
തിരുവനന്തപുരം: മ്യൂസിയം പരിസരത്ത് നടക്കാനിറങ്ങിയ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സന്തോഷിനെ കസ്റ്റഡിയിൽ വാങ്ങാനുളള മ്യൂസിയം പൊലീസിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. കുറവൻകോണത്തെ വീട്ടിൽ കയറി അതിക്രമം കാണിച്ച കേസിൽ പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്ത സന്തോഷിനെ ഇന്നലെ റിമാൻഡ് ചെയ്തിരുന്നു.
ലൈംഗികാതിക്രമ കേസിൽ കസ്റ്റഡിയിൽ വാങ്ങിയ ശേഷം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്യും. ഇതിന് ശേഷം മ്യൂസിയം പരിസരത്ത് കൊണ്ടുപോയി തെളിവെടുക്കും. മ്യൂസിയം പൊലീസിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞ ശേഷം കുറവൻകോണം കേസിലെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പേരൂർക്കട പൊലീസ് കോടതിയെ സമീപിക്കും.
മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായ സന്തോഷ്, സർക്കാർ വാഹനം ദുരുപയോഗം ചെയ്താണ് തലസ്ഥാനത്ത് അതിക്രമം നടത്തിയത്. കുറവൻകോൺത്തും മ്യൂസിയം പരിസരത്തും അതിക്രമം നടത്തിയത് ഒരാൾ തന്നെയെന്ന സംശയമാണ് ശരിയായത്. കുറവൻകോണത്ത് വീട്ടിൽ അതിക്രമം കാണിച്ചകേസിലെ അന്വേഷണമാണ് സന്തോഷിനെ കുടുക്കിയത്. 25ന് രാത്രി കുറവൻകോൺത്തെ വീട്ടിൽ സന്തോഷ് എത്തിയ ഇന്നോവാ കാർ തിരിച്ചറിഞ്ഞതാണ് വഴിത്തിരിവായത്.
സിസിടിവിയിൽ വാഹനത്തിൻറെ മുന്നിലുണ്ടായിരുന്ന സർക്കാർ ബോർഡ് മറച്ച നിലയിലായിരുന്നു. ഡാഷ് ബോർഡിൽ പതാകയും ഉണ്ടായിരുന്നു. ഈ അന്വേഷണം ചെന്നെത്തിയത് സെക്രട്ടറിയേറ്റിലായിരുന്നു. ജല വിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലുള്ള വാഹനം ഉപയോഗിക്കുന്നത് മന്ത്രി റോഷി അഗസ്റ്റിൻറെ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാരാൻ നായരാണെന്ന് തിരിച്ചറിഞ്ഞു. പിന്നാലെ ഡ്രൈവർ സന്തോഷിലേക്ക് അന്വേഷണമെത്തുകയായിരുന്നു.
മ്യൂസിയം പരിസരത്ത് വനിതാ ഡോക്ടർക്ക് നേരെ ആക്രമം ഉണ്ടായപ്പോഴും കുറവൻകോണത്തെ വീട്ടിൽ കയറിയപ്പോഴും സന്തോഷിന്റെ മൊബൈൽ ടവർ ആ പരിസരങ്ങളിൽ തന്നെയായിരുന്നു. കുറവൻകോണത്തെ കേസിൽ ഇന്നലെ രാത്രി സന്തോഷിനെ അറസ്റ്റ് ചെയ്തു. അതിക്രമത്തിന് ഇരയായ സ്ത്രീ പ്രതിയെ തിരിച്ചറിഞ്ഞതിന് പിന്നാലെ മ്യൂസിയം കേസിലെയും പ്രതി സന്തോഷ് തന്നെയെന്ന് ഉറപ്പിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam