കേരളത്തില്‍ പൊലീസ് രാജ്, കെഎസ്‍യു സമരം ന്യായത്തിന് വേണ്ടി; സര്‍ക്കാരിനെ വിമര്‍ശിച്ച് മുല്ലപ്പള്ളിയും ചെന്നിത്തലയും

By Web TeamFirst Published Jul 22, 2019, 5:11 PM IST
Highlights

കേരളത്തില്‍ പൊലീസ് രാജാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സമാധാനപരമായി സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ അതിക്രൂരമായ ലാത്തി ചാർജ്ജാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമവുമായി ബന്ധപ്പെട്ട് കെഎസ്‌യു നടത്തിയ സമരത്തിൽ യാതൊരു പ്രകോപനവും ഇല്ലാതെയെന്ന് പൊലീസ് അതിക്രമം കാട്ടിയതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെഎസ്‌യു ഉന്നയിക്കുന്നത് ന്യായമായ ആവശ്യങ്ങളാണെന്നും ഒരു പിടിയുമില്ലാത്തത് മുഖ്യമന്ത്രിയാണ് പിണറായി വിജയനാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

കെഎസ്‍യു സമരത്തിനെതിരെ പൊലീസ് നടത്തിയ ലാത്തി ചാർജ്ജിനെയും ​ഗ്രനേഡ് പ്രയോ​ഗത്തിനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രൂക്ഷമായി വിമർശിച്ചു. കേരളത്തില്‍ പൊലീസ് രാജാണ് നടക്കുന്നതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സമാധാനപരമായി സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ അതിക്രൂരമായ ലാത്തി ചാർജ്ജാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യൂണിവേഴ്സിറ്റി കോളേജിലെ അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയേറ്റിനു മുന്നില്‍ കെഎസ്‍യു നടത്തിയ നിരാഹരസമരം തെരുവുയുദ്ധത്തിനു ശേഷമാണ് അവസാനിച്ചത്. കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന്‍റെ നേതൃത്വത്തിലായിരുന്നു നിരാഹര സമരം നടന്നത്. എന്നാൽ, സമയം തുടങ്ങി എട്ടുദിവസമായിട്ടും സമരം ചെയ്യുന്നവരുടെ ആവശ്യം പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.

ഈ സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് ഇന്ന് സെക്രട്ടേറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. എന്നാൽ, കെഎസ്‍യുവിന്‍റെയും യൂത്ത് കോൺഗ്രസിന്‍റെയും പ്രതിഷേധത്തെത്തുടർന്ന് സെക്രട്ടേറിയറ്റും പരിസരവും സംഘർഷഭൂമിയാകുകയായിരുന്നു. സമര പന്തലില്‍ നിന്ന് സമരക്കാർ പൊലീസിനു നേരെ കുപ്പികളും തടിക്കഷണങ്ങളും വലിച്ചെറിഞ്ഞു. പ്രകോപനം അതിരു കടന്നതോടെ പൊലീസ് കണ്ണിര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. ഒരു മണിക്കൂറോളം നീണ്ട സംഘർത്തിൽ മാധ്യമപ്രവര്‍ത്തകനും പൊലീസ് അസി.കമ്മീഷണൿക്കും ഉൾപ്പടെ 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

click me!