മുത്തൂറ്റ് കേരളത്തിലെ 15 ശാഖകൾ നിര്‍ത്തുന്നു; പ്രശ്ന പരിഹാരത്തിനായി ഇന്ന് ചര്‍ച്ച

By Web TeamFirst Published Sep 4, 2019, 9:17 AM IST
Highlights

എറണാകുളം കതൃക്കടവ്, പനങ്ങാട്, കങ്ങരപ്പടി, പൊന്നാരിമംഗലം, തിരുവനന്തപുരം ഉള്ളൂര്‍, പെരിങ്ങമല, പുനലൂര്‍, കൊട്ടാരക്കര, ഭരണിക്കാവ്, തെങ്ങണ,കുമളി കൊളുത്ത് പാലം, പതിരിപാല, പാലക്കാട് സുല്‍ത്താന്‍പേട്ട, കോട്ടക്കല്‍ ചങ്കുവെട്ടി,മലപ്പുറം എന്നീ ശാഖകളാണ് നിര്‍ത്തുന്നത്. 

തിരുവനന്തപുരം: കേരളത്തിലെ 15 ശാഖകൾ നിർത്താൻ മുത്തൂറ്റ് ഫിനാൻസ് തീരുമാനം. പത്രപരസ്യത്തിലൂടെയാണ് മുത്തൂറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ ശാഖകളിൽ ഇന്ന് മുതൽ സ്വർണ പണയത്തിൻമേൽ വായ്പ നൽകില്ല. ശാഖകൾ പൂട്ടുന്നതിന്‍റെ കാരണം പരസ്യത്തിൽ വ്യക്തമാക്കിയിട്ടില്ല. എറണാകുളം കതൃക്കടവ്, പനങ്ങാട്, കങ്ങരപ്പടി, പൊന്നാരിമംഗലം, തിരുവനന്തപുരം ഉള്ളൂര്‍, പെരിങ്ങമല, പുനലൂര്‍, കൊട്ടാരക്കര, ഭരണിക്കാവ്, തെങ്ങണ,കുമളി കൊളുത്ത് പാലം, പതിരിപാല, പാലക്കാട് സുല്‍ത്താന്‍പേട്ട, കോട്ടക്കല്‍ ചങ്കുവെട്ടി,മലപ്പുറം എന്നീ ശാഖകളാണ് നിര്‍ത്തുന്നത്.  പണയം വച്ച വസ്തുക്കള്‍ തിരിച്ചെടുത്ത് വായ്പ തീര്‍ക്കാന്‍ ഇടപാടുകാര്‍ക്ക് മൂന്ന് മാസത്തെ സമയമുണ്ടെന്നാണ് അറിയിപ്പ്. 

അതേസമയം മുത്തൂറ്റ് സമരം സങ്കീർണമാകുന്ന സാഹചര്യത്തിൽ പ്രഴ്നപരിഹാരത്തിനായി ഇന്ന് തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണന്‍റെ നേതൃത്വത്തിൽ ചർച്ച നടക്കും. വൈകീട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് വച്ചാണ് ചർച്ച. തൊഴിലാളി സംഘടനാ പ്രതിനിധികളും മൂത്തൂറ്റ് ഫിനാൻസ് പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും. 

മുൻകാല ചർച്ചകളിലെ തീരുമാനങ്ങൾ മാനേജ്മെന്‍റെ നടപ്പിലാക്കാത്തത് കൊണ്ടാണ് സമരമെന്നാണ് തൊഴിലാളികളുടെ പക്ഷം. അർഹിക്കുന്ന ആനുകൂല്യങ്ങൾ നൽകുന്നുണ്ടെന്നും സമരം സ്ഥാപനത്തെ തകർക്കാനാണ് എന്നുമാണ് മാനേജ്മെന്‍റ് നിലപാട്. സമരം തുടരുകയാണെങ്കിൽ കേരളത്തിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് മാനേജ്മെന്‍റ് അറിയിച്ചിരുന്നു. 

ജോലി ചെയ്യാൻ തയ്യാറായ ജീവനക്കാരെ സമരക്കാർ തടയുന്നുവെന്ന് ആരോപിച്ച് ഇന്നലെ മുത്തൂറ്റ് ഫിനാൻസ് എംഡി  ജോർജ്ജ്  അലക്സാണ്ടർ കൊച്ചിയിലെ ഹെഡ് ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. 

click me!