
കോഴിക്കോട്: കേരളത്തെക്കുറിച്ച് മോശം പരാമർശം നടത്താൻ അമിത് ഷായ്ക്ക് ഒരവകാശവുമില്ലെന്ന് മുസ് ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളേക്കാൾ എല്ലാ മേഖലയിലും മുന്നിട്ട് നിൽക്കുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാന സർക്കാരിനെ വിമർശിക്കാമെന്നും കുഞ്ഞാലിക്കുട്ടി കോഴിക്കോട്ട് പറഞ്ഞു. ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ എല്ലാം കൊണ്ടും മികച്ച സംസ്ഥാനം കേരളമാണ്. അതുകൊണ്ടാവാം അമിത് ഷാ കേരളത്തെക്കുറിച്ച് മാതൃകയാക്കി പറഞ്ഞത്. കേരള സംസ്ഥാനത്തെ മോശമായി ചിത്രീകരിക്കാൻ അദ്ദേഹത്തിന് അവകാശമില്ല.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ വച്ചും മികച്ച ജീവിത നിലവാരം പുലർത്തുന്നവരാണ് കേരള ജനത. നെഗറ്റീവായാണ് കേരളത്തെ അമിത് ഷാ ചൂണ്ടിക്കാണിച്ചതെങ്കിൽ ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ലയെന്നും അമിത്ഷായ്ക്ക് വേണമെങ്കിൽ കേരളസർക്കാരിനെ വിമർശിക്കാമെന്നും ആയിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വാക്കുകൾ.
അതേസമയം, ബജറ്റിൽ പ്രഖ്യാപിച്ച അധിക നികുതി പിൻവലിക്കും വരെ പ്രതിപക്ഷ സമരം തുടരുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനങ്ങൾ ദുരിതത്തിലാകുമ്പോഴും സർക്കാരിൻ്റെ ധൂർത്തിന് കുറവില്ലെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു. അധിക നികുതി ഏർപ്പെടുത്തിയ സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം ആരംഭിച്ച രാപ്പകൾ സമര സമാപന സമ്മേളനത്തിൽ കോഴിക്കോട് നിന്ന് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
ജന ജീവിതം ദുസ്സഹമാക്കുന്ന തീരുമാനമടുക്കാൻ ഒരുസർക്കാരിനും ആധികാരം ഇല്ല. നികുതി വർധന പിൻവലിച്ചില്ലെങ്കിൽ സർക്കാരിന് ഒരു ഇഞ്ച് പോലും മുൻപോട്ട് പോകാൻ ആകാത്ത വിധം ജനരോഷം ഉണ്ടാകും. വിലക്കയറ്റത്തിനെതിരെ നിരന്തര സമരവുമായി യുഡിഎഫ് ഉണ്ടാകും. കേന്ദ്ര സർക്കാരിനോട് ചോദിക്കേണ്ടത് ചോദിച്ചു വാങ്ങാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർക്കാരിൻ്റെ എല്ലാ ജന ദ്രോഹ തീരുമാനങ്ങളും തിരുതിക്കാൻ യുഡിഎഫിന് കഴിയുന്നുണ്ട്. കിട്ടേണ്ടത് മുഴുവൻ സർക്കാർ ചോദിച്ച് വാങ്ങാതെ , പ്രതിസന്ധിയിൽ ആയപ്പോൾ ജനങ്ങളുടെ മേൽ അധിക ഭാരം കെട്ടി വയ്ക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam