'തിരുത്തണ'മെന്ന് ലീഗ്, ഹരിതയെ പിന്തുണച്ച് എംഎസ്എഫ് ജില്ലാ കമ്മിറ്റികൾ അയച്ച കത്ത് പിൻവലിപ്പിക്കാൻ നീക്കം

By Web TeamFirst Published Aug 18, 2021, 2:40 PM IST
Highlights

സംസ്ഥാന നേതാക്കൾ ലൈംഗികാധിക്ഷേപം നടത്തിയെന്നാരോപിച്ച് രംഗത്തെത്തിയ ഹരിതയെ പിന്തുണച്ച് എംഎസ്എഫിന്റെ 12 ജില്ലാക്കമ്മിറ്റികളാണ് കത്ത് നൽകിയത്.

മലപ്പുറം: സ്ത്രീത്വത്തെ അപമാനിച്ച സംസ്ഥാന നേതൃത്വത്തിനെതിരെ നടപടി ആവശ്യപ്പെട്ട് എംഎസ്എഫ് ജില്ലാക്കമ്മിറ്റികൾ അയച്ച കത്തുകൾ പിൻവലിപ്പിക്കാൻ നീക്കം. ഹരിതയെ പിന്തുണക്കുന്ന നിലപാട് തിരുത്തണമെന്ന് കത്തയച്ച ജില്ലാ കമ്മിറ്റികളോട് മുസ്ലീം ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. സംസ്ഥാന നേതാക്കൾ ലൈംഗികാധിക്ഷേപം നടത്തിയെന്നാരോപിച്ച് രംഗത്തെത്തിയ ഹരിതയെ പിന്തുണച്ച് എംഎസ്എഫിന്റെ 12 ജില്ലാക്കമ്മിറ്റികളാണ് കത്ത് നൽകിയത്. ആരോപണവിധേയനായ അധ്യക്ഷൻ  നവാസിനെതിരെ നടപടി വേണമെന്നാണ് ആവശ്യം. നിലവിൽ 5 ജില്ലാ കമ്മിറ്റികളോടാണ് കത്ത് പിൻവലിക്കാൻ ആവശ്യപ്പെട്ടത്. വനിതാ കമ്മീഷന് ഹരിത പരാതി നൽകിയതിന് തൊട്ടടുത്ത ദിവസമാണ് നടപടി ആവശ്യപ്പെട്ട് ജില്ലാ ഘടകങ്ങൾ കത്ത് അയച്ചത്.

അതിനിടെ ഹരിതയ്ക്ക് പിന്തുണയില്ലെന്നും സംസ്ഥാന നേതൃത്വത്തെ അംഗീകരിക്കുന്നെന്നും കാണിച്ച് ആറ് ജില്ലാ കമ്മറ്റികൾ മുസ്ലിം ലീഗ്  ജനറൽ സെക്രട്ടറിക്ക് കത്തയച്ചു. തൃശ്ശൂർ ഇടുക്കി, ആലപ്പുഴ, മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളാണ് കത്തയച്ചത്.

'ഹരിത' വിവാദം: നടപടിക്ക് മുമ്പ് ലീ​ഗ് വിശദീകരണം കേട്ടില്ല, സ്വാഭാവിക നീതി കിട്ടിയില്ലെന്നും ഫാത്തിമ തഹ് ലിയ

അതിനിടെ 'ഹരിത' വിഷയത്തിൽ വനിതാകമ്മീഷന് പരാതി നൽകിയത് പാർട്ടി നേതാക്കൾ നടപടിയെടുക്കാത്തത് കൊണ്ടാണെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ് ലിയ പറഞ്ഞു. പരാതി നൽകിയവരെയും തന്നെയും വ്യക്തിഹത്യ ചെയ്യുകയാണ്. 'ഹരിത' മുസ്ലീം ലീഗിന് തലവേദന എന്ന പരാമർശങ്ങൾ വേദന ഉണ്ടാക്കുന്നുവെന്നും ഫാത്തിമ തഹ് ലിയ പറഞ്ഞു. ഹരിതയുടെ സ്ഥാപക ജനറൽ സെക്രട്ടറികൂടിയാണ് ഫാത്തിമ . മുസ്ലിം ലീഗ് നേതൃത്വവും എം.എസ്എഫ് നേതാക്കളും പറഞ്ഞ ന്യായീകരണങ്ങളൊക്കെ തള്ളിയാണ് ഫാത്തിമ മാധ്യമങ്ങളോട് സംസാരിച്ചത്. ഹരിതയുടെ കമ്മിറ്റി മരവിപ്പിച്ച തീരുമാനത്തോട് എതിർപ്പ് ലീഗിനെ അറിയിച്ചിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

 

click me!