ജ്വല്ലറി തട്ടിപ്പ്; എം സി കമറുദ്ദീന്‍ എംഎൽഎയെ തള്ളാതെ ലീഗ്, പഴി കൊവിഡ് പ്രതിസന്ധിക്ക്

By Web TeamFirst Published Sep 5, 2020, 7:39 AM IST
Highlights

എംഎൽഎ ആരേയും വഞ്ചിച്ചിട്ടില്ല. നാലു മാസത്തിനകം പണം തിരിച്ചുനൽകുമെന്ന് നിക്ഷേപകർക്ക് കമറുദ്ദീൻ ഉറപ്പ് നൽകിയിട്ടുണ്ട്. വിഷയം സിപിഎം രാഷ്ട്രീയവത്ക്കരിക്കുകയാണെന്നും ഇതുവരെ ആരും പരാതിയുമായി പാർട്ടി നേതൃത്വത്തെ സമീപിച്ചിട്ടില്ലെന്നും ലീഗ്.

മലപ്പുറം: കാസർകോട് ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ എം സി കമറുദീൻ എംഎൽഎയെ പിന്തുണച്ച് മുസ്ലീം ലീഗ്. കൊവിഡ് പ്രതിസന്ധിയിലാണ് ജ്വല്ലറി പൂട്ടിയതെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു. എംഎൽഎ ആരേയും വഞ്ചിച്ചിട്ടില്ല. നാലു മാസത്തിനകം പണം തിരിച്ചുനൽകുമെന്ന് നിക്ഷേപകർക്ക് കമറുദ്ദീൻ ഉറപ്പ് നൽകിയിട്ടുണ്ട്.

വിഷയം സിപിഎം രാഷ്ട്രീയവത്ക്കരിക്കുകയാണെന്നും ഇതുവരെ ആരും പരാതിയുമായി പാർട്ടി നേതൃത്വത്തെ സമീപിച്ചിട്ടില്ലെന്നും കെപിഎ മജീദ് മലപ്പുറത്ത് പറഞ്ഞു. ഇതിനിടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീനെതിര കൂടുതൽ കേസുകൾ ചുമത്തിയിരുന്നു.

മൂന്ന് പേരിൽ നിന്നായി 10 ലക്ഷം വീതം തട്ടിയെന്ന പരാതിയിൽ ചന്തേര പൊലീസാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. ഇതോടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് എംഎൽഎക്കെതിരെ  രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം ഏഴായിരുന്നു. 

ചെറുവത്തൂരിലെ ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ച അബ്‍ദുള്‍ ഷൂക്കൂർ, എംടിപി സുഹറ, വലിയ പറമ്പ് സ്വദേശി ആരിഫ എന്നിവരുടെ പരാതിയിൽ നേരത്തെ ജ്വല്ലറി ചെയർമാൻ എംസി കമറുദ്ദീൻ എംഎൽക്കും മാനേജിംഗ് ഡയറക്ടറും സമസ്ത നേതാവുമായ ടികെ പൂക്കോയ തങ്ങൾക്കുമെതിരെ വഞ്ചനക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

30 ലക്ഷം രൂപ തട്ടിയെന്ന് അബ്‍ദുൾ ഷുക്കൂറും ഒരു ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന് സുഹറയും മൂന്ന് ലക്ഷം  തട്ടിയെന്ന് ആരിഫയും ചന്തേര പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നഷ്ടത്തിലായതിനെ തുടർന്ന് ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ മൂന്ന് ശാഖകൾ കഴിഞ്ഞ ജനുവരിയിൽ പൂട്ടിയിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ നിക്ഷേപകർക്ക് ലാഭവിഹിതവും നൽകിയിട്ടില്ല. 
 

click me!