
മലപ്പുറം: മുസ്ലീം ലീഗ് (Muslim League) ഉറങ്ങിക്കിടക്കുന്ന സിംഹമാണെന്നും തൊട്ടാൽ ഉണരുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം (pma salam). മുസ്ലീം ലീഗ് ഇപ്പോൾ ഉണർന്നിരിക്കുകയാണെന്നും പി എം എ സലാം പറഞ്ഞു. പ്രധാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സിപിഎം (CPM) മുസ്ലീം ലീഗിനെതിരെ തിരിയുന്നുവെന്നും പി എം എ സലാം കുറ്റപ്പെടുത്തി.
മുസ്ലീം സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കാൻ സിപിഎം ശ്രമം നടത്തി. മുസ്ലീം ലീഗ് വർഗീയ പാർട്ടിയല്ലെന്ന് കോടിയേരി തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്. വ്യാജ ആരോപണങ്ങൾ കൊണ്ട് മുസ്ലീം ലീഗിനെ തളർത്താമെന്ന് സിപിഎം കരുതേണ്ടെന്നും പി എം എ സലാം പറഞ്ഞു. മുസ്ലീം ലീഗിൻ്റെ മതേതര മുഖം തകർക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സർക്കാരിൻ്റെ ദുരുദ്ദേശം ന്യൂനപക്ഷങ്ങൾ മനസിലാക്കിയതിൻ്റെ ജാള്യതയാണ് സിപിഎമ്മിനുള്ളത്. തെറ്റിനെ ന്യായീകരിക്കാതെ തിരുത്താനാണ് സിപിഎം ശ്രമിക്കേണ്ടത്. സിപിഎം നടപ്പാക്കുന്നത് ബിജെപിയുടെ അജണ്ടയാണെന്നും പിഎംഎ സലാം വിമര്‍ശിച്ചു.
മുസ്ലീം ലീഗ് വർഗീയ പാർട്ടിയാണെങ്കിൽ തമിഴ്നാട് സഖ്യം ഉപേക്ഷിക്കണ്ടേ എന്നും അദ്ദേഹം ചോദിച്ചു. മുസ്ലീം സമുദായത്തെ അപരവൽക്കരിക്കാനാണ് സിപിഎം ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊവിഡ് മാനദണ്ഡം ലംഘിച്ചതിനാണ് മുസ്ലീം ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരുടെ പേരിൽ കേസെടുത്തതെങ്കിൽ സിപിഎം സമ്മേളനത്തിൽ പങ്കെടുത്ത പിണറായി വിജയൻ ഉൾപ്പടെയുള്ളവർക്കെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.
വസ്ത്രം ഏകീകരിച്ചതുകൊണ്ട് ആൺ-പെൺ സമത്വം സാധ്യമാകില്ലെന്ന് പിഎംഎ സലാം പറഞ്ഞു. ആൺകുട്ടികളുടെ വസ്ത്രം പെൺകുട്ടികളെ ധരിക്കാൻ നിർബന്ധിച്ചാൽ അത് സമത്വമാകുമോ. അങ്ങിനെയെങ്കിൽ പെൺകുട്ടികളുടെ വസ്ത്രം ആൺകുട്ടികൾക്ക് കൊടുക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam