
കോഴിക്കോട്: നേതാക്കള്‍ക്ക് മാധ്യമങ്ങളോട് സംസാരിക്കുന്നിതില്‍ നിയന്ത്രണമേര്‍പ്പെടുത്തി മുസ്ലീം ലീഗ്.പാര്ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസ്ഥാന അധ്യക്ഷന്‍റെ അനുമതിയോടു കൂടി മാത്രമേ മാധ്യമങ്ങളോട് പറയാന്‍ പാടുള്ളൂവെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു.. പാര്‍ട്ടി തീരുമാനം ഉത്തരവാദിത്തപ്പെട്ടവര്‍ പറയും.അതിനപ്പുറം അഭിപ്രായ പ്രകടനം നടത്തി ആശയക്കുഴപ്പമുണ്ടാക്കാന്‍ നേതാക്കളെ അനുവദിക്കില്ല. സാമൂഹ്യ മാധ്യമങ്ങളിലും പ്രസംഗങ്ങളിലും പാര്‍ട്ടി നയത്തിന് എതിരായി നേതാക്കളും പ്രവര്‍ത്തകരും അഭിപ്രായം പറയാന്‍ പാടില്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു
ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കുമോയെന്ന കാര്യം യുഡിഎഫില്‍ ചര്‍ച്ച ചെയ്തേ തീരുമാനിക്കൂമെന്നും പി എം എ സലാം പറഞ്ഞു. സിപിഎം ക്ഷണം ഇതു വരെ കിട്ടിയിട്ടില്ല. സെമിനാറിന്‍റെ സ്വഭാവവും പങ്കെടുക്കുന്ന ആളുകളാരാണെന്നുമൊക്കെ പരിശോധിച്ച് മാത്രമേ അന്തിമ തീരുമാനമെടുക്കൂ. ഏകസിവില്‍ കോഡില്‍ ഇ എം എസിന്‍റെ നിലപാടില്‍ നിന്നും സിപിഎം ഇപ്പോള്‍ മാറിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു