മുല്ലപ്പള്ളി മത്സരിക്കും, കോഴിക്കോടും വയനാടും സുരക്ഷിതമെന്ന് വിലയിരുത്തൽ

By Web TeamFirst Published Jan 19, 2021, 10:19 AM IST
Highlights

കൽപ്പറ്റ സുരക്ഷിതമണ്ഡലമെന്നാണ് മുല്ലപ്പള്ളി തന്നെ വിലയിരുത്തുന്നത്. അദ്ദേഹത്തിന് അവിടെ നിന്ന് മത്സരിക്കാനാണ് താത്പര്യമെന്നാണ് സൂചനയും. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിനെ കോൺഗ്രസ് നേരിടാനൊരുങ്ങുന്ന സാഹചര്യത്തിൽ പോരാട്ടം പൊടിപാറുമെന്ന് വ്യക്തമായിരുന്നു.

ദില്ലി/ തിരുവനന്തപുരം/ കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കും. കോഴിക്കോട്ടുനിന്നോ വയനാട്ടിൽ നിന്നോ മത്സരിക്കാൻ മുല്ലപ്പള്ളി താത്പര്യമറിയിച്ചിട്ടുണ്ട്. മത്സരിക്കാൻ മുല്ലപ്പള്ളി സന്നദ്ധത ഹൈക്കമാൻഡിനെ അറിയിച്ചു. കൽപ്പറ്റ മത്സരിക്കാൻ സുരക്ഷിതമണ്ഡലമാണെന്നാണ് മുല്ലപ്പള്ളി തന്നെ കരുതുന്നത്. അദ്ദേഹത്തിന് അവിടെ നിന്ന് മത്സരിക്കാനാണ് താത്പര്യമെന്നാണ് സൂചനയും. മുല്ലപ്പള്ളിക്കും മത്സരിക്കാമെന്ന് നേരത്തേ ഹൈക്കമാൻഡ് വ്യക്തമാക്കിയിരുന്നതാണ്.

മുല്ലപ്പള്ളി വടക്കൻ കേരളത്തിൽ മത്സരിക്കുന്നത് അവിടത്തെ കാര്യങ്ങൾ അനുകൂലമാക്കുമെന്നാണ് ഹൈക്കമാൻഡ് കണക്കുകൂട്ടുന്നത്. സിപിഎമ്മിന് പൊതുവേ വേരോട്ടമുള്ള വടക്കൻ കേരളത്തിൽ കെപിസിസി അധ്യക്ഷൻ നേരിട്ട് മത്സരരംഗത്തിറങ്ങി, പ്രചാരണത്തിന് ചുക്കാൻ പിടിക്കണമെന്നും, സമിതിയുടെ പ്രവർത്തനങ്ങൾ താഴേത്തട്ടിൽ എത്തിക്കണമെന്നും ഇതിലൂടെ കേന്ദ്രനേതൃത്വം ലക്ഷ്യമിടുന്നു. ഇതോടൊപ്പം മത്സരിച്ചാൽ വിജയിക്കുമെന്നുറപ്പുള്ള സുരക്ഷിതമണ്ഡലമാണ് മുല്ലപ്പള്ളി തേടുന്നത്. കൽപ്പറ്റ കാലങ്ങളായി യുഡിഎഫിനെ തുണയ്ക്കുന്ന മണ്ഡലമാണ്. രാഹുൽഗാന്ധി എംപിയായ വയനാട് ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗം. ഇവിടെ മത്സരിക്കുന്നതിൽ മുല്ലപ്പള്ളിക്ക് ഏറെ താത്പര്യമുണ്ട് താനും. 

കൽപ്പറ്റയല്ലെങ്കിൽ മുല്ലപ്പള്ളിക്ക് താത്പര്യം കോഴിക്കോടാണ്. കാലങ്ങളായി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചുവന്ന സ്വന്തം നാടായ വടകരയിലേക്ക് ഇനി തിരിച്ചുപോകണമെന്ന് മുല്ലപ്പള്ളിക്കില്ല. മത്സരം കടുക്കുമെന്നത് ഒരു ഘടകം. കെ മുരളീധരനുമായി അത്ര നല്ല ബന്ധം മുല്ലപ്പള്ളിക്കില്ലെന്നത് രണ്ടാമത്തെ ഘടകം. ഗ്രൂപ്പ് പോര് ശക്തമായ കൊയിലാണ്ടിയിലേക്ക് പോകണമെന്നും മുല്ലപ്പള്ളിക്കില്ല. 

അടുത്ത കാലത്തെ കെപിസിസി പ്രസിഡന്‍റുമാരിൽ ഏറെ വിമർശനങ്ങളും പഴികളും കേട്ട കെപിസിസി പ്രസിഡന്‍റാണ് മുല്ലപ്പള്ളി. വിവാദപ്രസ്താവനകളും വാവിട്ട വാക്കുകളും മുല്ലപ്പള്ളിക്കും പാർട്ടിക്കുമുണ്ടാക്കിയ ക്ഷീണം ചില്ലറയല്ല. അതേസമയം, ഗ്രൂപ്പ് പോര് പാടില്ലെന്ന കർശനനിലപാട് അടക്കം ഹൈക്കമാൻഡിന് മുന്നിൽ വളരെ ഫലപ്രദമായി കൊണ്ടുവരാൻ മുല്ലപ്പള്ളിക്കായി. ഇരട്ടപ്പദവി വഹിക്കുന്ന ഡിസിസി അധ്യക്ഷൻമാരെ മാറ്റാൻ കഴിഞ്ഞു. 

Read more at: ഉമ്മൻചാണ്ടിയും ചെന്നിത്തലയും മത്സരിക്കും, മുഖ്യമന്ത്രി സ്ഥാർത്ഥി പിന്നെ, നയിക്കാൻ ആന്‍റണിയും

ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിനെ കോൺഗ്രസ് നേരിടാനൊരുങ്ങുന്ന സാഹചര്യത്തിൽ പോരാട്ടം പൊടിപാറുമെന്ന് വ്യക്തമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കുന്ന നിർണായകസമിതിയുടെ അമരത്ത് ഉമ്മൻചാണ്ടിയാണ്. ചെന്നിത്തലയും മുല്ലപ്പള്ളിയുമടക്കമുള്ള അംഗങ്ങൾ സമിതിയിലുണ്ട്. എന്നാൽ മുഖ്യമന്ത്രിസ്ഥാനാർത്ഥി ആരെന്ന് ഇപ്പോൾ തീരുമാനിക്കേണ്ടെന്നാണ് ഹൈക്കമാൻഡ് നിർദേശിച്ചിരിക്കുന്നത്.

Read more at: ചെന്നിത്തലയ്ക്കായി ഐ ഗ്രൂപ്പ്, 'എഴുതിത്തള്ളാനാകാത്ത നേതാവ്', അർഹമായ സ്ഥാനം ലഭിക്കണമെന്ന് ആര്‍.ചന്ദ്രശേഖരൻ

ഉമ്മൻചാണ്ടിയോടും ചെന്നിത്തലയോടും മത്സരിക്കാൻ തന്നെയാണ് ഹൈക്കമാൻഡ് ആദ്യമേ തന്നെ നിർദേശിച്ചത്. ഉമ്മൻചാണ്ടി മത്സരരംഗത്ത് നിന്ന് മാറി നിൽക്കുമോ എന്ന ആശങ്ക ആദ്യമേ തന്നെ മായ്ച്ചുകളയുന്നു ഹൈക്കമാൻഡ്. ഒപ്പം എ കെ ആന്‍റണിയോട് മുഴുവൻ സമയവും പ്രചാരണരംഗത്ത് സജീവമായി നിൽക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ക്രിസ്ത്യൻ സമൂഹത്തിന്‍റെ പിന്തുണ അങ്ങനെ തിരികെപ്പിടിക്കാൻ കഴിയുമെന്നാണ് നേതൃത്വത്തിന്‍റെ കണക്കുകൂട്ടൽ.

പരമാവധി പഴയ മുഖങ്ങളെ ഒഴിവാക്കി, പുതുമുഖങ്ങളെയും സ്ത്രീകളെയും കളത്തിലിറക്കാൻ നിർദേശം നൽകുന്നുണ്ട് രാഹുൽഗാന്ധി. അക്കാര്യങ്ങളടക്കം ചർച്ച ചെയ്യാനാണ് പത്തംഗഉന്നതാധികാരസമിതിക്ക് രൂപം നൽകിയിരിക്കുന്നത്. ഇതിലേക്ക് ശശി തരൂരിന്‍റെ പേര് കൂടി ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കുന്നുമുണ്ട്. 

click me!