ബിനോയ് കോടിയേരിക്ക് മുൻകൂര്‍ ജാമ്യം; പൊലീസ് ആവശ്യപ്പെട്ടാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറാകണം

By Web TeamFirst Published Jul 3, 2019, 3:15 PM IST
Highlights

ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട അറസ്റ്റ് ഒഴിവാക്കുന്നതിന് സമര്‍പ്പിച്ച മുൻകൂര്‍ ജാമ്യാപേക്ഷയിൽ ബിനോയ് കോടിയേരിക്ക് കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. 

മുംബൈ: ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട അറസ്റ്റ് ഒഴിവാക്കുന്നതിന് സമര്‍പ്പിച്ച മുൻകൂര്‍ ജാമ്യാപേക്ഷയിൽ ബിനോയ് കോടിയേരിക്ക് കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. ഒരുമാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം.25000 രൂപ കെട്ടിവയ്ക്കണം. ഒരാൾ ജാമ്യവും എടുക്കണമെന്നാണ് കോടതി വിധി.  മുംബൈ ദിൻഡോഷി കോടതിയാണ് മുൻകൂര്‍ ജാമ്യം അനുവദിച്ചത്.

ഒരു വ്യക്തിയുടെ അവകാശം എന്ന നിലയിലാണ് മുൻകൂര്‍ ജാമ്യം അനുവദിക്കുന്നത് എന്നാണ് കോടതി പറഞ്ഞത്. എന്നാൽ ഡിഎൻഎ ടെസ്റ്റ് അടക്കമുള്ള നടപടികളോട് സഹകരിക്കാനാകില്ലെന്ന ബിനോയ് കോടിയേരിയുടെ നിലപാട് അംഗീകരിച്ചിട്ടില്ല. കേസ് അന്വേഷിക്കുന്ന ഓഷിവാര പൊലീസ് ആവശ്യപ്പെടുന്ന പക്ഷം ഡിഎൻഎ ടെസ്റ്റിനുള്ള രക്ത സാമ്പിളുകൾ നൽകുന്നതിനടക്കം ബിനോയ് കോടിയേരി തയ്യാറാകണമെന്നും കോടതി പറഞ്ഞിട്ടുണ്ട്. 

തെളിവ് നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കണമെന്ന് കൂടി ഓര്‍മ്മിപ്പിച്ചാണ് കോടതി ബിനോയ് കോടിയേരിക്ക് മുൻകൂര്‍ ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ ബിനോയ്‌ ഹാജരാകുമെന്നും കേസന്വേഷണവുമായി സഹകരിക്കും എന്നും പ്രതിഭാഗം അഭിഭാഷകൻ അറിയിച്ചു. അന്വേഷണ കാലയളവിൽ ബിനോയ്‌ക്കു രാജ്യം വിട്ടു പുറത്തു പോകണമെങ്കിൽ കോടതിയെ അറിയിച്ചു അനുമതി വാങ്ങണം.

ജൂൺ പതിമൂന്നിന് യുവതി ഓഷിവാര സ്റ്റേഷനിൽ പീഡന പരാതി നൽകി ഒരാഴ്ചയ്ക്ക് ശേഷമാണ് അറസ്റ്റ് തടയാൻ ബിനോയ് നീക്കം തുടങ്ങിയത്. 5 കോടി തട്ടാൻ യുവതിയും കൂട്ടാളികളും കള്ളക്കേസ് നൽകി എന്നായിരുന്നു മുൻകൂർ ജാമ്യ ഹർജിയിൽ ബിനോയ് വാദിച്ചത്. വിവാഹം കഴിഞ്ഞെന്ന് വ്യാജ രേഖ ഉണ്ടാക്കി ബിനോയ്ക്ക് വക്കീൽ നോട്ടീസ് അയക്കുകയും അതേസമയം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തത് ചൂണ്ടിക്കാട്ടിയായിരുന്നു വാദം. എന്നാൽ ബിനോയ്ക്കെതിരെ നിരവധി തെളിവുകളാണ് യുവതിയുടെ അഭിഭാഷകൻ നിരത്തിയത്.

സ്വന്തം ഇമെയിലിൽ നിന്ന് ബിനോയ് യുവതിക്കും കുഞ്ഞിനും വിസയും വിമാന ടിക്കറ്റും അയച്ചതിന്‍റെ തെളിവുകൾ യുവതിയുടെ അഭിഭാഷകൻ കോടതിയിൽ നൽകിയിട്ടുണ്ട്. ഈ ടിക്കറ്റുപയോഗിച്ച് യുവതി ദുബായി സന്ദർശിച്ചതിന്‍റെ യാത്ര രേഖകളും ഹാജരാക്കി. യുവതിയും ബിനോയിയും ഒന്നിച്ച് അന്ധേരി വെസ്റ്റിൽ താമസിച്ചതിന്‍റെ രേഖ പ്രൊസിക്യൂഷൻ കോടതിയിൽ നൽകി.

ബിനോയിയുടെ അച്ഛൻ മുൻമന്ത്രിയാണെന്നും നേരത്തെ ക്രിമിനൽകേസുള്ള പ്രതിക്ക് ജാമ്യം നൽകുന്നത് യുവതിക്കും കുഞ്ഞിനും ഭീഷണിയാണെന്നും അഭിഭാഷകൻ വാദിച്ചു.

click me!