'ഇൻസ്റ്റഗ്രാം റീൽസ് കൊണ്ട് കുഴിയടയ്ക്കാനാവില്ല', തോടും റോഡും തിരിച്ചറിയുന്നില്ലെന്ന് പികെ ഫിറോസ്

By Web TeamFirst Published Aug 8, 2022, 4:50 PM IST
Highlights

റോഡുകളിലെ കുഴിയടയ്ക്കാൻ ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വാഴ നടൽ സമരം സംഘടിപ്പിച്ച്  മുസ്ലിം ലീഗ്.

ബേപ്പൂർ: റോഡുകളിലെ കുഴിയടയ്ക്കാൻ ഉടൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വാഴ നടൽ സമരം സംഘടിപ്പിച്ച്  മുസ്ലിം ലീഗ്. വാചകക്കസർത്ത് കൊണ്ടോ ഇൻസ്റ്റഗ്രാം റീൽസ് കൊണ്ടോ റോഡിലെ കുഴിയടക്കാനാവില്ലെന്നും റോഡും തോടും തിരിച്ചറിയാനാവാത്ത അവസ്ഥയാണെന്നും യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് കുറ്റപ്പെടുത്തി. സംസ്ഥാന വ്യാപകമായി റോഡിലെ കുഴികളിൽ വാഴ നട്ടുള്ള പ്രതിഷേധത്തിന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ മണ്ഡലമായ ബേപ്പൂരിൽ നിന്നായിരുന്നു  ലീഗ് തുടക്കം കുറിച്ചത്. 

പികെ ഫിറോസിന്റെ കുറിപ്പിങ്ങനെ...

' വാചകക്കസർത്ത് കൊണ്ടോ മന്ത്രിയുടെ ഇൻസ്റ്റാഗ്രാം റീൽസ് കൊണ്ടോ റോഡിലെ കുഴിയടക്കാനാവില്ല. റോഡ് ഏതാ തോട് ഏതാ എന്ന് തിരിച്ചറിയാനാവാത്ത വിധം തകർന്ന് കിടക്കുന്ന റോഡുകൾ നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി റോഡിലെ കുഴികളിൽ വാഴ നട്ട് പ്രതിഷേധിച്ചു. സംസ്ഥാന തല ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലമായ ബേപ്പൂരിൽ തന്നെ നിർവ്വഹിച്ചു'

Read more:  റോഡിലെ കുഴി കണ്ടാലറിയാം സർക്കാരിന്റെ പ്രവർത്തനം,ലിംഗ സമത്വത്തിന്റെ പേരിൽ നടത്തുന്നത് അനാവശ്യപരിഷ്കാരം: ലീഗ്

സംസ്ഥാനത്ത് റോഡുകളിൽ രൂപപ്പെട്ട അപകട കുഴികളിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തിയരുന്നു.  റോഡിലെ മരണക്കുഴികൾ  കാണാത്തത് മന്ത്രി മാത്രമാണെന്ന് വിഡി സതീശൻ പരിഹസിച്ചു. ഇത്തവണ എല്ലാ മാധ്യമങ്ങളും റോഡിലെ മരണക്കുഴികളെ കുറിച്ച് റിപ്പോർട്ട്‌ ചെയ്തിരുന്നു. മന്ത്രിയുടെ ശ്രദ്ധയിൽ മാത്രമാണ് കുഴി വരാതെ പോയത്. റിയാസിന് പരിചയക്കുറവുണ്ട്. പഴയ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനെ പോയി കണ്ട് റിയാസ് ഉപദേശങ്ങൾ തേടണം. പറയുന്ന കാര്യങ്ങൾ സുധാകരൻ ഗൗരവത്തിൽ എടുക്കാറുണ്ടായിരുന്നുവെന്നും ഉപദേശം തേടുന്നത് നല്ലതായിരിക്കുമെന്നും സതീശൻ അഭിപ്രായപ്പെട്ടു. 

Read more: 'വകുപ്പിലെ തര്‍ക്കം, പല ജോലികളും ടെന്‍ഡര്‍ ചെയ്യാന്‍ വൈകി', പൊതുമരാമത്ത് മന്ത്രിക്കെതിരെ പ്രതിപക്ഷനേതാവ്

റോഡിലെ കുഴികളുടെ കാര്യത്തില്‍ മന്ത്രി പറഞ്ഞതിൽ പലതും വസ്തുതാപരമല്ലെന്നാണ് സതീശൻ പറയുന്നത്. വകുപ്പിലെ തര്‍ക്കം കാരണം പല ജോലികളും ടെന്‍ഡര്‍ ചെയ്യാന്‍ വൈകിയിട്ടുണ്ട്. പൈസ അനുവദിച്ചുവെന്നാണ് മന്ത്രി പറഞ്ഞത്. പക്ഷേ പണി നടന്നിട്ടില്ല. ദേശീയ പാതയിലെ കുഴികൾക്ക് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഉത്തരവാദികളാണെന്നും സതീശൻ കൂട്ടിച്ചേർത്തു. സ്വന്തം വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ മന്ത്രി അറിഞ്ഞിരിക്കണം. വായ്ത്താരിയും പിആര്‍ഡി വർക്കും കൊണ്ട് മാത്രം കാര്യമില്ലെന്നും ഒരു കാലത്തും ഇല്ലാത്ത രീതിയിൽ റോഡ് മെയിന്‍റനന്‍സ് വൈകുന്ന സ്ഥിതിയാണിത്തവണയുള്ളതെന്നും സതീശൻ കുറ്റപ്പെടുത്തി. 
 

click me!