മതേതര ഐക്യമുന്നണി തകർത്തത് കേരളത്തിലെ നേതാക്കള്‍; കാലം പിണറായിക്ക് മാപ്പ് നല്‍കില്ലെന്നും കെപിസിസി അധ്യക്ഷന്‍

By Web TeamFirst Published Jul 20, 2019, 1:03 PM IST
Highlights

ഇടതു പക്ഷം  ആശയമില്ലാതെ ഇരുട്ടിൽ തപ്പുകയാണ്. കേന്ദ്രത്തിൽ സിപിഎം  ശ്രമിച്ച മതേതര ഐക്യ മുന്നണി തകർത്തത് പിണറായി വിജയനും കേരളത്തിലെ പിബി അംഗങ്ങളും ആണ്. 

കോഴിക്കോട്:  നെടുങ്കണ്ടത്ത് കസ്റ്റഡിമര്‍ദ്ദനത്തെത്തുടര്‍ന്ന് മരിച്ച രാജ്‍കുമാറിന്റെ ഭാര്യക്ക് ജോലി നൽകിയതോടെ സർക്കാർ കുറ്റം സമ്മതിച്ചിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്‍റ്  മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇടതു പക്ഷം  ആശയമില്ലാതെ ഇരുട്ടിൽ തപ്പുകയാണ്. കേന്ദ്രത്തിൽ സിപിഎം  ശ്രമിച്ച മതേതര ഐക്യ മുന്നണി തകർത്തത് പിണറായി വിജയനും കേരളത്തിലെ പിബി അംഗങ്ങളും  ആണ്. കാലം അതിന്  മാപ്പ് നൽകില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. 

കേരളത്തിൽ പൊലീസ് രാജാണ് ഇപ്പോഴുള്ളത്.  പൊലീസ് പ്രവർത്തിക്കുന്നത് മദയാനകളെപ്പോലെയാണ്. മുഖ്യമന്ത്രി  ലണ്ടനിൽ പോയത് മസാല ബോണ്ട് വിൽക്കാനല്ല,മസാല ബോണ്ട വിൽക്കാനാണ്. പിണറായി വിജയന്‍- നരേന്ദ്രമോദി സര്‍ക്കാരുകള്‍ക്കെതിരെ  ദ്വിമുഖ പോരാട്ടമാണ് കോൺഗ്രസ് പ്രവർത്തകർ നടത്തേണ്ടത്. പാർട്ടിയിൽ പരദൂഷണക്കാർക്ക് സ്ഥാനമില്ല. വാട്ട്സാപ്പിൽ പരതുന്നവരെക്കൊണ്ട്  കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു പ്രയോജനവും ഉണ്ടായില്ല. പാർട്ടിക്ക് പോസിറ്റീവ് ആയി പ്രവർത്തിക്കുന്നവരെയാണ് ആവശ്യം. വ്യക്തി ശുദ്ധി ,സുതാര്യത എന്നിവ അനിവാര്യമാണ്. പ്രവർത്തനം വിലയിരുത്താനും തിരുത്താനും പ്രവർത്തകർക്ക് മാർഗ്ഗ നിർദ്ദേശ രേഖ നടപ്പാക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

കർണ്ണാടകത്തിൽ രാഷ്ട്രീയ കുതിരക്കച്ചവടത്തിന് നേതൃത്വം നൽകുന്നത് നരേന്ദ്രമോദിയാണ്. ജനാധിപത്യ പ്രക്രിയയെ ബിജെപി അട്ടിമറിക്കുകയാണ്. പാർലമെന്‍റിന്‍റെ  പവിത്രത പോലും നഷ്ടമായി .പാർലമെന്റിൽ സത്യപ്രതിജ്ഞാ ചടങ്ങിൽ മുഴങ്ങിയത് തീവ്രഹിന്ദുത്വ രാജ്യത്തിനായുള്ള കാഹളമാണ്. മോദിയും അമിത് ഷായും പ്രചരിപ്പിക്കുന്ന രാഷ്ട്രീയം പകയുടേയും വിദ്വേഷത്തിന്‍റേതുമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. 

click me!