
തിരുവനന്തപുരം: മുതലപ്പൊഴി അപകട പരമ്പരയുടെ സാഹചര്യത്തിൽ ഡ്രഡ്ജിംഗ് പ്രവൃത്തികളുടെ എസ്റ്റിമേറ്റിന് അംഗീകാരം നൽകി ടെൻഡർ നടപടികൾ ആരംഭിച്ച്, പ്രവൃത്തികളെ സംബന്ധിച്ച് കമ്മീഷന് റിപ്പോർട്ട് നൽകണമെന്ന് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന് ന്യൂനപക്ഷ കമ്മീഷൻ നിർദ്ദേശം നൽകി. കമ്മീഷൻ ആസ്ഥാനത്തെ കോർട്ട് ഹാളിൽ നടന്ന ജില്ലാ സിറ്റിങ്ങിൽ ചെയർമാൻ അഡ്വ. എ എ റഷീദാണ് ഹർജികൾ പരിഗണിച്ചത്.
കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ, ഡ്രഡ്ജിംഗ് പ്രവൃത്തികളുടെ എസ്റ്റിമേറ്റിന് അദാനി പോർട്ട്‌സ് അംഗീകാരം നൽകിയിട്ടില്ലെന്ന് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു. ഇതോടെ കമ്മീഷൻ നിർദ്ദേശ പ്രകാരം ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി തുടങ്ങുന്ന മുറയ്ക്ക് എസ്റ്റിമേറ്റ് തുകയായ 2.05 കോടി രൂപ ലഭ്യമാക്കാമെന്ന് അദാനി പോർട്ട്‌സ് അധികൃതർ കമ്മീഷനെ അറിയിച്ചു.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത ഭൂമിയുടെ പൊന്നുംവില ലഭ്യമായില്ലെന്ന കരമന മുസ്ലീം ജമാഅത്ത് ഭാരവാഹികളുടെ പരാതിയിന്മേൽ കക്ഷികൾ ഹാജരാക്കുന്ന രേഖകൾ പരിശോധിച്ച് തീരുമാനം കൈക്കൊള്ളാൻ തിരുവനന്തപുരം റവന്യൂ ഡിവിഷണൽ ഓഫീസർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
നെയ്യാറ്റിൻകര അർബൻ സഹകരണ ബാങ്കിൽ നിന്നും എടുത്ത വായ്പ തിരിച്ചടയ്ക്കുന്നതിന് സാവകാശം ആവശ്യപ്പെട്ടുകൊണ്ട് അമ്പൂരി സ്വദേശി സമർപ്പിച്ച പരാതി പരിഗണിച്ച കമ്മീഷൻ, നിയമാനുസൃതമായ ഇളവുകൾ കക്ഷിക്ക് നൽകാമെന്ന ബാങ്ക് അധികൃതരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ അവസാനിപ്പിച്ചു. പരാതികൾ 9746515133 എന്ന വാട്ട്‌സ് ആപ്പ് നമ്പറിലും സ്വീകരിക്കുന്നതാണെന്ന് ചെയർമാൻ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam