
ഇടുക്കി: വിനോദസഞ്ചാരികൾ കുടുങ്ങിയ മൂന്നാർ ആനച്ചാലിലെ സ്കൈ ഡൈനിംഗിന് കളക്ടറുടെ സ്റ്റോപ്പ് മെമ്മോ. സ്ഥാപനത്തിന് റെസ്റ്റോറൻറ് ലൈസൻസില്ല. നടത്തിപ്പുകാരായ 2 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ലൈസൻസ് ഇല്ലാത്ത എല്ലാ സാഹസിക വിനോദങ്ങൾക്ക് എതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്കൈ ഡൈനിങ്ങിന് ആകെയുണ്ടായിരുന്നത് കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ മാത്രം അനുമതിയാണെന്ന് കണ്ടെത്തി. പുതിയ സാഹസിക വിനോദ മേഖലയായതിനാൽ, ഏതൊക്കെ വകുപ്പുകളുടെ അനുമതി വേണമെന്ന കാര്യത്തിൽ ഇതുവരെ സർക്കാർ തീരുമാനമെടുത്തിട്ടുമില്ല. സുരക്ഷ ഓഡിറ്റ് പോലും നടത്താത്ത സ്കൈ ഡൈനിങിനാണ് ജില്ലാ കളക്ടർ സ്റ്റോപ്പ് മെമ്മോ നൽകിയത്.
സിപ്പ് ലൈൻ, ആകാശ സൈക്കിൾ തുടങ്ങിയ സാഹസിക വിനോദങ്ങൾക്ക് ടൂറിസം വകുപ്പിന് പുറമേ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉൾപ്പെടെ സുരക്ഷ ഓഡിറ്റ് പൂർത്തിയായ ശേഷമേ അന്തിമാനമതി നൽകൂ. എന്നാൽ സ്കൈ ഡൈനിങ് പുതിയ ആശയമായതിനാൽ, ഏതൊക്കെ അനുമതി വേണമെന്ന് കാര്യത്തിൽ സർക്കാരിന് വ്യക്തത കുറവുണ്ട്. സാഹസിക വിനോദം പ്രോത്സാഹിപ്പിക്കുന്ന സൊസൈറ്റി മാത്രമാണ് പരിശോധിച്ചു അനുമതി നൽകിയിട്ടുള്ളത്. ഇത് അപര്യാപ്തമെന്ന് ആനച്ചാലിലെ സംഭവം അടിവരയിടുന്നു. ആനച്ചാലിലെ സതേൺ സ്കൈസ് ഏറോഡൈനാമിക്സ് എന്ന സ്ഥാപനത്തിന് ഭക്ഷണശാല നടത്താനുള്ള അനുമതിയുമില്ലായിരുന്നു. സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതിനാൽ ജില്ലാ കളക്ടർ സ്റ്റോപ്പ് മെമ്മോ നൽകി. ഇത്തരത്തിലുള്ള സ്ഥാപനങ്ങളിൽ പരിശോധന നടത്താനും ജില്ല ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 31 ഇനം സാഹസിക വിനോദ ഉപാധികൾക്കാണ് നിലവിൽ ലൈസൻസ് നൽകാൻ മാർഗ്ഗ നിർദ്ദേശങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. ഐഐടി പോലുള്ള സ്ഥാപനങ്ങളെയാണ് സുരക്ഷ പരിശോധനക്ക് ടൂറിസം വകുപ്പ് നിയോഗിക്കുക. വിദേശത്ത് പ്രാബല്യത്തിലുള്ള പല സാഹസിക മാതൃകകളും കഴിഞ്ഞ രണ്ട് വർഷത്തിനിടെ സംസ്ഥാനത്തുമെത്തിയിട്ടുണ്ട്. ഇവയ്ക്കുളള മാനദണ്ഡങ്ങളും മാർഗ്ഗ നിർദ്ദേശങ്ങളും തയ്യാറാക്കിയില്ലെങ്കിൽ ഇത്തരം അപകടങ്ങൾ ഇനിയുമുണ്ടായേക്കുമെന്നാണ് ആശങ്ക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam