
മലപ്പുറം: കോഴിക്കോട് വഖഫ് സംരക്ഷണ റാലിയിലെ (Waqf Rally) വിദ്വേഷ പ്രസംഗത്തിനെതിരെ കേസെടുത്തതിനെതിരെ മുസ്ലീം ലീഗിന്‍റെ (Muslim League) മുതിർന്ന നേതാവും തിരൂരങ്ങാടി എംഎൽഎയുമായ കെ പി എ മജീദ് (K P A Majeed) രംഗത്ത്. നായനാരുടെ (E K Nayanar) പൊലീസിന്‍റെ തോക്കിന് മുന്നിൽ നെഞ്ചുവിരിച്ചവരുടെ പിന്മുറക്കാരെ പിണറായി ഉടുക്ക് കൊട്ടി പേടിപ്പിക്കാൻ നോക്കണ്ടെന്ന് മജീദ് പറഞ്ഞു. ഭാഷാ സമര പോരാട്ടത്തിൽ ഇടനെഞ്ചിലേക്ക് വെടിയേറ്റിട്ട് പിന്തിരിഞ്ഞോടാത്തവരാണ് മുസ്ലീം ലീഗുകാരെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മുസ്ലീം ലീഗ് ഒരു പോർമുഖത്താണ്. ഭീഷണിപ്പെടുത്തിയും കേസെടുത്തും ലീഗിനെ പിന്തിരിപ്പിക്കാമെന്ന് കരുതേണ്ട. കൊത്തിയ പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കാനും അറിയാം. മുഖ്യമന്ത്രി പിണറായിക്ക് മുട്ട് മടക്കേണ്ടി വരുമെന്നും പിന്തിരിഞ്ഞോടേണ്ടി വരുമെന്നും മജീദ് മലപ്പുറത്ത് പറഞ്ഞു.
നേരത്തെ വഖഫ് സംരക്ഷണ റാലിയിൽ വിദ്വേഷ പ്രസംഗം നടത്തിയതിന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിക്കെതിരെ കേസെടുത്തിരുന്നു. സംഘർഷമുണ്ടാക്കുന്ന തരത്തിൽ പ്രകോപനപരമായി പ്രസംഗിച്ചുവെന്നാണ് അബ്ദുറഹ്മാൻ കല്ലായിക്കെതിരായ കേസ്. സിപിഎം പരപ്പനങ്ങാടി ലോക്കൽ കമ്മറ്റി അംഗം മുജീബ് റഹ്മാൻ എപി നൽകിയ പരാതിയിൽ കോഴിക്കോട് വെള്ളയിൽ പൊലീസാണ് കേസെടുത്തത്. കല്ലായിക്കെതിരെ ഐപിസി 153-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
വഖഫ് റാലിയിലെ വിദ്വേഷ പ്രസംഗം; അബ്ദുറഹ്മാൻ കല്ലായിക്കെതിരെ കേസ്
അബ്ദുറഹ്മാൻ കല്ലായിയുടെ പ്രസംഗവും വിശദീകരണവും
മന്ത്രി മുഹമ്മദ് റിയാസിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രസ്താവനയും റാലിയിൽ ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി നടത്തിയിരുന്നു. ''റിയാസിന്‍റേത് വിവാഹമല്ല, വ്യഭിചാരമാണ്. അത് പറയാനുള്ള നട്ടെല്ലുണ്ടാകണം. സ്വവര്‍ഗരതിക്ക് നിയമ പ്രാബല്യം കൊണ്ടുവരണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. അവരുടെ പ്രകടന പത്രികയില്‍ അതിനെക്കുറിച്ച് പറയുന്നുണ്ട്. ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക സ്വാതന്ത്ര്യത്തിനുള്ള ‘വിഡ്ഢിത്തം’ സുപ്രീം കോടതി പ്രഖ്യാപിച്ചപ്പോള്‍ അതിനെ ആദ്യം സ്വാഗതം ചെയ്തത് ഡിവൈഎഫ്ഐയാണെന്ന് കമ്മ്യൂണിസ്റ്റുകാരെ പിന്തുണക്കുന്നവര്‍ ചിന്തിക്കണം'', എന്നീ പ്രസ്താവനകളാണ് അബ്ദുറഹ്മാൻ കല്ലായി നടത്തിയത്. പ്രസ്താവന വിവാദമായതോടെ വിവാദ പരാമര്‍ശത്തിൽ ഖേദം പ്രകടിപ്പിച്ച് അബ്ദുറഹ്മാന്‍ കല്ലായി രംഗത്തെത്തിയിരുന്നു. മതപരമായ കാഴ്ചപ്പാടാണ് താന്‍ പറയാന്‍ ശ്രമിച്ചതെന്നും ആരെയും കുടുംബപരമായോ വ്യക്തപരമായോ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നുമായിരുന്നു അബ്ദുറഹ്മാന്‍ കല്ലായിയുടെ വിശദീകരണം.
റാലിയുടെ പേരിൽ നേതാക്കളടക്കമുള്ള 10000 പേർക്കെതിരെ കേസ്
അതേസമയം കൊവിഡ് ചട്ടങ്ങൾ ലംഘിച്ചെന്നും ഗതാഗത തടസം ഉണ്ടാക്കിയെന്നുമുള്ള കാരണങ്ങളാൽ വഖഫ് സംരക്ഷണ റാലി നടത്തിയതിന്‍റെ പേരിൽ മുസ്ലിം ലീഗ് സംസ്ഥാന നേതാക്കളടക്കം പതിനായിരം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. വഖഫ് നിയമം പിന്‍വലിക്കും വരെ പ്രക്ഷോഭ രംഗത്ത് നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു മുസ്ലിം ലീഗിന്‍റെ റാലി. ഡിസംബർ ഒമ്പതാം തീയതിയാണ് റാലി സംഘടിപ്പിച്ചത്. നേതാക്കളടക്കം കണ്ടാലറിയാവുന്ന 10,000 പേർക്കെതിരെയാണ് വെള്ളിയിൽ പൊലിസ് കേസ് എടുത്തത്.
കോഴിക്കോട്ടെ വഖഫ് സമ്മേളനം; മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ കേസ്
കേസെടുത്തതിന് പിന്നാലെ ശക്തമായ ഭാഷയിലാണ് ലീഗ് നേതാക്കൾ തിരിച്ചടിക്കുന്നത്. പ്രതിപ്പട്ടികയിൽ തന്നെ ഒന്നാമനാക്കണമെന്നായിരുന്നു ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ പ്രതികരണം. പൊലീസിന്റെ റൂട്ട് മാപ്പ് പ്രകാരമാണ് റാലി നടത്തിയതെന്നാണ് എം കെ മുനീറിന്റെ പ്രതികരണം. സര്‍ക്കാര്‍ ചുമത്തുന്ന കേസുകള്‍ക്ക് പുല്ലുവിലയാണ് യുഡിഎഫിനെന്നാണ് കെ മുരളീധരൻ പ്രതികരിച്ചത്. 'ഇവർ കേസെടുക്കും പോലും! നിങ്ങടെ കേസ് ആര് പരിഗണിക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എന്താണോ ചെയ്യാനുള്ളത് ചെയ്യ്. ഞങ്ങൾക്കതൊരു പ്രശ്നമല്ല. (കണ്ണൂർ പ്രസംഗത്തിന്റെ ടോണിൽ വായിക്കുക) എന്നായിരുന്നു പി കെ ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചത്.