അവസര സേവകര്‍ എന്നും ബാധ്യതയാണ്; ശശി തരൂരിനെതിരെ തുറന്നടിച്ച് മുല്ലപ്പള്ളി

By Web TeamFirst Published Aug 27, 2019, 12:21 PM IST
Highlights

അവസര സേവകന്മാരെ സ്വീകരിച്ച പാർട്ടിയാണ് കോൺഗ്രസ്. അത് പലപ്പോഴും പാർട്ടിക്ക് ബാധ്യത ആയിട്ടുമുണ്ട്. എപി അബ്ദുള്ളക്കുട്ടി ഉദാഹരണമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ.

കണ്ണൂര്‍: മോദി സ്തുതിയുടെ പേരിൽ ശശി തരൂരിനെതിരെ കടുത്ത നിലപാട് ആവര്‍ത്തിച്ച് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. എന്ത് സാഹചര്യത്തിലാണ് തരൂര്‍ അത്തരമൊരു പ്രസ്താവന നടത്തിയതെന്ന് അറിയില്ല. പാര്‍ട്ടി നേതാക്കൾക്കും പ്രവര്‍ത്തകര്‍ക്കും ഇടയിൽ കടുത്ത അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്. തരൂരിനെ ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. 

അവസര സേവകന്മാരെ സ്വീകരിച്ച പാർട്ടിയാണ് കോൺഗ്രസ്. അത് പലപ്പോഴും പാർട്ടിക്ക് ബാധ്യത ആയിട്ടുമുണ്ട്. ഇനി അത്തരമൊരു ബാധ്യത ഏറ്റെടുക്കാൻ തയ്യാറല്ല.  എപി അബ്ദുള്ളക്കുട്ടി ഉദാഹരണമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂരിൽ പറഞ്ഞു. 

മാനസാന്തരം എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാൻ ശശി തരൂര്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. ഒരാഴ്ചക്കിടെയാണ് മനം മാറ്റമുണ്ടായത്. നിരവധി നേതാക്കളാണ് പരാതിയുമായി നേതൃത്വത്തെ സമീപിച്ചിട്ടുള്ളത്. ശശി തരൂരിനെ പോലെ അച്ചടക്കം ലംഘിക്കാൻ തയ്യാറല്ലാത്തത് കൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു,

മോദിയെ ദുഷ്ടനെന്ന് ചിത്രീകരിക്കുന്നത് നല്ലതല്ല. മോദി ചെയ്ത നല്ല കാര്യങ്ങളെ പ്രശംസിക്കണം. അല്ലെങ്കില്‍ വിമര്‍ശനത്തിന് വിശ്വാസ്യതയുണ്ടാകില്ലെന്നുമുള്ള തരൂരിന്‍റെ പ്രസ്താവനയാണ് കോണ്‍ഗ്രസില്‍ വിവാദമായത്. കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ രംഗത്തെത്തിയതോടെ തന്നോളം മോദിയെ വിമര്‍ശിച്ച മറ്റാരും ഉണ്ടാകില്ലെന്നും പ്രസ്താവന തിരുത്തേണ്ട ഒരു കാര്യവും ഇല്ലെന്ന് തരൂരും നിലപാട് വ്യക്തമാക്കി. തരൂരിനെതിരെ നടപടി ആവശ്യം ശക്തമായതോടെയാണ് വിശദീകരണം ചോദിക്കാൻ കെപിസിസി തീരുമാനിച്ചത്. 

 

click me!