
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135.90 അടിക്ക് മുകളിൽ തുടരുകയാണ്. ജലനിരപ്പ് 136 അടിയോടടുത്ത സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ മേൽനോട്ട സമിതി നിയോഗിച്ച ഉപസമിതി ഇന്ന് അണക്കെട്ടിൽ പരിശോധന നടത്തും. കേന്ദ്ര ജലക്കമ്മീഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഗുൽഷൻ കുമാർ അധ്യക്ഷനായ സമിതിയിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും രണ്ട് അംഗങ്ങൾ വീതമുണ്ട്. അണക്കെട്ടിലെ ജലനിരപ്പ്, ഷട്ടറുകളുടെ പ്രവർത്തന ക്ഷമത, സ്വീപ്പേജ് ജലത്തിന്‍റെ അളവ് എന്നിവ സംഘം പരിശോധിക്കും. പരിശോധന സംബന്ധിച്ച വിവരങ്ങൾ സമിതി അംഗങ്ങൾ മേൽനോട്ട സമിതിക്ക് സമർപ്പിക്കും.
ജലനിരപ്പ് ഉയർന്നതോടെ മഞ്ചുമല വില്ലേജ് ഓഫീസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. റൂൾ കർവ് അനുസരിച്ച് ജൂലൈ 19 വരെ 136.30 അടിയാണ് പരമാവധി സംഭരിക്കാവുന്ന ജലനിരപ്പ്. ജലനിരപ്പ് അപ്പർ റൂൾ ലെവലിലെത്തിയാൽ സ്പിൽ വേ ഷട്ടർ തുറന്നേക്കും. പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ജനങ്ങള്‍ ആശങ്കപ്പെടേണ്ടെന്നും മുന്‍കരുതലുകള്‍ എല്ലാം എടുത്തിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് പറഞ്ഞു.
സംസ്ഥാനനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
സംസ്ഥാനനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴലഭിക്കും. മൺസൂൺ പാത്തി വടക്കോട്ട് സഞ്ചരിക്കുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച ശക്തമായ മഴ, ഇനിയുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. കേരള തീരത്ത് മൽസ്യബന്ധനത്തിൽ പ്രത്യേക നിയന്ത്രങ്ങളില്ല.
അതേസമയം, സംസ്ഥാനത്ത് 22 ാം തിയതി വരെ മഴ സാധ്യത തുടരുമെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമർദ്ദം ദുർബലമായി ന്യുന മർദ്ദമായി തീർന്നതും വടക്കു കിഴക്കൻ വിദർഭക്കും സമീപ പ്രദേശത്തിനും മുകളിൽ മറ്റൊരു ന്യുന മർദ്ദം നിലനിൽക്കുന്നതും മൺസൂൺ പാത്തി (Monsoon Trough) അതിന്‍റെ സാധാരണ സ്ഥാനത്തു നിന്ന് വടക്കോട്ട് മാറിയിരിക്കുന്നിന്‍റെയും ഫലമായി 22 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
Also Read: കേരളത്തിൽ 'മൺസൂൺ ബ്രേക്ക്'? ഇന്ന് 3 ജില്ലയിൽ മാത്രം യെല്ലോ അലർട്ട്, വടക്ക് മഴ കനത്തേക്കും