ബിനോയിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് വരും; തെളിവുകളായി ഫോട്ടോകളും കോൾ റെക്കോഡും

By Web TeamFirst Published Jun 21, 2019, 10:01 AM IST
Highlights

വിവാഹവാഗ്‍ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ബിനോയ്ക്കായി കേരളത്തിലും മുംബൈയിലും പൊലീസ് തെരച്ചിൽ തുടരുന്നു. ബിനോയ് രാജ്യം വിട്ടിട്ടില്ലെന്ന് പൊലീസ് നിഗമനം. 

മുംബൈ/കണ്ണൂർ: ലൈംഗിക പീഡനക്കേസിൽ ഒളിവില്‍ കഴിയുന്ന സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിയെ കണ്ടെത്താൻ മുംബൈ പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കും. വിവാഹവാഗ്‍ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ബിനോയ്ക്കായി കേരളത്തിലും മുംബൈയിലും തെരച്ചിൽ തുടരുകയാണ്. ബിനോയ് കോടിയേരി രാജ്യം വിട്ടിട്ടില്ലെന്നാണ് പൊലീസിന്‍റെ നിഗമനം. അതേസമയം, അറസ്റ്റ് തടയാനായി ബിനോയ് മുംബൈ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുമെന്നാണ് വിവരം. 

കേസില്‍ ബിനോയ് കോടിയേരിക്കെതിരെ ശക്തമായ തെളിവുകള്‍ ശേഖരിച്ചുവരുകയാണ് മുംബൈ പൊലീസ്. ബിനോയ് യുവതിക്കൊപ്പം കഴിഞ്ഞതിന് കൃത്യമായ തെളിവുണ്ടെന്ന് പൊലീസ് പറയുന്നു. മുംബൈയിൽ ഫ്ലാറ്റിലും പല ഹോട്ടലുകളിലും ഇരുവരും ഒന്നിച്ച് താമസിച്ചെന്നും പൊലീസ് വ്യക്തമാക്കുന്നു. അതേസമയം, ബിനോയ് എവിടെയാണ് എന്നത് സംബന്ധിച്ച് ഒരു സൂചനയുമില്ല. കഴിഞ്ഞ ദിവസം മുതൽ ബിനോയ് കോടിയേരിയുടെ രണ്ട് ഫോൺ നമ്പരുകളും സ്വിച്ച്ഡ് ഓഫാണ്. ഈ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസിറക്കാന്‍ പൊലീസ് ഒരുങ്ങുന്നത്.

അറസ്റ്റിലേക്ക് മുംബൈ പൊലീസ് കടക്കുമെന്ന് ഉറപ്പായതോടെയാണ് മുൻകൂർ ജാമ്യത്തിനായുള്ള ബിനോയിയുടെ ശ്രമം. ഇന്ന് തന്നെ കോടതിയിൽ ജാമ്യഹർജി നൽകുമെന്നാണ് സൂചന. ഇതിനായി അഭിഭാഷകരെ നിയോഗിച്ചതായും വിവരമുണ്ട്. ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനാണ് യുവതി തനിക്കെതിരെ പീഡന പരാതി നൽകിയതെന്നാണ് ബിനോയ് ആരോപിക്കുന്നത്. യുവതിയുടെ പരാതിയിൽ വിശദമായ പരിശോധനയ്ക്കായി കണ്ണൂരിലുള്ള മുംബൈ പൊലീസ് സംഘം തിരുവനന്തപുരം കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്നാണ് സൂചന. ബിനോയിയെ കണ്ടെത്തുക എന്നതാണ് പൊലീസ് സംഘത്തിന്‍റെ ലക്ഷ്യം. ഇതിനിടെ, യുവതി നൽകിയ ഫോട്ടോകളും കോൾ റെക്കോഡും വീഡിയോകളുമടക്കം ഡിജിറ്റൽ തെളിവുകളുടെ ശാസ്ത്രീയ പരിശോധന മുംബൈയിൽ തുടരുകയാണ്. സാക്ഷികളെ കണ്ട് മൊഴി രേഖപ്പെടുത്തുന്നുമുണ്ട്. 

Read Also: ബിനോയ് കോടിയേരി ഒളിവിൽ, യുവതിക്കൊപ്പം കഴിഞ്ഞതിന് തെളിവ്, പൊലീസിന് മൊഴി നൽകി

മുംബൈയിലെ ഒരു ബാറിലെ ഡാൻസറായിരുന്ന തന്നെ ബിനോയ് വിവാഹവാഗ്‍ദാനം നൽകി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. വിവാഹ വാഗ്ദാനം നൽകി 2009 മുതൽ 2018 വരെ പീഡിപ്പിച്ചെന്നുവെന്നാണ് ബീഹാർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പറയുന്നത്. ബന്ധത്തിൽ എട്ട് വയസ്സുള്ള കുട്ടിയുണ്ടെന്നും മുപ്പത്തിനാലുകാരി പറയുന്നു. അന്ധേരിയിലെ ഒഷിവാര പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി പരാതി നൽകിയത്. കേസന്വേഷണവുമായി ബന്ധപ്പെട്ട് മുംബൈയിൽ നിന്നുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം ബിനോയിയ്‍ക്ക് നോട്ടീസ് നൽകിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു കൊണ്ടാണ് നോട്ടീസ്.

Read Also: മുംബൈ പോലീസെത്തിയത് തെളിവ് ശേഖരിച്ച ശേഷം; അറസ്റ്റിന് തയ്യാറെടുത്ത് പൊലീസ് ; ബിനോയ് ഒളിവിൽ

click me!