
മലപ്പുറം: യുഡിഎഫ് കൺവീനറും എംപിയുമായ അടൂർ പ്രകാശിനെ തള്ളി മുസ്ലിംലീഗ് നേതൃത്വം. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വിഷയം നിൽക്കുമ്പോൾ ഇങ്ങനെയൊരു പ്രശ്നം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും യുഡിഎഫിൽ വലിയ ഹിമാലയൻ പ്രശ്നങ്ങളില്ലെന്നും മന്ത്രി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട വാർത്ത കളയണ്ട. ഉഭയകക്ഷി ചർച്ചകളിലൂടെയാണ് കുറച്ചു കാര്യങ്ങൾ തീരുമാനമായത്. ഇനിയും കുറേ നിയമനങ്ങളിൽ തീരുമാനം വരാനുണ്ടെന്നും അപ്പോൾ എല്ലാവരുടെയും പരാതികൾ അവസാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. വിവാദം സർക്കാരിൻ്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, യുഡിഎഫിൽ ചർച്ചചെയ്താണ് തീരുമാനങ്ങൾ എടുക്കാറുള്ളതെന്നും അഭിപ്രായവ്യത്യാസങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാവുന്ന കാര്യമേ ഉള്ളൂ എന്നും പാണക്കാട് സാദിഖലി തങ്ങൾ പ്രതികരിച്ചു.
ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ നിയമനം അടക്കമുള്ള കാര്യങ്ങളിൽ മുന്നണിയിൽ കൂടിയാലോചനകൾ ഉണ്ടായില്ലെന്ന യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ വിമർശനത്തിൽ മുസ്ലിംലീഗ് കടുത്ത അതൃപ്തിയിലാണ്. അടൂർ പ്രകാശിന്റെ പരാമർശങ്ങൾ അനാവശ്യവും അനവസരത്തിലും എന്നാണ് ലീഗ് നേതാക്കളുടെ വിലയിരുത്തൽ. ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം ഡോ. എം കെ മുനീറിന് നൽകാൻ നേരത്തെ ധാരണ ആയതാണ്. എന്നിട്ടും മുന്നണി യോഗം വിളിക്കാൻ ചുമതലയുള്ള കൺവീനർ തന്നെ ഇക്കാര്യത്തിൽ വ്യത്യസ്ത നിലപാടുമായി പരസ്യ പ്രതികരണങ്ങൾ നടത്തിയത് ശരിയായില്ല എന്നാണ് ലീഗ് വിലയിരുത്തൽ. അതിനിടെ, മുനീറിനെ ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാനായി നിയമിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam