
മലപ്പുറം: പൊന്നാപുരം കോട്ടയായ മലപ്പുറത്തെ മുസ്ലീംലീഗ് അപ്രമാദിത്വത്തിന് തിരിച്ചടി. തദ്ദേശതെരഞ്ഞെടുപ്പിൽ നിലമ്പൂർ മുൻസിപ്പാലിറ്റിയിലേക്ക് ജനവിധി തേടിയ എല്ലാ ലീഗ് സ്ഥാനാർത്ഥികളും പരാജയപ്പെട്ടതോടെ മുസ്ലീംലീഗിന് സീറ്റില്ലാത്ത മലപ്പുറത്തെ ഏക മുൻസിപ്പാലിറ്റിയായി നിലമ്പൂർ മാറി.
സ്വതന്ത്രസ്ഥാനാർത്ഥികളെ ഇറക്കി എൽഡിഎഫ് നടത്തിയ നീക്കമാണ് യുഡിഎഫിൻ്റെ തകർച്ചയിലേക്കും ലീഗിനെ സംപൂജ്യരാക്കുന്നതിലും കൊണ്ടെത്തിച്ചത്. 33 അംഗ നിലമ്പൂർ മുൻസിപ്പാലറ്റിയിൽ കഴിഞ്ഞ തവണ ഏഴ് സീറ്റുകൾ മാത്രമുണ്ടായിരുന്ന എൽഡിഎഫ് ഇക്കുറി 22 സീറ്റുകളാണ് സ്വന്തമാക്കിയത്.
കഴിഞ്ഞ തവണ 26 സീറ്റുകൾ നേടി അധികാരം പിടിച്ച യുഡിഎഫ് ഒൻപത് സീറ്റുകളിൽ ഒതുങ്ങുകയും ചെയ്തു. ഇതു കൂടാതെ ഒരു സ്വതന്ത്രനായി മത്സരിച്ചയാളും ഒരു ബിജെപി സ്ഥാനർത്ഥിയും വിജയിച്ചു. പ്രളയ ബാധിതർക്കായി രാഹുൽ ഗാന്ധി എത്തിച്ച കിറ്റുകൾ വിതരണം ചെയ്യാതെ നശിച്ചതടക്കം പല സംഭവങ്ങളും ഇവിടെ യുഡിഎഫിനെ പ്രതികൂലമായി ബാധിച്ചുവെന്നാണ് സൂചന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam