
കോഴിക്കോട്: മുസ്ലീം ലീഗ് ഔദ്യോഗിക നേതൃത്വത്തെ വെല്ലുവിളിച്ച് കോഴിക്കോട് വിമതയോഗം ചേർന്ന നേതാക്കളോട് സംസ്ഥാനഘടകം വിശദീകരണം തേടി. ഹൈദരലി ശിഹാബ് തങ്ങൾ നിയമിച്ച കമ്മിറ്റിക്ക് എതിരെയാണ് വിമതർ യോഗം ചേർന്നത്. തർക്കം എത്രയും വേഗം പരിഹരിക്കണമെന്ന് ജില്ലാ കമ്മിറ്റിക്കും സംസ്ഥാന നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.
കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിലെ നേതൃസ്ഥാനങ്ങളെ ചൊല്ലിയാണ് ലീഗിൽ തർക്കം. സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നിയമിച്ച കമ്മിറ്റിയെ ഒരു വിഭാഗം നേതാക്കൾ അംഗീകരിക്കുന്നില്ല. തങ്ങളുടെ തീരുമാനത്തെ ചോദ്യംചെയ്ത് വിമത യോഗം ചേർന്ന നേതാക്കളോടാണ് നേതൃത്വം വിശദീകരണം തേടിയിരിക്കുന്നത്.
സംസ്ഥാന കൗൺസിൽ അംഗം കെ കോയ, ജില്ലാ നേതാക്കളായ സി പി ഉസ്മാൻ, കെ സി അബ്ദുള്ളക്കോയ എന്നിവർ വിശദീകരണം നൽകണം. പാർട്ടിയെ വെല്ലുവിളിച്ച് വിമത യോഗം ചേർന്ന നേതാക്കൾക്കെതിരെ ഇന്നലെ ചേർന്ന ജില്ലാ പ്രവർത്തക സമിതിയിൽ രൂക്ഷവിമർശനം ഉയർന്നു. വിമത യോഗം ചേർന്നിട്ടില്ലെന്ന നേതാക്കളുടെ വിശദീകരണം ജില്ലാ കമ്മിറ്റി തള്ളി.
നേതാക്കൾക്കിടയിലെ തർക്കം കോഴിക്കോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ പോലും ബാധിച്ചെന്ന് ലീഗ് സംസ്ഥാന നേതൃത്വവും വിലയിരുത്തുന്നു. പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീറിന്‍റെ മണ്ഡലത്തിലെ വിമതനീക്കം ഉടൻ പരിഹരിക്കണമെന്നാണ് ജില്ലാ കമ്മിറ്റിക്കുള്ള നിർദേശം. നാളെ ചേരുന്ന കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം യോഗത്തിലും വിമതനീക്കം ചർച്ചയാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam