പാനൂര്‍ കൊലപാതകം: രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സമാധാന യോഗം വിളിച്ച് ജില്ലാ കളക്ടര്‍

By Web TeamFirst Published Apr 7, 2021, 10:52 PM IST
Highlights

വോട്ടെടുപ്പിന് പിന്നാലെയാണ് കണ്ണൂർ പാനൂരിൽ മുസ്ലിം  ലീഗ് പ്രവർത്തകൻ  22 കാരൻ മൻസൂറിനെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയത്. കേസിൽ ഒരു സിപിഎം പ്രവ‍ർത്തകനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കണ്ണൂര്‍: പാനൂരിലെ മുസ്ലിം ലീഗ് പ്രവ‍ര്‍ത്തകൻ മൻസൂറിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ സമാധാന യോഗം വിളിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം നാളെ 11 മണിക്ക് ചേരും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും നേതാക്കളെല്ലാം പ്രശ്ന പരിഹാരത്തിന് മുന്നിട്ടിറങ്ങണമെന്ന് കളക്ടർ ടിവി സുഭാഷ് ആവശ്യപ്പെട്ടു. 

വോട്ടെടുപ്പിന് പിന്നാലെയാണ് കണ്ണൂർ പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ  22 കാരൻ മൻസൂറിനെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയത്. കേസിൽ ഒരു സിപിഎം പ്രവ‍ർത്തകനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കോഴിക്കോട് നിന്നും വിലാപയാത്രയായി നാട്ടിലേക്കെത്തിച്ച മൃതദേഹം പുല്ലൂക്കര ജുമാ മസ്ജിദിൽ ഖബറടക്കി. കൊലപാതകത്തിൽ രോഷാകുലരായ ലീഗ് പ്രവർത്തകർ പെരിങ്ങത്തൂരിലെ സിപിഎം ഓഫീസുകൾക്ക് തീയിട്ടു. 

പെരിങ്ങത്തൂർ ലോക്കൽ കമ്മിറ്റി ഓഫീസ് തീവച്ച് നശിപ്പിച്ചു. ഇതിന് പുറമെ പാനൂർ ടൗൺ ബ്രാഞ്ച് കമ്മിറ്റി ഓഫീസ്, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസുകളും കീഴ്മാടം, കൊച്ചിയങ്ങാടി കടവത്തൂർ ബ്രാഞ്ച് കമ്മിറ്റി ഓഫീസുകൾക്കും തീയിട്ടു. പെരിങ്ങളം ലോക്കൽ കമ്മിറ്റി ഓഫീസിലെ പി കൃഷ്ണപിള്ള സ്മാരക മന്ദിരവും തീവെച്ച് നശിപ്പിച്ചു.

മൻസൂർ കൊല്ലപ്പെട്ടത് ബോംബേറിലെന്നാണ് പോസ്റ്റ്‍മോര്‍ട്ടം പ്രാഥമിക റിപ്പോർട്ട്. കാൽമുട്ടിലെ മുറിവ് വെട്ടേറ്റതല്ലെന്നും ബോംബേറ് മൂലമുണ്ടായതെന്നുമാണ് കണ്ടെത്തൽ. ഇടത് കാൽമുട്ടിന് താഴെയായിരുന്നു ഗുരുതര പരിക്ക്. ബോംബ് സ്ഫോടനത്തിൽ ചിതറിപ്പോയത് കൊണ്ട് തലശ്ശേരിയിലെയും വടകരയിലെയും ആശുപത്രികളിൽ നിന്ന് പരിക്ക് തുന്നിച്ചേർക്കാൻ പറ്റിയില്ല.

22കാരനായ മൻസൂറിനെ അച്ഛന്‍റെ മുന്നിൽ വച്ച് ബോംബെറിഞ്ഞ ശേഷം വെട്ടുകയായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയുണ്ടായ സംഘർഷത്തില്‍ വെട്ടേറ്റ മൻസൂര്‍ ഇന്ന് രാവിലെയാണ് മരിച്ചത്. ഇയാളുടെ സഹോദരൻ മുഹ്സിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. മുഹ്സിൻ ഇവിടെ 150-ാം നമ്പർ ബൂത്തിലെ യുഡിഎഫ് ഏജന്റായിരുന്നു. ഇന്നലെ ഉച്ചയോടെ പോളിങിനിടെ മുക്കിൽപീടിക ഭാഗത്ത് ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷമുണ്ടായിരുന്നു. 

മുഹ്സിനെ ലക്ഷ്യം വച്ചായിരുന്നു അക്രമികൾ എത്തിയത്. ആക്രമണത്തിനിടയിൽ മുഹ്സിന്റെ സഹോദരനായ മൻസൂറിനും വെട്ടേറ്റു. കാലിന് ഗുരുതരമായി പരിക്കേറ്റ മൻസൂറിനെ ആദ്യം തലശ്ശേരിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 

click me!