
തിരുവനന്തപുരം: കോൺഗ്രസ് പുനസംഘടന വൈകുന്നതിൽ അതൃപ്തി പ്രകടമാക്കി മുല്ലപ്പള്ളി രാമചന്ദ്രൻ. പുനസംഘടന വേഗത്തിൽ ഉണ്ടാകുമെന്ന് ചിന്തൻ ശിബിരത്തിൽ തീരുമാനം ആയത് ആണ്. തെരഞ്ഞെടുപ്പ് വീട്ടുപടിക്കൽ എത്തി നിൽക്കുന്ന കാര്യം മറക്കരുതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സി.പി.എം ലോക്സഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം തുടങ്ങിയെന്നും കോൺഗ്രസ് ഇനിയും മുന്നൊരുക്കം നടത്താൻ വൈകരുതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ചൂണ്ടിക്കാണിക്കുന്നു. പുനസംഘടന വൈകരുതെന്നും എല്ലാ കാര്യങ്ങളും എ.ഐ.സി.സി നേതൃത്വത്തെ അറിയിച്ചുവെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.
കെ പി സി സി പുനസംഘടന ഉടൻ ഉണ്ടാകില്ലെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ മാറ്റുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് ആണ്. മാറ്റുന്ന കാര്യത്തിൽ ഇതുവരെ ആലോചന ഇല്ല. ഭാരത്ജോഡോ യാത്രക്ക് ശേഷം കോൺഗ്രസിനെ കൂടുതൽ ശക്തിപ്പെടുത്താനുള്ള പദ്ധതികൾക്ക് രൂപം നൽകും. നേതാക്കൾ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി പ്രവർത്തിക്കണം എന്ന് രാഹുൽ ഗാന്ധി തന്നെ നിർദേശിച്ചിട്ടുണ്ട്. അതിനുള്ള പരിപാടികളും ആസൂത്രണം ചെയ്യുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം താരിഖ് അന്‍വര്‍ വിശദമാക്കിയത്.
ഗ്രൂപ്പിന് അതീതമായ പുനസംഘടന നടപ്പിലാക്കണമെന്ന് കെ മുരളീധരന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ കാര്യ സമിതിയിൽ കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്. താഴെത്തട്ടിൽ പൂർണ്ണമായും പുനസംഘടന ഉണ്ടാകും. യോഗ്യതയുള്ളവരെ ഭാരവാഹികൾ ആക്കണം . x നെ മാറ്റി Y യെ വയ്ക്കുമ്പോൾ യോഗ്യത മാനദണ്ഡമാക്കണമെന്നും പുനസംഘടന സംബന്ധിച്ച് മുരളീധരന്‍ പ്രതികരിച്ചിരുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam