'സുഖിമാൻ', ഒരുദിവസമെങ്കിലും പാർട്ടിക്ക് വേണ്ടി വിയർപ്പൊഴുക്കിയിട്ടുണ്ടോ? തോമസ് ചെയ്തത് കൊടും ചതി: മുല്ലപ്പള്ളി

Published : Apr 09, 2022, 11:22 PM IST
'സുഖിമാൻ', ഒരുദിവസമെങ്കിലും പാർട്ടിക്ക് വേണ്ടി വിയർപ്പൊഴുക്കിയിട്ടുണ്ടോ? തോമസ് ചെയ്തത് കൊടും ചതി: മുല്ലപ്പള്ളി

Synopsis

സെമിനാർ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആരും തോമസിന്റെ മൂക്കു മുറിക്കില്ല, തോമസിന് ഒരു ചുക്കും സംഭവിക്കില്ല എന്ന് പറഞ്ഞതിലും മുല്ലപ്പള്ളി ചോദ്യം ഉയർത്തി

തിരുവനന്തപുരം: കോൺഗ്രസിന്‍റെ വിലക്ക് ലംഘിച്ച് സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെ വി തോമസിനെ രൂക്ഷമായി വിമർശിച്ച് കെ പി സി സി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്. കെ വി തോമസ് സുഖിമാനായിരുന്നു എന്ന് വിമർശിച്ച മുല്ലപ്പള്ളി, തോമസ് ഒരു ദിവസമെങ്കിലും കോൺഗ്രസ് പാർട്ടിക്ക് വേണ്ടി വിയർപ്പൊഴുക്കിയിട്ടുണ്ടോ എന്നും ചോദിച്ചു. സെമിനാർ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആരും തോമസിന്റെ മൂക്കു മുറിക്കില്ല, തോമസിന് ഒരു ചുക്കും സംഭവിക്കില്ല എന്ന് പറഞ്ഞതിലും മുല്ലപ്പള്ളി ചോദ്യം ഉയർത്തി. ഇത്രയും ആധികാരികതയോടെ സെമിനാർ വേദിയിൽ ഉറപ്പിച്ചു പറയാൻ സി പി എം നേതാക്കൾക്ക് എങ്ങിനെ കരുത്തുകിട്ടി? അതിനർത്ഥം തോമസും സി പി എം നേതൃത്വവും വളരെ കൃത്യമായ ധാരണയോടെയാണ് മുന്നോട്ടു പോകുന്നുവെന്നതാണ്. ലളിതമായ ഭാഷയിൽ പറഞ്ഞാൽ രാഷ്ട്രീയമായ കൊടും ചതിയാണ്  തോമസ് ചെയ്തതതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

മുല്ലപ്പള്ളിയുടെ വാക്കുകൾ

മറ്റു സംഘടനകളുടെ സെമിനാറുകളിലും ചർച്ചകളിലും കോൺഗ്രസ്സ് പ്രതിനിധികൾ പങ്കെടുത്ത് കോൺഗ്രസ്സിന്റെ ആശയങ്ങളും സമീപനങ്ങളും പങ്കു വെക്കുന്നതിൽ ഒരു അസ്വാഭാവികതയുമില്ല. പക്ഷെ മൗലികമായി ചില നടപടി ക്രമങ്ങൾ പാലിക്കേണ്ട ഉത്തരവാദിത്തം പങ്കെടുക്കുന്ന ഓരോ പ്രതിനിധിക്കുമുണ്ട്.

എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഈ നിലപാട് തന്നെയാണ് സ്വീകരിക്കാറുള്ളത്. കെ വി തോമസ് ഈ തത്വങ്ങളെല്ലാം കാറ്റിൽപ്പറത്തിയിരിക്കുകയാണ്. കോൺഗ്രസ്സിന്റെ പ്രതിനിധികൾ സി പി എം സെമിനാറിൽ പങ്കെടുക്കണമെങ്കിൽ, സി പി എം കോൺഗ്രസ്സ് നേതൃത്വത്തെയാണ് ആദ്യം സമീപിക്കേണ്ടത്. കെ വി തോമസിനേയും ഡോ ശശി തരൂരിനെയും പാർട്ടിയെ അറിയിച്ചു കൊണ്ടല്ല സി പി എം ക്ഷണിച്ചത്. അതിനർത്ഥം മുഖ്യമന്ത്രിയുമായി വ്യക്തി ബന്ധമുള്ളവരെ മാത്രം ക്ഷണിച്ചു കൊണ്ട് ആശയക്കുഴപ്പമുണ്ടാക്കലാണ്. ഈ ദുഷ്ട ബുദ്ധി തോമസിന് തിരിച്ചറിയാൻ കഴിയാത്തതാണോ ? തികച്ചും വ്യക്തിപരമായ താൽപര്യങ്ങൾ മാത്രം മുൻ നിർത്തി, പാർട്ടി അച്ചടക്കത്തിനു നിരക്കാത്ത നിലപാടാണ്  തോമസ് സ്വീകരിക്കുകയും കണ്ണൂരിൽ സി പി എം പാർട്ടി കോൺഗ്രസ്സിൽ പങ്കെടുക്കുകയും ചെയ്തത്. സി പി എം നെ പ്രതിനിധീകരിച്ചു മറ്റു പാർട്ടികളുടെ വേദികളിൽ ഒരു സി പി എം പ്രതിനിധിക്ക് പാർട്ടിയുടെ സമ്മതമില്ലാതെ പങ്കെടുക്കാൻ കഴിയുമോ?

ഞാൻ ഇപ്പോഴും ഒരു കോൺഗ്രസ് കാരനാണെന്നു രാഷ്ട്രീയ സത്യ സന്ധത ഇല്ലാതെ കെ വി തോമസ് പറയുമ്പോൾ, പാർട്ടി സംസ്ഥാന സെക്രട്ടറി പറയുന്നത് ഒന്നോ രണ്ടോ ദിവസമേ തോമസ് കോൺഗ്രസിലുണ്ടാവുകയുള്ളുവെന്നാണ്. മുഖ്യമന്ത്രി അല്പം കൂടി കടന്നു പറഞ്ഞത് ആരും തോമസിന്റെ മൂക്കു മുറിക്കില്ല, തോമസിന് ഒരു ചുക്കും സംഭവിക്കില്ല എന്നാണ്. ഇത്രയും ആധികാരികതയോടെ സെമിനാർ വേദിയിൽ ഉറപ്പിച്ചു പറയാൻ സി പി എം നേതാക്കൾക്ക് എങ്ങിനെ കരുത്തുകിട്ടി ? അതിനർത്ഥം തോമസ്സും സി പി എം നേതൃത്വവും വളരെ കൃത്യമായ ധാരണയോടെയാണ് മുന്നോട്ടു പോകുന്നുവെന്നതാണ്. ലളിതമായ ഭാഷയിൽ പറഞ്ഞാൽ രാഷ്ട്രീയമായ കൊടും ചതിയാണ്  തോമസ് ചെയ്തത്.

പ്രിയപ്പെട്ട തോമസ്, താങ്കൾ സജീവ രാഷ്ട്രീയത്തിൽ വന്ന ശേഷം എത്രയെത്ര സുവർണ്ണാവസരങ്ങളാണ് താങ്കൾക്ക് ലഭിച്ചത്. ഒരു ദിവസമെങ്കിലും ഈ പാർട്ടിക്കുവേണ്ടി വിയർപ്പൊഴുക്കുകയും കഷ്ടപ്പെടുകയും ചെയ്ത ചരിത്രം താങ്കൾക്കുണ്ടോ? കോൺഗ്രസ്സിലെ ഒരു Arm Chair Politician (സുഖിമാൻ) മാത്രമായിരുന്നു താങ്കൾ. ഒരു നിമിഷം പോലും അധികാരവും പദവിയുമില്ലാതെ താങ്കൾക്ക് നില്ക്കാൻ കഴിയുകയില്ല. കാരണം താങ്കൾ ഒരു അധികാര രാഷ്ട്രീയക്കാരൻ മാത്രമാണ്. (Power Politician).പ്രതിസന്ധി ഘട്ടത്തിൽ, കോൺഗ്രസ്സിനാവശ്യമുള്ളത് രാഷ്ട്രീയ ഭാഗ്യാന്വേഷികളെ അല്ല . സർവ്വം സമർപ്പിച്ച് പ്രസ്ഥാനത്തെ നയിക്കാൻ കഴിയുന്ന ചെറുതും വലുതുമായ നേതാക്കന്മാരും പ്രവർത്തകന്മാരുമാണ്. അത്തരം പതിനായിരക്കണക്കായ പ്രവർത്തകന്മാരെ പുറകിൽ നിന്ന് കുത്തിയാണ് പ്രിയ തോമസ്സ് സി.പി.എം. സെമിനാറിൽ താങ്കൾ പങ്കെടുത്തത്. ചരിത്രവും കാലവും അങ്ങയെ കാത്തിരിക്കുകയാണ്.

കോൺഗ്രസിൽ ഉറച്ചു നിൽക്കുന്നു, സുധാകരന്റെ കത്തിനെ ഭയക്കുന്നില്ല; 'നടപടി ആവശ്യ'ത്തിൽ പ്രതികരിച്ച് കെ വി തോമസ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള കേസ്: എം പത്മകുമാറിന്റെ ജാമ്യാപേക്ഷ പരി​ഗണിക്കാൻ മാറ്റി, ​ഗുരുതര സ്വഭാവമുള്ള കേസെന്ന് ഹൈക്കോടതി
അതീവ ഗുരുതര വിവരങ്ങൾ; ടേക്ക് ഓഫ് സമയത്ത് വലിയ ശബ്‍ദം, ടയർ പൊട്ടിയതായി സംശയം; പ്രശ്നം യാത്രക്കാരെ അറിയിച്ചത് കൊച്ചിയിലെത്തിയപ്പോൾ