'തുടര്‍ പഠനത്തിന് മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അവസരം ലഭിക്കുന്നത് വരെ മുസ്‌ലിംലീഗ് സമരം തുടരും': പിഎംഎ സലാം

Published : Jun 25, 2024, 11:32 PM ISTUpdated : Jun 25, 2024, 11:42 PM IST
'തുടര്‍ പഠനത്തിന് മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അവസരം ലഭിക്കുന്നത് വരെ മുസ്‌ലിംലീഗ് സമരം തുടരും': പിഎംഎ സലാം

Synopsis

വിദ്യാര്‍ത്ഥി സംഘടനകളുമായി മന്ത്രി ഇന്നലെ നടത്തിയ ചര്‍ച്ചകളിലെ തീരുമാനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുമോ എന്ന് പരിശോധിക്കും. ജൂലൈ അഞ്ച് വരെ കാത്തിരിക്കും. തീരുമാനങ്ങള്‍ നടപ്പാക്കാത്തപക്ഷം  പ്രക്ഷോഭം ശക്തമാക്കുമെന്നും പിഎംഎ സലാം പറഞ്ഞു. 

കോഴിക്കോട്: തുടര്‍ പഠനത്തിന് മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അവസരം ലഭിക്കുന്നത് വരെ മുസ്‌ലിംലീഗും പോഷക ഘടകങ്ങളും സമരം തുടരുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ പിഎംഎ സലാം. വിദ്യാര്‍ത്ഥി സംഘടനകളുമായി മന്ത്രി ഇന്നലെ നടത്തിയ ചര്‍ച്ചകളിലെ തീരുമാനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുമോ എന്ന് പരിശോധിക്കും. ജൂലൈ അഞ്ച് വരെ കാത്തിരിക്കും. തീരുമാനങ്ങള്‍ നടപ്പാക്കാത്തപക്ഷം പ്രക്ഷോഭം ശക്തമാക്കുമെന്നും പിഎംഎ സലാം പറഞ്ഞു. 
.
വിദ്യാഭ്യാസ മന്ത്രി ഈ വിഷയം മലപ്പുറത്തിന്റെ മാത്രം പ്രശ്‌നമാക്കി ഒതുക്കാനാണ് ശ്രമിക്കുന്നത്. മലബാറിലെ ആറ് ജില്ലകളിലും ഗൗരവതരമായ പ്രശ്‌നമുണ്ട്. അത് മറച്ചു വെക്കാന്‍ വിദ്യാഭ്യാസ മന്ത്രിക്കാവില്ല. വിദ്യാഭ്യാസ മന്ത്രി ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് കള്ളക്കണക്കുകളാണ്. കാര്‍ത്തികേയന്‍ കമ്മിഷന്‍, ലബ്ബ കമ്മിഷന്‍ റിപ്പോര്‍ട്ടുകളെല്ലാം തള്ളിക്കളഞ്ഞ സര്‍ക്കാര്‍ വീണ്ടും സമിതിയെ വെച്ചത് കണ്ണില്‍പൊടിയിട്ട് രക്ഷപ്പെടാനാണോ എന്ന് സംശയമുണ്ടെന്നും പിഎംഎ സലാം പറഞ്ഞു. 

 

മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ അധിക ബാച്ച് അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാൻ രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. മലപ്പുറം 7478 സീറ്റുകളുടെയും കാസർകോട് 252 സീറ്റുകളുടെയും പാലക്കാട് 1757 സീറ്റുകളുടെയും കുറവാണ് ഉള്ളത്. മലപ്പുറത്ത്‌ 7 താലൂക്കിൽ സയൻസ് സീറ്റ് അധികവും കൊമേഴ്സ്‌, ഹ്യൂമാനീറ്റിസ് സീറ്റുകള്‍ കുറവുമാണ്. മലപ്പുറത്ത് പുതിയ താൽക്കാലിക ബാച്ച് അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. വിദ്യാർത്ഥി സംഘടനകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മലപ്പുറത്ത് സർക്കാർ മേഖലയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 85 സ്‌കൂളുകളും എയിഡഡ് മേഖലയിൽ 88 സ്‌കൂളുകളുമാണ് ഉള്ളത്. ഹയർ സെക്കണ്ടറി രണ്ടാം വർഷം ഇപ്പോൾ പഠിക്കുന്നത് 66,024 കുട്ടികളാണ്. നിലവിലെ മലപ്പുറത്തിന്റെ സാഹചര്യം പരിഗണിച്ച് പുതിയ താൽക്കാലിക ബാച്ച് അനുവദിക്കുക എന്നത് തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. ജൂലൈ രണ്ടിന് സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. രണ്ട്, മൂന്ന്, നാല് തീയതികളിലായി സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം. സംസ്ഥാനത്തെമ്പാടുമുള്ള താലൂക്ക് തല സ്ഥിതി വിവരക്കണക്കുകൾ പൊതുവിദ്യാഭ്യാസ വകുപ്പ് ശേഖരിച്ച് കഴിഞ്ഞു. 

മലപ്പുറം ജില്ലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ രണ്ട് പേർ അടങ്ങുന്ന സമിതിയെ നിശ്ചയിക്കുകയാണ്. ഹയർ സെക്കണ്ടറി ജോയിന്റ് ഡയറക്ടർ അക്കാദമിക്‌സ്, മലപ്പുറം ആർ.ഡി.ഡി. എന്നിവരാണ് സമിതി അംഗങ്ങൾ. ജൂലൈ 5 നകം സമിതി റിപ്പോർട്ട് സർക്കാരിന് നൽകണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പ്രവേശനം നടത്താനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു. നിലവിൽ ജൂലൈ 31 നകം അഡ്മിഷൻ അവസാനിപ്പിക്കുന്ന രീതിയിലാണ് പ്രവേശന ഷെഡ്യൂൾ ക്രമപ്പെടുത്തിയിരിക്കുന്നത്. പ്ലസ് വൺ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കും. ഇതിനകം ക്ലാസ് നഷ്ടമാകുന്ന വിദ്യാർത്ഥികൾക്ക് ബ്രിഡ്ജ് കോഴ്‌സ് നൽകി പഠനവിടവ് നികത്താനുള്ള എല്ലാവിധ സംവിധാനങ്ങളും ഒരുക്കുമെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി. 

കെജ്‍രിവാളിന് വീണ്ടും കുരുക്ക്; മദ്യനയക്കേസിൽ സിബിഐയും അറസ്റ്റ് രേഖപ്പെടുത്തി, കുടുക്കാനുള്ള നീക്കമെന്ന് എഎപി

https://www.youtube.com/watch?v=Ko18SgceYX8

 

PREV
Read more Articles on
click me!

Recommended Stories

കനത്ത സുരക്ഷ; വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണം, സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ
'ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ​ഗോപിക്ക് വോട്ട് തൃശൂരിൽ, തദ്ദേശത്തിൽ തിരുവനന്തപുരത്ത്'; തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്ന് വി എസ് സുനിൽകുമാർ