'മുഖ്യമന്ത്രിക്ക് ഇപ്പോഴും ഫ്യൂഡല്‍ ചിന്താഗതി': പിണറായിക്കെതിരെ മുല്ലപ്പള്ളി

By Web TeamFirst Published Mar 3, 2020, 9:50 PM IST
Highlights

കൊലയാളികളെ സംരക്ഷിക്കാന്‍ പൊതുഖജനാവില്‍നിന്ന് ഇനിയും പണം മുടക്കുമെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് അധികാരമില്ല. നാടുവാഴി വ്യവസ്ഥ അവസാനിച്ചെന്നത് പിണറായിക്ക് ഇപ്പോഴും അറിയില്ല. മുഖ്യമന്ത്രിയുടെ മാനസികാവസ്ഥ ഇപ്പോഴും ഫ്യൂഡല്‍ ചിന്താഗതിയാണെന്നും മുല്ലപ്പള്ളി

തിരുവനന്തപുരം: ക്രിമിനല്‍ കൂട്ടങ്ങളെ വളര്‍ത്തി രാഷ്ട്രീയ കൊലപാതകം നടത്തി അവരെ സംരക്ഷിക്കുന്ന പാര്‍ട്ടിയായി സിപിഎം ചുരുങ്ങിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അതിന്റെ തുറന്ന പ്രഖ്യാപനമാണ് പൊതുഖജനാവില്‍നിന്ന് ഇനിയും പണം മുടക്കി കൊലയാളികളെ സംരക്ഷിക്കുമെന്ന് നിയമസഭയില്‍ പിണറായി വിജയന്‍ നടത്തിയത്.

മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത് സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണമാണ്. കൊലയാളികളെ സംരക്ഷിക്കാന്‍ പൊതുഖജനാവില്‍നിന്ന് ഇനിയും പണം മുടക്കുമെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് അധികാരമില്ല. നാടുവാഴി വ്യവസ്ഥ അവസാനിച്ചെന്നത് പിണറായിക്ക് ഇപ്പോഴും അറിയില്ല. മുഖ്യമന്ത്രിയുടെ മാനസികാവസ്ഥ ഇപ്പോഴും ഫ്യൂഡല്‍ ചിന്താഗതിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. 

പെരിയ ഇരട്ടകൊലപാതക കേസുമായി ബന്ധപ്പെട്ട് നിയമസഭ ഇന്ന് നാടകീയ രംഗങ്ങള്‍ക്കാണ് സാക്ഷിയായത്. സിബിഐ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗം ഷാഫി പറമ്പിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. വിടുവായത്തം പറയുന്നതിന് മറുപടി പറയാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടി പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. പ്രതിപക്ഷം നടുതലത്തിൽ ഇറങ്ങി പ്രതിഷേധിച്ചു.

സര്‍ക്കാരിനെയും ഡിജിപിയെയും അതിരൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ഷാഫി പറമ്പിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സിബിഐ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഷാഫി ആരോപിച്ചു. അഞ്ച്  മാസമായി കേസ് ഡയറിയും രേഖകളും ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറാത്തത് ഇതിനുദാഹരണമാണ്. ഡിജിപി ആണ് ഇപ്പോൾ ആഭ്യന്തരമന്ത്രിയെന്ന് ഷാഫി പറമ്പിൽ വിമര്‍ശിച്ചു.
 

click me!