വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്.സിക്ക് വിടുന്നതിനെതിരെ മുസ്ലീം ലീഗ് കോടതിയിലേക്ക്

By Web TeamFirst Published Nov 13, 2021, 6:09 PM IST
Highlights

മുസ്ലീം സമുദായത്തിന്റെ കൂടി വോട്ടു വാങ്ങി അധികാരത്തിലേറിയ ശേഷമാണ് മുസ്ലീം വിരോധം സർക്കാർ കാണിക്കുന്നതെന്ന് പിഎംഎ സലാം ആരോപിച്ചു.

കോഴിക്കോട്: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് (PSC) വിട്ടതിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി മുസ്ലീം ലീഗ് (muslim league). വഖഫ് ബോർഡ് നിയമനവിഷയത്തിൽ ഹൈക്കോടതിയെ (Kerala highcourt) സമീപിക്കുമെന്ന് വ്യക്തമാക്കിയ മുസ്ലീം സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം (PMA Salam) വിഷയം ചർച്ച ചെയ്യാൻ നവംബർ 22-ന് വിവിധ മുസ്ലീംസംഘടനകളുടെ നേതൃയോഗം കോഴിക്കോട് വച്ചു ചേരുമെന്നും അറിയിച്ചു. 

മുസ്ലീം സമുദായത്തിന്റെ കൂടി വോട്ടു വാങ്ങി അധികാരത്തിലേറിയ ശേഷമാണ് മുസ്ലീം വിരോധം സർക്കാർ കാണിക്കുന്നതെന്ന് പിഎംഎ സലാം ആരോപിച്ചു. വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട സർക്കാർ പക്ഷേ പതിനായിരം തസ്തികയുള്ള ദേവസ്വം ബോർഡ് നിയമനം പി.എസ്.സിക്ക് വിടുന്നുമില്ലെന്നും ഇത് ഇരട്ടത്താപ്പാണെന്നും ആരോപിച്ചു. 

ന്യൂനപക്ഷ സ്കോളർഷിപ്പ് പോലെ മുസ്ലീം സൂഹത്തിന് എതിരാകുന്ന നിയമമാകും വഖഫ് നിയമനങ്ങളുമെന്നും ഇതൊഴിവാക്കാൻ ദേവസ്വത്തിൽ ഉണ്ടാക്കിയതു പോലെ വഖഫിലും പ്രത്യക റിക്രൂട്ടിങ് ഏജൻസിയെ നിയമിക്കാത്തത് എന്തുകൊണ്ടാണെന്നും പിഎംഎ സലാം ചോദിച്ചു. മുസ്ലീങ്ങൾക്ക് മാത്രമേ വഖഫ് ബോർഡിൽ നിയമനം നൽകാവൂ എന്ന തീരുമാനം നടപ്പാവില്ല. റിക്രൂട്ടിംഗ് പിഎസ്.സി  വഴിയാകുബോൾ മറ്റു മതസ്ഥർക്ക് കൂടി മുസ്ലീം ആരാധനാലയങ്ങളിൽ നിയമനം നൽകേണ്ടി വരുമെന്നും പിഎംഎ സലാം പറഞ്ഞു. 

എൽഡിഎഫ് സർക്കാർ മുസ്ലിം സമുദായത്തോട്  വൈരാഗ്യത്തോടെ പെരുമാറുന്നുകയാണെന്നും വഖഫ് ബോർഡ് നിയമനങ്ങൾ പി എസ് സി ക്ക് വിടുന്നത് ക്രൂരതയാണെന്നും സലാം പറഞ്ഞു.  മുസ്ലീം വിഭാഗങ്ങളെ തകർക്കാൻ എ കെ ജി സെന്ററിൽ പ്രത്യേക സെൽ പ്രവർത്തിക്കുന്നതായും പി എം എ സലാം മലപ്പുറത്ത് ആരോപിച്ചു.

വഖഫ് ബോർഡ് നിയമനം പിഎസ്എസിക്ക്  വിടാനുള്ള സർക്കാർ തീരുമാനം  ന്യൂനപക്ഷ പീഡനമാണെന്ന് ഇകെ സുന്നി മുഖപത്രമായ സുപ്രഭാതം ആരോപിച്ചു. ദേവസ്വം നിയമനങ്ങൾ പിഎസ് സിക്ക്  വിടാതെ വഖഫ് നിയമനങ്ങൾ മാത്രം വിടുന്നത്  ഭൂരിപക്ഷസമുദായത്തെ പേടിച്ചാണെന്നും സമസ്ത മുഖപത്രം കുറ്റപ്പെടുത്തി.ഇതിനെതിരെ മുസ്ലിം സംഘടനകൾ യോജിച്ച പ്രക്ഷോഭത്തിനിറങ്ങണമെന്നും ആഹ്വാനമുണ്ട്. സംസ്ഥാനസർക്കാർ വിഭ്യാഭ്യാസ ആനുകുല്യ സംവരണത്തിൽ കാണിച്ച വിവേചനം തുടരുകയാണെന്നും മുഖപത്രം കുറ്റപ്പെടുത്തുന്നു. 

വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിടാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ കഴിഞ്ഞ ദിവസമാണ് നിയമസഭ പാസാക്കിയത്. ശബ്ദവോട്ടോടെയാണ് ഈ ബിൽ സഭ പാസാക്കിയത്. മുസ്ലിങ്ങള്‍ക്ക് മാത്രമായിരിക്കും വഖഫ് ബോർഡിൽ നിയമനമെന്നും നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് ബിൽ മൂലം ബുദ്ധിമുട്ടുണ്ടാകില്ലെന്നും മന്ത്രി വി. ആബ്ദുള്‍ റഹ്മാന്‍ നിയമസഭയിൽ അറിയിച്ചിരുന്നു. നിയമനം പിഎസ്സിക്ക് വിടാന്‍ ഒന്നാംപിണറായി സര്‍ക്കാര്‍ ഓർഡിനൻസ് പുറത്തിറക്കിയിരുന്നു.  ഈ ഓർഡിനന്‍സിന് പകരമുള്ള ബില്ലാണ് സഭ പാസാക്കിയത്. 

വഖഫ് ബോര്‍ഡിന്‍റെ ആവശ്യപ്രകാരമാണ് ബില്ലെന്ന് മന്ത്രി സഭയിൽ വിശദീകരിച്ചിരുന്നു. കെ.ബാബു ആവശ്യപ്പെട്ടതനുസരിച്ച് രേഖകകള്‍ മന്ത്രി സഭയുടെ മേശപ്പുറത്ത് വച്ചു. ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യുന്ന പള്ളികളിലോ മദ്രസകളിലോ  ഉള്ള നിയമനം പിഎസ്സിക്കു കീഴിലാകുന്നില്ല. അഡ‍്മിനിസ്ട്രേറ്റീവ് തസ്തികകളിലെ 112 പേരുടെ നിയമനം മാത്രമാണ് പിഎസ്സിക്ക് വിടുന്നതെന്നും യോഗ്യാരായ ആളുകളിൽ നിന്ന് മിടുക്കരെ കണ്ടെത്താനാണ് നിയമനം പിഎസ്സിക്ക് വിടുന്നതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

click me!