മരട് ഫ്ലാറ്റിലെ കുടുംബങ്ങൾക്ക് മനുഷ്യത്വപരമായ ആനുകൂല്യം ലഭിക്കാൻ സർക്കാർ ഇടപെടണം; മുല്ലപ്പള്ളി

By Web TeamFirst Published Sep 13, 2019, 5:50 PM IST
Highlights

മരടിലെ ബഹുനില പാര്‍പ്പിട സമുച്ഛയങ്ങള്‍ കെട്ടി ഉയര്‍ത്തിയ നിര്‍മ്മാണ കമ്പനികളുടെ ഒളിച്ചുകളി ദുരൂഹമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

തിരുവനന്തപുരം: മരട് ഫ്ലാറ്റിലെ കുടുംബങ്ങൾക്ക് മനുഷ്യത്വപരമായ ആനുകൂല്യം ലഭിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അതിനായി സർക്കാർ അടിയന്തിരമായ ഇടപെടണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

മരടിലെ അഞ്ച് ഫ്ലാറ്റുകളിലെ താമസക്കാരായ 375 കുടുംബങ്ങള്‍ ചെയ്യാത്ത കുറ്റത്തിനാണ് ശിക്ഷ അനുഭവിക്കുന്നത്. ഒരു ആയുസ്സിന്റെ സമ്പാദ്യം സ്വരുക്കൂട്ടി ബാങ്ക് വായ്പയുടെ സഹായത്തോടെ സ്വന്തമാക്കിയ സ്വപ്‌ന ഭവനങ്ങളാണ് പൊളിച്ചുമാറ്റാൻ കോടതി ഉത്തരവിട്ടിരിക്കുന്നതെന്നത് അതീവ ദുഃഖകരമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഒരു സുപ്രഭാതത്തില്‍ ഇവരെ തെരുവില്‍ ഇറക്കിവിടുന്നത് മനുഷ്യത്വപരമല്ല. പരിസ്ഥിതി ആഘാതം തടയാന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുമ്പോള്‍ മരടിലെ ഫ്ലാറ്റുകളിൽ കഴിയുന്ന കുടുംബങ്ങളുടെ കണ്ണീര് കാണാതെ പോകരുതെന്നും അദ്ദേഹം വ്യക്തമാക്കി. 

കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ കൃത്യമായി നിയമങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ട കടമ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുണ്ട്. അതേസമയം മരടിലെ ബഹുനില പാര്‍പ്പിട സമുച്ഛയങ്ങള്‍ കെട്ടി ഉയര്‍ത്തിയ നിര്‍മ്മാണ കമ്പനികളുടെ ഒളിച്ചുകളി ദുരൂഹമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

click me!