
കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിലെ ദുരിതബാധിതർക്ക് മുസ്ലിം ലീഗ് പ്രഖ്യാപിച്ച അടിയന്തര ധനസഹായമായ 15,000 രൂപ വിതരണം ചെയ്തു തുടങ്ങി. വയനാട്ടിലെ ക്യാമ്പിലെത്തിയാണ് തുക കൈമാറുന്നത്. സഹായം വാങ്ങാൻ എത്തിയ ദുരിതബാധിതരോട് കുശലം പറഞ്ഞും, ചിരിപ്പിച്ചുമായിരുന്നു പികെ ബഷീര്‍ എംഎൽഎ സംസാരിച്ചത്. പൈസക്ക് പൈസ തന്നെ വേണം. ചെക്ക് തന്നാൽ ബാങ്ക് പിടിക്കും. അതാണ് കയ്യിൽ തന്നെ തരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരിൽ വീടുകളിലേക്ക് മടങ്ങുന്നവർക്ക് അടിയന്തര സാമ്പത്തിക സഹായം നൽകുമെന്ന് മുസ്ലീം ലീഗ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഒന്നര കോടി രൂപയുടെ ആവശ്യ വസ്തുക്കളുടെ സഹായം കളക്ഷൻ സെന്ററുകൾ വഴി ലീഗിന് ലഭിച്ചുവെന്ന് മുസ്ലിം ലീഗ് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. 27 കോടി രൂപയോളം രൂപ വയനാടിനായി സമാഹരിച്ചതായും ലീഗ് നേതാക്കൾ അറിയിച്ചു.
അടിയന്തര സാമ്പത്തിക സഹായമായി 15,000 രൂപ വീതം വെള്ളിയാഴ്ച മുതൽ ഓരോ കുടുംബത്തിനും നൽകുമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വിതരണം ആരംഭിച്ചിരിക്കുന്നത്. അതേസമയം, 40 കച്ചവടക്കാർക്ക് 50,000 രൂപ വീതവും നൽകും. സർക്കാർ പട്ടികയിൽ ഉള്ളവർക്ക് ആണ് ലീഗ് സഹായം നൽകുന്നത്.. തൊഴിൽ മാർഗമായ ജീപ്പ് നഷ്ടപ്പെട്ടവർക്ക് ജീപ്പ് വാങ്ങി നൽകും.
100 വീടുകൾ നിർമിക്കും, 8 സെന്റ് സ്ഥലവും 1,000 സ്ക്വയർ ഫീറ്റ് വീടും, 691 കുടുംബങ്ങൾക്ക് തുകയും നൽകും. ദുരിത ബാധിത മേഖലയിൽ ഉള്ള ഉദ്യോഗാർത്ഥികൾക്ക് യുഎഇയിലെ വിവിധ കമ്പനികളിൽ തൊഴിൽ നൽകും. ഇതിനായി 55 അപേക്ഷകളിൽ നിന്ന് 48 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും നേതാക്കൾ അറിയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam