
കണ്ണൂർ: കണ്ണൂർ വളപട്ടണം ഗ്രാമ പഞ്ചായത്തിൽ കോൺഗ്രസും മുസ്ലീം ലീഗും പരസ്പരം ഏറ്റുമുട്ടുന്നു. 13 അംഗ പഞ്ചായത്തിൽ വെൽഫെയർ പാർട്ടിയുമായി കൂട്ട് ചേർന്നാണ് ലീഗിന്റെ മത്സരം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കാലുവാരിയെന്നാരോപിച്ച് കോൺഗ്രസ് ബന്ധം ലീഗ് ഉപേക്ഷിക്കുമ്പോൾ യുഡിഎഫ് കോട്ടയിൽ പ്രവചനം അസാധ്യമാവുകയാണ്.
സംസ്ഥാനത്തെ ഏറ്റവും ചെറിയ ഗ്രാമ പഞ്ചായത്തുകളിലൊന്നായ വളപട്ടണത്ത് ആകെ 6423 വോട്ടർമാരെ ഉള്ളൂ. ഈ കുഞ്ഞൻ പഞ്ചായത്ത് ജില്ലയിലെ യുഡിഎഫ് നേതൃത്വത്തിന് ഉണ്ടാക്കിയ തലവേദന ചില്ലറയല്ല. മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ഇവിടെ ലീഗുകാരും കോൺഗ്രസുകാരും ഒത്തുപോകില്ലെന്ന് നേതൃത്വത്തിന് ബോധ്യമായതോടെ സൗഹൃദ മത്സരം എന്ന ഓമനപ്പേരിൽ പരസ്പരം ഏറ്റുമുട്ടുന്നു. അടിയുടെ കാരണം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പാണ്. അന്ന് 7 ഇടത്ത് ലീഗും 6 വാർഡിൽ കോൺഗ്രസും മത്സരിച്ചു. ഫലം വന്നപ്പോൾ വല്യേട്ടനായ ലീഗ് മൂന്നിടത്ത് തോറ്റു. കോൺഗ്രസാകട്ടെ ആറിടത്തും ജയിച്ച് പഞ്ചായത്ത് പ്രസിഡന്റ് പദവിയും കൈക്കലാക്കി.
കാലുവാരിയ കോൺഗ്രസിനോട് ഇനി യോജിപ്പില്ലെന്ന് പ്രാദേശിക നേതാക്കൾ ആണയിട്ടു. ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് നേരിട്ട് ചർച്ച നടത്തിയിട്ടും അയഞ്ഞില്ല. സുധാകരനും കെ എം ഷാജിയുമൊക്കെ പടിച്ച പണി പതിനെട്ടും നോക്കിയിട്ടും വളപട്ടണത്തെ ലീഗുകാർ പിന്നോട്ട് പോയില്ല വെൽഫെയർ പാർട്ടിക്ക് രണ്ട് സീറ്റും നൽകി പത്തിടത്ത് ലീഗുകാർ സ്ഥാനാർത്ഥികളെ നിർത്തി.
2000ത്തിലും ഇതുപോലെ പരസ്പരം മത്സരിച്ച ഇരുകൂട്ടരും ജയിച്ചപ്പോൾ ഒരുമിച്ചു ഭരിച്ച ചരിത്രവും വളപട്ടണത്തുണ്ട്. എന്തായാലും ഈ തമ്മിൽതല്ലിന്റെ ഫലം എന്താവുമെന്ന് അറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് കഴിഞ്ഞ തവണ രണ്ട് സീറ്റിൽ മാത്രം ഒതുങ്ങിപ്പോയ സിപിഎം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam