
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ (mullaperiyar dam) സ്പിൽവേ ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി റവന്യൂ - ജല വകുപ്പ് മന്ത്രിമാർ. തമിഴ്നാട് ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടക്കുന്നുണ്ടെന്നും സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും റവന്യു മന്ത്രി കെ രാജൻ അറിയിച്ചു. മഴ പെയ്തേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതനുസരിച്ചുള്ള ക്രമീകരണങ്ങളാണ് നടത്തിയിട്ടുള്ളത്. ആശങ്ക വേണ്ട എന്നാൽ അതീവ ജാഗ്രത വേണമെന്നും റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
ഇന്ന് രാവിലെ 7.30 ഓടെയാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേകൾ തുറന്നത്. 3,4 സ്പിൽവേ ഷട്ടറുകൾ ആണ് 30 സെന്റി മീറ്റർ വീതം ഉയർത്തിയത്. 534 ഘനഅടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. ഡാമിലെ വെള്ളം ആദ്യമെത്തുക വള്ളക്കടവിലാണ്. പെരിയാറിന്റെ ജലനിരപ്പിൽ വലിയ മാറ്റം ഇതുവരെയില്ല. ജല നിരപ്പ് ഉയരുമെന്നതിനാൽ പ്രദേശത്ത് നിന്നും ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. റവന്യു- ജല വകുപ്പ് മന്ത്രിമാർ സ്ഥലത്ത് ക്യാംപ് ചെയ്താണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
മുല്ലപ്പെരിയാറിൽ നിന്നുളള വെള്ളമെത്തിയാൽ ഇടുക്കി ഡാമിൽ 0.25 അടി മാത്രമേ ജലനിരപ്പ് ഉയരൂ. പക്ഷേ നിലവിലെ റൂൾ കർവ് 2398.31 ആയതിനാൽ ഇടുക്കി ഡാമും തുറന്നേക്കും. ഇടുക്കി ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ ജലത്തിനൊപ്പം മഴ കൂടി ശക്തമായാൽ നാളെ വൈകിട്ട് മുതൽ ഇടുക്കിയിൽ നിന്ന് സെക്കണ്ടിൽ ഒരു ലക്ഷം ലീറ്റർ വെള്ളം തുറന്നുവിടാനുള്ള സജ്ജീകരണം ഏർപ്പെടുത്തിയതായി കെ എസ് ഇ ബിയും അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam