മുസ്ലിം സ്ത്രീക്ക് കോടതിക്ക് പുറത്തും വിവാഹ മോചനത്തിന് അവകാശമുണ്ട്: കേരള ഹൈക്കോടതി

By Web TeamFirst Published Apr 14, 2021, 12:03 PM IST
Highlights

പുരുഷകേന്ദ്രീകൃത സമൂഹം നൂറ്റാണ്ടുകളായി മുസ്ലിം സ്ത്രീകളെ കോടതി വ്യവഹാരങ്ങളില്‍ മാത്രം  അടച്ചിട്ടിരിക്കുകയായിരുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി. 

കൊച്ചി: മുസ്ലിം സ്ത്രീക്ക് കോടതിക്ക് പുറത്തും വിവാഹ മോചനത്തിന് അവകാശം ഉണ്ടെന്ന് കേരള ഹൈകോടതി. 49 വർഷം പഴക്കമുള്ള കീഴ് വഴക്കം റദ്ദാക്കിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്.

മുസ്ലിം സ്ത്രീകളുടെ വിവാഹമോചന നിയമം പ്രകാരം മാത്രമേ സ്ത്രീകൾക്ക് വിവാഹ മോചനം സാധ്യമാകൂ എന്ന് 1972 ല്‍  സിംഗിള്‍ബെഞ്ച്  ഉത്തരവിട്ടിരുന്നു. ഇതേതുടർന്നാണ് വിവാഹമോചനത്തിന് കോടതിയെ മാത്രം ആശ്രയിക്കേണ്ട സ്ഥിതി വന്നത്. എന്നാല്‍ ഇത് ഒട്ടേറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച   ഹരജികൾ തീർപ്പാക്കിയാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. 
പുരുഷകേന്ദ്രീകൃത സമൂഹം നൂറ്റാണ്ടുകളായി മുസ്ലിം സ്ത്രീകളെ കോടതി വ്യവഹാരങ്ങളില്‍ മാത്രം  അടച്ചിട്ടിരിക്കുകയായിരുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി. മുത്വലാക്ക് പോലുള്ള നിയമവിരുദ്ധ സംവിധാനങ്ങളടക്കം  പുരുഷൻമാർ വിവാഹ മോചനത്തിനായി ഉപയോഗിച്ചു . എന്നാൽ ഇത്തരം സംവിധാനങ്ങളെന്നും സ്ത്രീകൾക്ക്  അനുവദിച്ചില്ല.. കോടതി മുഖേനയല്ലാതെ സ്ത്രീകള്‍ക്ക്  വിവാഹമോചനം നടക്കില്ല എന്നതാണ് നിലവിലെ അവസ്ഥ. എന്നാല്‍ കോടതിക്ക് പുറത്ത് മുസ്ലിം സ്ത്രീക്ക് വിവാഹമോചനം അനുവദിക്കുന്ന ഒട്ടേറെ മാർഗ്ഗങ്ങൾ നിലവിലുണ്ടെന്ന്  കോടതി ചൂണ്ടിക്കാട്ടി. 

ഭർത്താവുമായുള്ള ബന്ധം വേർപെടുത്താൻ ത്വലാഖ് - എ തഫ്വിസ് മുസ്ലീം സ്ത്രീക്ക് അനുവദനീയമാണ്.  ഏകപക്ഷീയമായി വിവാഹമോചനത്തിന് അവകാശം നൽകുന്നതാണ് ഖുല നിയമം. പരസ്പരസമ്മതത്തോടെ വിവാഹമോചനം നേടാൻ മുബാറാത്ത് രീതിയിലൂടെ അവകാശമുണ്ട്. 

ഖാളിമാരെ പോലുള്ള മൂന്നാംകക്ഷിയുടെ സാന്നിധ്യത്തിൽ  വിവാഹമോചനത്തിന് അനുമതി നൽകുന്നതാണ് ഫസ്ഖ്. ശരീഅത്ത് നിയമ പ്രകാരം ഫസ്ഖ് ഒഴികെ എല്ലാ രീതികളും മുസ്ലിം സ്ത്രീകൾക്ക് വിവാഹമോചനത്തിനായി ബാധകമാക്കാം . ഈ സാഹചര്യത്തിൽ  , കോടതി വഴി മാത്രമേ വിവാഹമോചനം സാധിക്കൂ എന്ന  72 ലെ വിധി നിലനിൽക്കില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. 

click me!