മുണ്ടക്കൈ ദുരന്തം; കേന്ദ്രവും സംസ്ഥാനവും പഴിചാരുന്നതിനിടെ മുന്നറിയിപ്പുകളെ ചൊല്ലിയും തർക്കം, വിമർശനം ഉയരുന്നു

Published : Aug 01, 2024, 06:31 AM IST
മുണ്ടക്കൈ ദുരന്തം; കേന്ദ്രവും സംസ്ഥാനവും പഴിചാരുന്നതിനിടെ മുന്നറിയിപ്പുകളെ ചൊല്ലിയും തർക്കം, വിമർശനം ഉയരുന്നു

Synopsis

എന്നാൽ ഇത്ര കടുത്ത ആഘാതം ഉണ്ടാകാനുള്ള സാധ്യത അറിയിച്ചില്ലെന്നാണ് സംസ്ഥാനത്തിന്റെ വാദം. മുൻ അനുഭവങ്ങൾ ഉണ്ടായിട്ടും പ്രാദേശിക മുന്നറിയിപ്പുകളും അവഗണിക്കപ്പെട്ടെന്ന വിമർശനവും ഉയരുന്നുണ്ട്.

തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തത്തിൽ മുന്നറിയിപ്പുകളെ ചൊല്ലി തർക്കം മുറുകുന്നു. കൃത്യമായ മുന്നറിയിപ്പുകൾ നൽകിയിരുന്നു എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിലപാട്. എന്നാൽ ഇത്ര കടുത്ത ആഘാതം ഉണ്ടാകാനുള്ള സാധ്യത അറിയിച്ചില്ലെന്നാണ് സംസ്ഥാനത്തിന്റെ വാദം. മുൻ അനുഭവങ്ങൾ ഉണ്ടായിട്ടും പ്രാദേശിക മുന്നറിയിപ്പുകളും അവഗണിക്കപ്പെട്ടെന്ന വിമർശനവും ഉയരുന്നുണ്ട്.

മുണ്ടക്കൈ ദുരന്തത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പഴിചാരലുകൾക്കിടയിലാണ് മുന്നറിയിപ്പുകളെ 
ചൊല്ലിയുള്ള ചർച്ചകളും സജീവമാകുന്നത്. ഓരോ മഴ മുന്നറിയിപ്പുകളും അനുസരിച്ച് ഓറഞ്ച് ബുക്ക് പ്രകാരമുള്ള
നടപടി. ഓറഞ്ച് അലർട്ട് എന്നാൽ അതീവ ജാഗ്രത എന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ 
ഓറഞ്ച് ബുക്കിൽ പറയുന്നത്. എല്ലാവിധ സുരക്ഷാ മുന്നൊരുക്കങ്ങളും തുടങ്ങണം. ആളുകളെ മാറ്റിത്താമസിപ്പിക്കണം. രക്ഷാ സൈന്യങ്ങളോട് തയാറാകാൻ ആവശ്യപ്പെടണം. ക്യാമ്പുകൾ സജ്ജമാക്കണം.

2018ലെ പ്രളയത്തിന് ശേഷമാണ് ഓറഞ്ച് ബുക്ക് പ്രകാരമുള്ള നടപടിക്രമങ്ങൾ സംസ്ഥാനം പിന്തുടരുന്നത്. 29ന് ഉച്ചയ്ക്കാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വയനാട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്. അന്നത്തെ ഐഎംഡി ബുള്ളറ്റിനിൽ ഉരുൾപൊട്ടൽ സാധ്യതയും പറയുന്നുണ്ട്. ദുരന്തം ഉണ്ടായ പ്രദേശത്ത് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് മഴ മാപിനി ഇല്ല. എന്നാൽ തൊട്ടടുത്ത മഴ മാപിനികളിൽ തുടർച്ചയായി ശക്തമായ മഴ രേഖപ്പെടുത്തിയത് കണക്കിലെടുത്താണ് ജാഗ്രത നിർദ്ദേശം നൽകിയത് എന്നാണ് ഐഎംഡി വിശദീകരിക്കുന്നത്. എന്നാൽ ഈ മുന്നറിയിപ്പുകൾ പര്യാപ്തമല്ല എന്ന വാദമാണ് സർക്കാരിന്റേത്. ഇത്ര കടുത്ത മഴയ്ക്കും, ആഘാതത്തിനുമുള്ള സാധ്യത മുന്നറിയിപ്പുകളിൽ ഉണ്ടായിരുന്നില്ലെന്നാണ് സർക്കാർ വാദം. കൽപ്പറ്റ കേന്ദ്രീകരിച്ചുള്ള ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി എന്ന സ്ഥാപനത്തിന്റെ പുത്തുമലയിലെ മഴ മാപിനിയിൽ ഞായറാഴ്ച രേഖപ്പെടുത്തിയത് 200 മി.മീ മഴയാണ്. രാത്രി 130 മി.മീ മഴയും. ദുരന്ത സാധ്യത തിങ്കളാഴ്ച തന്നെ ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു എന്നാണ് സ്ഥാപനം വ്യക്തമാക്കുന്നത്. പുതുമലയിലും മുണ്ടക്കൈയിലും കനത്ത മഴയും മണ്ണിടിച്ചിലും എന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.

പ്രാദേശികമായ ഈ മുന്നറിയിപ്പുകൾ അവഗണിച്ചോ എന്ന ചോദ്യമാണ് ഉയരുന്നത്. പ്രളയത്തിന് ശേഷം സ്കൈമെറ്റ് പോലെയുള്ള സ്വകാര്യ ഏജൻസികളിൽ നിന്നുള്ള വിവരങ്ങളും കേരളം ശേഖരിക്കുന്നുണ്ട്. അവയിലും ഇത്ര വലിയ ദുരന്ത സാധ്യത സൂചിപ്പിച്ചിരുന്നില്ലെന്നാണ് സർക്കാർ വാദം. അന്നേ ദിവസം രാത്രിയിൽ കൊച്ചി കുസാറ്റിൽ നിന്നുള്ള റഡാർ ഇമേജിൽ വടക്കൻ കേരളത്തിൽ കനത്ത മഴ സാധ്യത സൂചിപ്പിച്ചിരുന്നു. കാറ്റിനും ന്യൂനമർദ്ദ പാത്തിക്കും ഒപ്പം
അസാധാരമായ മേഘരൂപീകരണം കൂടിയാണ് ദുരന്തം ഉണ്ടാക്കിയത് എന്നാണ് പല കാലാവസ്ഥ വിദഗ്ദ്ധറും ചൂണ്ടിക്കാട്ടുന്നത്. 

മരണസംഖ്യ ഉയരുന്നു; 240 പേർ കാണാമറയത്ത്, പാറക്കല്ലുകളും ചെളിയും നിറഞ്ഞ വീടുകളിൽ നിരവധി പേർ കുടുങ്ങിയതായി സംശയം

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുടുംബത്തോടൊപ്പം സന്നിധാനത്ത് എത്തി ഡിജിപി, എല്ലാ ഭക്തർക്കും ഉറപ്പ് നൽകി; സുഗമമായ ദർശനത്തിന് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തി
സഹോദരിയെ കളിയാക്കിയ യുവാവിനെ കുത്തിക്കൊന്നു, സംഭവം തൃശൂരില്‍