
തിരുവനന്തപുരം: കിഫ്ബിയിലെ ഇടപാടുകള്‍ സംബന്ധിച്ച് ഒന്നും ഒളിച്ചു വയ്ക്കാനില്ലെങ്കില്‍ സി എ ജി ഓഡിറ്റിംഗിനെ എന്തിനാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും ഭയക്കുന്നതെന്ന് കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ചോദ്യം. കിഫ്ബിയില്‍ സി എ ജി ഓഡിറ്റിംഗ് നടത്താന്‍ തയ്യാറാണെന്ന ആര്‍ജ്ജവത്തോടെ പറയാന്‍ ഇവര്‍ തയ്യാറാകാത്തതില്‍ നിന്നും ഇതില്‍ വലിയ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് പൊതുജനത്തിന് മനസിലായെന്നും മസാലബോണ്ടുകള്‍ വില്‍പ്പന നടത്തിയ വകയില്‍ എത്ര തുക ഇതുവരെ കിട്ടിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
ഉയര്‍ന്ന പലിശക്ക് മസാല ബോണ്ട് വിറ്റുകിട്ടിയ പണം വളരെ കുറഞ്ഞ പലിശനിരക്കില്‍ നിക്ഷേപിച്ചതിലൂടെ കിഫ്ബി നഷ്ടത്തിലേക്ക് കൂപ്പുകുത്തി. പലിശയിനത്തില്‍ വായ്പകള്‍ക്കായി കോടി കണക്കിന് രൂപ നല്‍കേണ്ടതുണ്ട്. ഇത് സംസ്ഥാനത്തിനു കനത്ത നഷ്ടം വരുത്തി. മസാല ബോണ്ടിലൂടേയും നബാര്‍ഡ്, എസ്ബിഐ, ഇന്ത്യന്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നും ശരാശരി 9.5 ശതമാനം നിരക്കില്‍ പലിശയ്ക്കെടുത്ത പണമാണ് കുറഞ്ഞ നിരക്കില്‍ നിക്ഷേപിച്ച് വലിയ നഷ്ടം വരുത്തുന്നതെന്നും മുല്ലപ്പള്ളി ചൂണ്ടികാട്ടി.
പത്ത് വര്‍ഷം കഴിയുമ്പോള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത ചിന്തിക്കാവുന്നതിനും അപ്പുറത്തായിരിക്കും. ജനിക്കുന്ന ഓരോ കുഞ്ഞും കടക്കാരനായി മാറും. ഈ സാമ്പത്തിക ഭാരം മുഴുവനും അന്ന് ഭരണത്തിലുള്ള സര്‍ക്കാരിന്റെ ചുമലിലാകും. വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും സംസ്ഥാനത്ത് താളം തെറ്റും. അതിനാല്‍ കിഫ്ബിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് പൊതുജനത്തിന് അറിയാന്‍ അവകാശമുണ്ട്. അത് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിയും ധനകാര്യമന്ത്രി തയ്യാറാകുകയാണ് വേണ്ടതെന്നും മുല്ലപ്പള്ളി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam