mullaperiyar) ബേബി ഡാം ബലപ്പെടുത്താൻ 15 മരങ്ങൾ മുറിക്കാൻ കേരളം അനുമതി നൽകിയ ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിറക്കി സർക്കാർ. വനംവകുപ്പ് സെക്രട്ടറിയാണ് റദ്ദാക്കൽ ഉത്തരവിറക്കിയത്. മന്ത്രിസഭ അറിയാതെയാണ് ഉത്തരവെന്ന് സർക്കാർ വ്യക്തമാക്കി. വിവാദ ഉത്തരവിറക്കിയ ഉദ്യോഗസ്ഥന്‍ ബെന്നിച്ചൻ തോമസിനെ സസ്പെന്റ് ചെയ്ത് കൊണ്ടുള്ള ഉത്തരവുമിറക്കി. ചീഫ് വൈൽഡ് ലൈഫ് വാർഡനായ ബെന്നിച്ചൻ തോമസ് ഔദ്യോഗിക കൃത്യനിർവഹണം ലംഘിച്ചുവെന്നാണ് ഉത്തരവില്‍ പറയുന്നത്.

ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. അജണ്ടക്ക് പുറത്തുളള ഇനമായാണ് മുഖ്യമന്ത്രി മരം മുറി കൊണ്ടുവന്നത്. അജണ്ട ചർച്ചക്കെടുത്തപ്പോൾ ഉത്തരവ് റദ്ദാക്കാനുള്ള തീരുമാനവും അറിയിക്കുകയായിരുന്നു. മുല്ലപ്പെരിയാർ കേസിൽ സുപ്രീം കോടതിയിൽ തമിഴ്നാട് ഈ ഉത്തരവ് ആയുധമാക്കിയേക്കുമെന്നും അതിനാൽ ഉത്തരവ് റദ്ദാക്കാണമെന്നുമുള്ള നിയമോപദേശമാണ് വിഷയത്തിൽ കേരളത്തിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.

ബേബി ഡാം ബലപ്പെടുന്നതിന് വേണ്ടി 15 മരങ്ങൾ മുറിക്കാനായിരുന്നു തമിഴ്നാടിന് കേരളം അനുമതി നൽകിയത്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ മരംമുറിക്കുന്നതിനുള്ള സർക്കാർ ഉത്തരവിന് നന്ദിയറിച്ച് കത്തയച്ചതോടെയാണ് കേരളത്തിന്റെ നിർണായക ഉത്തരവിനെ കുറിച്ച് പുറത്തറിഞ്ഞത്. പുതിയ ഡാം വേണമെന്ന ആവശ്യം കേരളം സുപ്രീം കോടതിയിൽ ആവർത്തിച്ച് ഉന്നയിക്കുന്നതിനിടെയാണ് ബേബി ഡാം ബലപ്പെടുത്തുന്നതിനുള്ള മരംമുറിക്ക് കേരളം അനുമതി നൽകിയത്. ഇത് വിവാദമായതോടെ ഉത്തവിട്ടത് ഉദ്യോഗസ്ഥരാണെന്നും മന്ത്രിതലത്തിലോ മുഖ്യമന്ത്രിയോ ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നുമായിരുന്നുമുള്ള ന്യായീകരണവുമായി മന്ത്രിമാർ രംഗത്തെത്തി. 

പ്രതിപക്ഷ കക്ഷികളടക്കം പ്രതിഷേധിച്ചതോടെ വിവാദ ഉത്തരവ് മരവിപ്പിച്ചു. തമിഴ്നാട് കേരളാ സംയുക്ത പരിശോധന നടന്നുവെന്നും അതിന് ശേഷമാണ് മരംമുറിക്കാനുള്ള ഉത്തരവിട്ടതെന്നുമുള്ള നിർണായക വിവരങ്ങൾ പിന്നീട് പുറത്ത് വന്നു. നിയമസഭയിലടക്കം വിഷയം ആളിക്കത്തിയതോടെയാണ് മന്ത്രിസഭായോഗം ചേർന്ന് ഉത്തരവ് റദ്ദാക്കാൻ തീരുമാനിച്ചത്. 

click me!