
മുംബൈ: ലൈംഗിക പീഡന പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിനോയ് കോടിയേരിയോട് മുംബൈ പൊലീസ് ആവശ്യപ്പെട്ടതായി സൂചന. അതിനിടെ അറസ്റ്റ് ഒഴിവാക്കാൻ ബിനോയ് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരങ്ങളുണ്ട്. കേസ് സിപിഎമ്മിനെതിരെ കോൺഗ്രസ് ആയുധമാക്കിയപ്പോൾ പാർട്ടിക്ക് ബന്ധമില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് സിപിഎം നേതാക്കൾ.
ബിനോയ് കോടിയേരിക്കെതിരായ പരാതിയിൽ അന്വേഷിക്കാൻ മുബൈ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിനോയിയോട് പൊലീസ് ആവശ്യപ്പെട്ടതായി വിവരമുണ്ട്. പരാതി നല്‍കിയ യുവതിയിൽ നിന്നും പൊലീസ് ഉടൻ മൊഴി രേഖപ്പെടുത്തും. യുവതിക്കൊപ്പം ബിനോയ് നിൽക്കുന്ന ചിത്രങ്ങളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും പൊലീസ് പരിശോധിക്കും. കേസിന് പാർട്ടിയുമായി ബന്ധമില്ലെന്ന് പറഞ്ഞ് സിപിഎം നേതാക്കൾ കൈ കഴുകുമ്പോൾ പ്രതിപക്ഷം ഇന്ന് സിപിഎമ്മിനെതിരെ രംഗത്തെത്തി.
നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ പാർട്ടി ഇടപെടിലില്ലെന്നാണ് ഇന്നും സിപിഎം വിശദീകരണം. അതേസമയം, വിഷയത്തില്‍ ഇന്നും കോടിയേരി പ്രതികരിച്ചിട്ടില്ല. അതിനിടെ യുവതിക്കെതിരെ ബിനോയ് നൽകിയ പരാതിയിൽ ഇപ്പോഴും കണ്ണൂർ റേഞ്ച് ഐജി തുടർനടപടി എടുത്തിട്ടില്ല. മുംബെയിൽ നടന്ന സംഭവങ്ങളിൽ കേരളത്തിൽ കേസ് എടുക്കാനാകുമോ എന്ന സംശയം പ്രകടിപ്പിച്ച് നേരത്തെ എസ്പി ഐജിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam