
കോഴിക്കോട്: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ വിളിച്ചുചേർത്ത മുസ്ലീം സമുദായ സംഘടനകളുടെ യോഗം അല്പസമയത്തിനകം കോഴിക്കോട്ട് തുടങ്ങി. വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കാന്തപുരം എപി വിഭാഗം സുന്നികളുടെ എതിർപ്പ് രൂക്ഷമായിരിക്കെയാണ് കോഴിക്കോട്ട് യോഗം നടക്കുന്നത്. വഖഫ് ബോർഡ് പുനഃസംഘടനയിൽ പ്രാതിനിധ്യം ഇല്ലാത്തതിൽ പ്രതിഷേധിച്ച് കാന്തപുരം വിഭാഗം യോഗത്തിൽ പങ്കെടുക്കില്ല.
പാര്‍ലമെന്‍റിന്‍റെ പരിഗണനയിലുള്ള ഫോറിന്‍ എക്സ്ചേഞ്ച് റെഗുലേഷന്‍ ബില്ല്,എസ്.ഐ.ആര്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ വഖഫ് ബോര്‍ഡ് പുനഃസംഘടനയും ചര്‍ച്ചയാവും. പുനഃസംഘടനയില്‍ പലര്‍ക്കും അതൃപ്തിയുള്ള സാഹചര്യത്തില്‍ യോഗത്തില്‍ ഈ വിഷയവും ഉയര്‍ന്നു വരും.
വഖഫ് ബോർഡിൽ അംഗത്വം ലഭിക്കാത്തതിൽ സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് സമസ്ത എപി വിഭാഗം. ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം വഖഫിന് പകരമാവില്ലെന്ന് കേരള മുസ്ലിം ജമാഅത്തും വ്യക്തമാക്കി. ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനവും മദ്രസ ക്ഷേമനിധി ബോർഡ് അംഗത്വവും നൽകിയാൽ പോലും വഖഫിന് പകരമാവില്ലെന്ന നിലപാടിലാണ് കാന്തപുരം വിഭാഗം. 22ന് പരസ്യ പ്രതിഷേധത്തിലേക്ക് കടക്കും മുൻപ് കാന്തപുരം വിഭാഗത്തിന്റെ അതൃപ്തി പരിഹരിക്കാനുള്ള ശ്രമമാണ് മുസ്ലിം ലീഗ് നടത്തുന്നത്. എന്നാൽ യുഡിഎഫിന് എപി വിഭാഗത്തോട് ധാർമികവും രാഷ്ട്രീയവുമായ ബാധ്യതയുണ്ടെന്ന് ആവർത്തിക്കുകയാണ് കേരള മുസ്ലിം ജമാഅത്ത്.
സമസ്ത എപി വിഭാഗം നേതാവായ ഹുസൈൻ സഖാഫി ചുള്ളിക്കോടാണ് നിലവിലെ ഹജ്ജ് കമ്മിറ്റി ചെയർമാൻ. പുതിയ കമ്മിറ്റിയിലും ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം എപി വിഭാഗത്തിന് നൽകി പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ലീഗ്. കോഴിക്കോട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വിളിച്ചു ചേർത്ത മുസ്ലിം സംഘടനകളുടെ യോഗത്തിൽ ഇക്കാര്യം ചർച്ചയാവും. എപി സമസ്തയിൽ നിന്നുള്ള യു അലിയായിരുന്നു പണ്ഡിതന്മാരുടെ പ്രതിനിധിയായി മുൻ വഖഫ് ബോർഡിൽ ഉണ്ടായിരുന്നത്. നേരത്തെ ഉണ്ടായിരുന്ന വഖഫ് അംഗത്വം ഇല്ലാതായതിനൊപ്പം ജമാഅത്തെ ഇസ്ലാമിക് അംഗത്വം നൽകിയതിലും എ പി വിഭാഗം അമർഷത്തിലാണ്. അതേസമയം, പുനഃസംഘടന റദ്ദാക്കണമെന്ന ഹർജിയിൽ അനുകൂല വിധി വരുമെന്ന പ്രതീക്ഷയിലാണ് മുൻ ചെയർമാൻ കെ എസ് ഹംസ.
വഖഫ് ബോർഡിലെ പ്രാതിനിധ്യം മുഖ്യമന്ത്രി നേരത്തെ ഉറപ്പ് നൽകിയിരുന്നുവെന്നാണ് കേരള മുസ്ലീം ജമാഅത്ത് ജില്ലാ അധ്യക്ഷനായ വടശ്ശേരി ഹസൻ മുസ്ല്യാരുടെ പ്രതികരണം. അതുകൊണ്ടാണ് സർക്കാർ വഞ്ചിച്ചു എന്ന് പറയുന്നത്. മുസ്ലീം ലീഗ് സമുദായ സംഘടനകളുമായി ചർച്ച നടത്തുന്നത് സ്വാഗതാർഹം. അവഗണിക്കുന്ന നിലപാടാണെങ്കിൽ യുഡിഎഫിനോടുള്ള സമീപനത്തിലും മാറ്റമുണ്ടാകും. അവഗണിക്കില്ലെന്ന് ഉറപ്പ് തന്നവർ കുറഞ്ഞ മാസംകൊണ്ട് തന്നെ അവഗണിച്ചു എന്നും വടശ്ശേരി ഹസൻ മുസ്ല്യാർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam