Mullapperiyar : 'ബെന്നിച്ചൻ തോമസിനെതിരെ നടപടി എന്തിന്?', വിശദീകരണം തേടി കേന്ദ്രം

Published : Nov 27, 2021, 09:41 AM ISTUpdated : Nov 27, 2021, 10:36 AM IST
Mullapperiyar : 'ബെന്നിച്ചൻ തോമസിനെതിരെ നടപടി എന്തിന്?', വിശദീകരണം തേടി കേന്ദ്രം

Synopsis

ബെന്നിച്ചൻ തോമസ് ഐഎഫ്എസ് ഉദ്യോഗസ്ഥനായതിനാൽ നടപടിയെടുക്കാൻ കേന്ദ്രാനുമതി വേണമെന്നാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. മുല്ലപ്പെരിയാറിൽ ബേബി ഡാമിന് കീഴെ മരം മുറിക്കാൻ അനുമതി നൽകിയതിനായിരുന്നു ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്തത്. 

ദില്ലി/ തിരുവനന്തപുരം: ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ (Bennichan Thomas) സസ്പെൻഡ് ചെയ്ത നടപടിയിൽ സംസ്ഥാനസർക്കാരിനോട് വിശദീകരണം തേടി കേന്ദ്രം. ബെന്നിച്ചൻ തോമസ് ഐഎഫ്എസ് ഉദ്യോഗസ്ഥനായതിനാൽ നടപടിയെടുക്കാൻ കേന്ദ്രാനുമതി വേണമെന്നാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം (Ministry Of Forests) വ്യക്തമാക്കിയിരിക്കുന്നത്. മുല്ലപ്പെരിയാറിൽ ബേബി ഡാമിന് (Mullapperiyar Baby Dam) കീഴെ മരം മുറിക്കാൻ അനുമതി നൽകിയതിനായിരുന്നു (Tree Cutting Order) ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്തത്. നടപടി അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും, എന്തിനാണ് സസ്പെൻഷൻ എന്നതിന് കൃത്യമായി വിശദീകരണം വേണമെന്നും ആവശ്യപ്പെട്ട് ഇൻസ്പെക്ടർ ജനറൽ ഓഫ് ഫോറസ്റ്റ്‍സ് എ കെ മൊഹന്തി, കേരളാ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. 24-ാം തീയതിയാണ് കേന്ദ്രം കത്ത് നൽകിയിരിക്കുന്നത്. 

സസ്പെൻഷനുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണമെന്ന് കേന്ദ്രമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. നടപടി എടുത്തിട്ടുണ്ടെങ്കിൽ അത് 48 മണിക്കൂറിനുള്ളിൽ കേന്ദ്രത്തെ അറിയിക്കണമെന്നാണ് ചട്ടം. നടപടിയുടെ കാരണം ഉടൻ അറിയിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ബെന്നിച്ചന്‍റെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ഐഎഫ്എസ് അസോസിയേഷൻ സമ്മർദ്ദം ചെലുത്തുമ്പോഴാണ് കേന്ദ്ര ഇടപെടൽ. നടപടി പിൻവലിക്കണമെന്നാവശ്യവുമായി വനംമേധാവി പി കെ കേശവൻ മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതേ ആവശ്യവുമായി ഐഎഫ്എസ് അസോസിയേഷൻ വനംമന്ത്രി എ കെ ശശീന്ദ്രനെയും കണ്ടു.

നവംബർ 11-നാണ് ബെന്നിച്ചൻ തോമസിനെ സംസ്ഥാനസർക്കാർ സസ്പെൻഡ് ചെയ്യുന്നത്. ബെന്നിച്ചൻ അഖിലേന്ത്യാ സർവീസ് ചട്ടം ലംഘിച്ചു, സർക്കാരിന്‍റെ പ്രഖ്യാപിത നിലപാടുകൾക്കെതിരെ പ്രവർത്തിച്ചു എന്ന് കാട്ടിയാണ് സസ്പെൻഷൻ. ബെന്നിച്ചനെ സസ്പെൻഡ് ചെയ്തതിനൊപ്പം മന്ത്രിസഭായോഗം  വിവാദമരംമുറി ഉത്തരവ് മരവിപ്പിക്കുകയും ചെയ്തിരുന്നു.

അടിമുടി ദുരൂഹത ബാക്കിനിൽക്കെയാണ് ഉദ്യോഗസ്ഥരെ പഴിചാരി സർക്കാർ മരം മുറി ഉത്തരവ് മരവിപ്പിച്ചത്. ബേബി ഡാം ബലപ്പെടുത്താൻ 15 മരങ്ങൾ മുറിക്കാനുള്ള അനുമതി മുല്ലപ്പെരിയാറിൽ പുതിയ ഡാമെന്ന കേരളത്തിന്‍റെ ആവശ്യത്തിന്‍റെ കടയ്ക്കൽ കത്തിവെക്കുന്നതാണ്. ജനങ്ങളുടെ ആശങ്ക തള്ളി തമിഴ്നാടിന്‍റെ താല്പര്യം സംരക്ഷിച്ചുവെന്ന ഗുരുതര ആരോപണവും വൻപ്രതിഷേധവും ഉയർന്നതോടെയാണ് തിരുത്ത്. മുഖ്യമന്ത്രി തന്നെയാണ് വനംമന്ത്രിയോട് ഉത്തരവ് മരവിപ്പിക്കാൻ നിർദ്ദേശിച്ചത്.

പിസിസിഎഫും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ബെന്നിച്ചൻ തോമസാണ് മരംമുറിക്ക് അനുമതി നൽകിയതെന്നിരിക്കേ, പൊള്ളുന്ന വിഷയത്തിൽ ഉദ്യോഗസ്ഥൻ മാത്രം എങ്ങിനെ തീരുമാനമെടുക്കുമെന്നുള്ളത് നിർണായക ചോദ്യമാണ്. ജലവിഭവ അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ് നവംബർ ഒന്നിന് വിളിച്ച യോഗതീരുമാനപ്രകാരമാണ് തീരുമാനമെന്ന് ഉത്തരവിലുണ്ട്. ഉത്തരവിന്‍റെ പകർപ്പും ടി കെ ജോസിന് വെച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ ഉന്നതാധികാര സമിതിയിലെ കേരള പ്രതിനിധി കൂടിയായ ജോസ് എന്ത് കൊണ്ട് ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയെയും വകുപ്പ് മന്ത്രിമാരെയും അറിയിച്ചില്ല എന്നുള്ളത് രണ്ടാമത്തെ ചോദ്യം.  തമിഴ്നാട് മുഖ്യമന്ത്രി അറിഞ്ഞിട്ടും കേരള മുഖ്യമന്ത്രിയും വനം ജലവിഭവ മന്ത്രിമാരും ഇതറിയാതെ പോയത് എന്ത് കൊണ്ട് എന്നുള്ളത് മൂന്നാം ചോദ്യം. 

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പിണറായി വിജയന് നന്ദി അറിയിച്ച് കത്ത് നൽകിയതോടെ മാത്രം കേരള മുഖ്യമന്ത്രി അറിയുന്ന നിലയിലേക്ക് എങ്ങിനെ കാര്യങ്ങൾ എത്തി എന്നുള്ളതാണ് ഏറ്റവും വലിയ ദുരൂഹത. സെക്രട്ടറിമാരെ ഒഴിവാക്കി നടപടി ബെന്നിച്ചനിൽ മാത്രം ഒതുങ്ങുന്നതിലും സർക്കാർ വിശദീകരണമില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുടുംബത്തോടൊപ്പം സന്നിധാനത്ത് എത്തി ഡിജിപി, എല്ലാ ഭക്തർക്കും ഉറപ്പ് നൽകി; സുഗമമായ ദർശനത്തിന് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തി
സഹോദരിയെ കളിയാക്കിയ യുവാവിനെ കുത്തിക്കൊന്നു, സംഭവം തൃശൂരില്‍