മാരാരിക്കുളത്ത് സർക്കാർ ഭൂമി കൈവശപ്പെടുത്തി മുത്തൂറ്റ് ഗ്രൂപ്പ്; വിലകൊടുത്ത് വാങ്ങിയതെന്ന് റിസോർട്ട് അധികൃതർ

By Web TeamFirst Published Mar 10, 2019, 11:30 AM IST
Highlights

മാരാരിക്കുളം ബീച്ചിനോട് ചേര്‍ന്നാണ് മുത്തൂറ്റ് ഗ്രൂപ്പിന്‍റെ സാന്തേരി പേള്‍ എന്ന റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. ഏക്കറുകണക്കിന് ഭൂമി വാങ്ങി റിസോര്‍ട്ട് നിര്‍മ്മിക്കുന്നതിനിടെ ഒന്നരയേക്കര്‍ സര്‍ക്കാര്‍ കടല്‍പ്പുറമ്പോക്ക് ഭൂമിയും റിസോര്‍ട്ടുകാര്‍ കയ്യേറി അനധികൃതമായ കൈവശം വയ്ക്കുകയായിരുന്നു. 

ആലപ്പുഴ :ആലപ്പുഴ മാരാരിക്കുളത്ത് മുത്തൂറ്റ് ഗ്രൂപ്പിന്‍റെ സാന്തേരി പേള്‍ റിസോര്‍ട്ട്, കോടികള്‍ വില വരുന്ന ഒന്നരയേക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി. മല്‍സ്യത്തൊഴിലാളികള്‍ക്ക് താമസിക്കാന്‍ മാത്രമായി നല്‍കിയ രേഖകളില്ലാത്ത കടല്‍ പുറമ്പോക്ക് ഭൂമിയാണ് റിസോര്‍ട്ട് അനധികൃതമായി കൈവശം വെച്ചിരിക്കുന്നത്. ഭൂമി തിരിച്ചുപിടിക്കാനുള്ള ആലപ്പുഴ സബ്കലക്ടറുടെ ഉത്തരവ് ചേര്‍ത്തല എല്‍ആര്‍ തഹസില്‍ദാര്‍ അട്ടിമറിക്കാനും ശ്രമിച്ചു. 

ആലപ്പുഴയിലെ മാരാരിക്കുളം ബീച്ചിനോട് ചേര്‍ന്നാണ് മുത്തൂറ്റ് ഗ്രൂപ്പിന്‍റെ സാന്തേരി പേള്‍ എന്ന റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. ഏക്കറുകണക്കിന് ഭൂമി വാങ്ങി റിസോര്‍ട്ട് നിര്‍മ്മിക്കുന്നതിനിടെ ഒന്നരയേക്കര്‍ സര്‍ക്കാര്‍ കടല്‍പ്പുറമ്പോക്ക് ഭൂമിയും റിസോര്‍ട്ടുകാര്‍ കയ്യേറി അനധികൃതമായ കൈവശം വയ്ക്കുകയായിരുന്നു. റേഷന്‍കാര്‍ഡിനും വൈദ്യുതി കണക്ഷനും വേണ്ടി മാത്രം മല്‍സ്യത്തൊഴിലാളികള്‍ക്ക് കൊടുത്ത കൈവശ രേഖയുള്ള ഭൂമിയാണ് റിസോര്‍ട്ടധികൃതര്‍ വ്യാപകമായി വാങ്ങിക്കൂട്ടിയത്. 

ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ മാരാരിക്കുളം വടക്ക് വില്ലേജ് ഓഫീസര്‍ 65 ആര്‍സ് ഭൂമി റിസോര്‍ട്ട് അനധികൃതമായി കൈവശം വെച്ചിട്ടുണ്ടെന്ന് അന്വേഷിച്ച്  കണ്ടെത്തി. പിന്നാലെ ചേര്‍ത്തല താലൂക്ക് എല്‍ആര്‍ തഹസില്‍ദാര്‍ ഹിയറിംഗ് നടത്തി ഭൂമി തിരിച്ചുപിടിക്കാന്‍ ഉത്തരവിട്ടു. ഉത്തരവിനെതിരെ റിസോര്‍ട്ടുടമകള്‍ ആലപ്പുഴ സബ്കലക്ടറെ സമീപിച്ചെങ്കിലും ഇക്കഴിഞ്ഞ ജൂണില്‍ അപ്പീല്‍ തള്ളി ഭൂമി തിരിച്ചുപിടിക്കാന്‍ തീരുമാനവുമെടുക്കുകയായിരുന്നു.ഇത് സംബന്ധിച്ച് ഉത്തരവ് ചേര്‍ത്തല എല്‍ആര്‍ തഹസില്‍ദാര്‍ക്ക് കൈമാറുകയും ചെയ്തു. 

എന്നാല്‍ ഭൂമി തിരിച്ചുപിടിക്കാതെ അന്നത്തെ ചേര്‍ത്തല എല്‍ആര്‍ തഹസില്‍ദാര്‍ ടിയു ജോണ്‍ ഒരു മാസത്തിലേറെ ഫയല്‍ പൂഴ്ത്തി വയ്ക്കുകയായിരുന്നു. പിന്നാലെ സബ്കലക്ടര്‍ ഹിയറിംഗ് നടത്തിയെടുത്ത ഉത്തരവ് നിലനില്‍ക്കെ എല്‍ആര്‍ തഹസില്‍ദാര്‍ ചട്ടം ലംഘിച്ച്  വീണ്ടും ഹിയറിംഗ് നടത്തി നിയമം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്തു. ഇതിനിടെ ഹൈക്കോടതിയെ സമീപിച്ച റിസോര്‍ട്ടധികൃതര്‍ ഉത്തരവ് നടപ്പാക്കാതിരിക്കാന്‍ സ്റ്റേ കരസ്ഥമാക്കി. മല്‍സ്യത്തൊഴിലാളികളില്‍ നിന്ന് പണം കൊടുത്ത് വാങ്ങിയ ഭൂമിയാണിതെന്നും കോടതി എന്ത് തീരുമാനിക്കുന്നോ അത് അനുസരിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും റിസോര്‍ട്ട് കമ്പനിയുടെ പ്രതിനിധിയായ മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ബാബുജോണ്‍ വ്യക്തമാക്കുന്നത്.

click me!