
കോഴിക്കോട്: കൊയിലാണ്ടിയിൽ കൊല്ലപ്പെട്ട സിപിഎം ലോക്കൽ സെക്രട്ടറി പി വി സത്യനാഥന്‍റെ സംസ്കാരം വീട്ടുവളപ്പിൽ നടന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം വിലാപയാത്രയായാണ് മൃതദേഹം പെരുവട്ടൂരിലെ വീട്ടിലെത്തിച്ചത്. വീട്ടിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അര്‍പ്പിക്കാൻ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുൾപ്പെടെ നിരവധി പേരാണ് എത്തിയത്. തുടർന്ന് 9.20ഓടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. സത്യനാഥനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി അഭിലാഷിന്‍റെ അറ്സ്റ്റ് വൈകീട്ടോടെയാണ് പൊലീസ് രേഖപ്പെടുത്തിയത്. തുടർന്ന് ഇയാളെ വടകര ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തി. രാത്രി തന്നെ മജിസ്ട്രേറ്റിന് മുന്നിൽ അഭിലാഷിനെ ഹാജരാക്കും.
സത്യനാഥനെ കൊലപ്പെടുത്താനായി പ്രതി അഭിലാഷ് ഉപയോഗിച്ച ആയുധം വൈകീട്ടോടെ കണ്ടെത്തി. ക്ഷേത്രത്തിന് തൊട്ടടുത്ത പറമ്പിൽ നിന്നാണ് നേർത്ത മൂർച്ചയേറിയ കറുത്ത പിടിയുള്ള കത്തി കണ്ടെത്തിയത്. എടച്ചേരി സ്റ്റേഷനിൽ വെച്ചുള്ള ചോദ്യം ചെയ്യലിലില്‍ ആയുധം ഉപേക്ഷിച്ച സ്ഥലത്തെ കുറിച്ച് ഇയാള്‍ വിവരം നൽകുകയായിരുന്നു. പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കാനും പുറത്താക്കിയ ശേഷം തന്നെ ഒറ്റപ്പെടുത്താനും സത്യനാഥന്‍ ശ്രമിച്ചെന്ന ചിന്തയാണ് കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്ന് അഭിലാഷ് പൊലീസിന് മൊഴി നല്‍കി.
കഴുത്തിലടക്കം ഏറ്റ ആഴത്തിലുളള ആറ് മുറിവുകളാണ് സത്യനാഥന്‍റെ മരണത്തിന് കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലെന്നാണ് വിവരം. വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള 14 അംഗ സംഘത്തിന് കേസിന്‍റെ അന്വേഷണ ചുമതല. അതിനിടെ, സത്യനാഥനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണെന്ന നിലയിൽ സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയ എം.സ്വരാജ്, പി.ശശി, എം.വിജിന്‍ തുടങ്ങിയവര്‍ക്കെതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട്ടെ ബിജെപി നേതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam