കാപ്പൻ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കട്ടെ, ആവർത്തിച്ച് മുല്ലപ്പള്ളി

By Web TeamFirst Published Feb 14, 2021, 12:14 PM IST
Highlights

കോൺഗ്രസുകാരനായി അദ്ദേഹം പാർട്ടിയിലേക്ക് വന്ന് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണെന്നും ഘടകകക്ഷിയായി എങ്ങനെയാണ് വരുന്നതെന്ന പൂർണ്ണരൂപം കിട്ടിയിട്ടില്ലെന്നും മുല്ലപ്പള്ളി

ദില്ലി: ഇടത് മുന്നണിവിട്ട് യുഡിഎഫ് പ്രവേശനത്തിനൊരുങ്ങുന്ന പാലാ എംഎൽഎ മാണി സി കാപ്പനെ പ്രതിരോധത്തിലാക്കി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പുതിയ പാർട്ടി രൂപീകരിച്ച് ഘടകക്ഷിയായി യുഡിഎഫിലേക്ക് കാപ്പൻ എത്തുന്നതിൽ മുല്ലപ്പള്ളിയടക്കം ഒരു വിഭാഗം എതിർപ്പുന്നയിക്കുന്നു. 

മാണി സി കാപ്പൻ കോൺഗ്രസിൽ ചേർന്ന് പാലായിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആവർത്തിച്ചു. ഒരു കോൺഗ്രസുകാരനായി അദ്ദേഹം പാർട്ടിയിലേക്ക് വന്ന് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണെന്നും ഘടകകക്ഷിയായി എങ്ങനെയാണ് വരുന്നതെന്ന പൂർണ്ണരൂപം കിട്ടിയിട്ടില്ലെന്നും മുല്ലപ്പള്ളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പുതിയ പാർട്ടി നാളെ പ്രഖ്യാപിച്ച് ഘടകകക്ഷിയായി യുഡിഎഫ് പ്രവേശനം നേടണമെന്നായിരുന്നു കാപ്പന്റെ കണക്കുകൂട്ടൽ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം കാപ്പന്റെ മുന്നണി പ്രവേശനത്തെ സ്വാഗതം ചെയ്യുന്നതിനിടെയാണ് കാപ്പൻ കോൺഗ്രസിൽ ചേരണമെന്ന ആവശ്യം മുല്ലപ്പള്ളി മുന്നോട്ട് വെക്കുന്നത്. 

പിജെ ജോസഫിന്റെ പാർട്ടിയിലോ അല്ലെങ്കിൽ മറ്റേതെങ്കിലും പാർട്ടിയിലോ ലയിച്ച് വരണമെന്നാണ് യുഡിഎഫിലെ ഒരു വിഭാഗം മുന്നോട്ട് വെക്കുന്നത്. വലിയ ജനപിന്തുണയില്ലാത്ത ഒരു പുതിയ ഘടകകക്ഷി യുഡിഎഫിലേക്ക് വരണമെന്നതിനോട് മുല്ലപ്പള്ളിയും യോജിക്കുന്നില്ല. കാപ്പൻ കോൺഗ്രസ് ചിഹ്നത്തിൽ മത്സരിക്കുകയാണെങ്കിൽ അത് പാർട്ടിക്ക് ഒരു സീറ്റാകുമെന്നും മുല്ലപ്പള്ളി കണക്ക് കൂട്ടുന്നു. 

click me!