
കോട്ടയം :ചങ്ങനാശേരിയില്‍ മുസ്ലിം പളളി കമ്മിറ്റിക്കെതിരെ ജാതി വിവേചന പരാതി ഉന്നയിച്ച് യുവാവ്. പളളിയുടെ പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ താഴ്ന്ന ജാതിക്കാരന് അവകാശമില്ലെന്ന് കാണിച്ച് പുതൂര്‍പ്പളളി മുസ്ലിം ജമാഅത്ത് നോട്ടീസ് നല്‍കിയെന്നാണ് ആരോപണം.
ചങ്ങനാശേരി നഗരത്തില്‍ സ്ഥിതി ചെയ്യുന്ന പുതൂര്‍പ്പളളി ജുമാ മസ്ജിദിന് ഇരുന്നൂറ് വര്‍ഷത്തിലേറെ പഴക്കമുണ്ട്. പളളിക്ക് സമീപം താമസിക്കുന്ന അനീഷ് സാലി എന്ന യുവാവാണ് പളളി കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ ജാതി വിവേചന പരാതി ഉന്നയിച്ചത്. പളളിയുടെ പൊതുയോഗത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍ തനിക്ക് ലഭിച്ച നോട്ടീസാണ് ജാതിവിവേചനത്തിന് തെളിവായി അനീഷ് ഉയര്‍ത്തിക്കാട്ടുന്നത്. വിവേചനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് അനീഷ് പറയുന്നു.
കൊല്ലത്ത് വീട്ടിൽ നിർത്തിയിട്ട പൾസർ ബൈക്കിന് നട്ടപ്പാതിരയ്ക്ക് തമിഴ്നാട് എംവിഡി പിഴ! 14000 അടക്കണം
എന്നാല്‍ ജാതി വിവേചനം ഉണ്ടായിട്ടില്ലെന്നും വര്‍ഷങ്ങള്‍ പഴക്കമുളള പളളി ഭരണഘടന അനുസരിച്ചാണ് നോട്ടീസ് നല്‍കിയതെന്നും പളളി കമ്മിറ്റി ഭാരവാഹികള്‍ വിശദീകരിക്കുന്നു. പളളിയുടെ ഭരണഘടന ഉയര്‍ത്തിയാണ് പളളി കമ്മിറ്റി മറുപടി നൽകുന്നത്. ഭരണഘടന പ്രകാരം ലബ്ബമാര്‍, മുദ്ദീന്‍, ഒസ്താമാര്‍ എന്നീ വിഭാഗക്കാരെ ജമാ അത്തില്‍ നിന്ന് വേതനം പറ്റുന്ന ജീവനക്കാരായാണ് പരിഗണിച്ചിരിക്കുന്നതെന്നും അതിനാല്‍ ആ വിഭാഗങ്ങളില്‍പ്പെട്ടവരുടെ പിന്‍മുറക്കാരെ പൊതുയോഗത്തില്‍ ഉള്‍പ്പെടുത്താന്‍ വ്യവസ്ഥയില്ലെന്നുമാണ് ഭാരവാഹികളുടെ വാദം. അതേ സമയം എല്ലാവരെയും പൊതുയോഗത്തില്‍ ഉള്‍ക്കൊളളും വിധം ഭരണഘടന പരിഷ്കരിക്കാന്‍ നടപടി തുടങ്ങിയെന്ന് പളളി കമ്മിറ്റിയും വിശദീകരിക്കുന്നു.